

ബിഹാറിലെ മധേപുരയിലുള്ള സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് 70-ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധേപുര പോലീസ് സ്റ്റേഷൻ പരിധിയിലെ സാഹുഗഡ് ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച ഉച്ചഭക്ഷണം കഴിച്ച 70 ഓളം വിദ്യാർത്ഥികൾക്ക് ഛർദ്ദിയും വയറുവേദനയും ബാധിച്ചതിനെ തുടർന്ന്, അധ്യാപകർ ആംബുലൻസും മറ്റ് സ്വകാര്യ വാഹനങ്ങളും വിളിച്ച് അവരെ സർദാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പാരസ് അഗ്രോ എന്ന സന്നദ്ധ സംഘടന വഴിയാണ് ഉച്ചഭക്ഷണം സ്കൂളിലേക്ക് വിതരണം ചെയ്യുന്നത്. ഭക്ഷണത്തിൽ പല്ലി വീണിരിക്കാമെന്നാണ് പ്രദേശവാസികൾ വിലയിരുത്തുന്നത്. സംഭവം പുറത്തായതോടെ സ്കൂൾ ഭരണകൂടം വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് മാതാപിതാക്കൾ ആശുപത്രിയുടെ മുൻപിൽ തടിച്ചുകൂടുകയും, ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും, ഡോക്ടർമാരുമായും മാതാപിതാക്കളുമായും സംസാരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കെല്ലാം ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും, പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഡിഇഒ മാതാപിതാക്കളോട് പറഞ്ഞു. സംഭവത്തിൽ സമഗ്രമായി അന്വേഷണം ഉണ്ടാകുമെന്നും, ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിഇഒ ഉറപ്പ് നൽകി.
English Summary: About 70 students in Bihar’s Madhepura were hospitalised after vomiting and stomach pain following a school midday meal.