ടിഎംസി വിമതർക്ക് കനത്ത തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതാവ് നിയമനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി

മത പക്ഷ നേതാവ് ശോഭൻദേബ് ചട്ടോപാധ്യായ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക വിധി.
ടിഎംസി വിമതർക്ക് കനത്ത തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതാവ് നിയമനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി
Published on: 

വിമത തൃണമൂൽ കോൺഗ്രസ് വിഭാഗത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട്, പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ നിയമിച്ച നടപടി കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. എംഎൽഎ അഖ്റുസ്സമാനെ ചീഫ് വിപ്പായി നിയമിച്ച ബംഗാൾ സ്പീക്കറുടെ തീരുമാനവും ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ച് റദ്ദാക്കി.

സ്പീക്കറുടെ തീരുമാനം നിയമപരമായി നിലനിൽക്കാത്തതാണ് എന്ന് വിശേഷിപ്പിച്ച ഹൈക്കോടതി, പ്രതിപക്ഷ നേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള മമത ബാനർജി പക്ഷത്തിന്റെ അവകാശവാദങ്ങൾ പുനഃപരിശോധിക്കാൻ സ്പീക്കർ രതീന്ദ്ര ബോസിന് നിർദേശം നൽകി. ഇതുസംബന്ധിച്ച് 10 ദിവസത്തിനുള്ളിൽ യുക്തിസഹമായ പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി. മാതൃപാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായ തന്നെ മറികടന്ന് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് മമത പക്ഷ നേതാവ് ശോഭൻദേബ് ചട്ടോപാധ്യായ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക വിധി.

കഴിഞ്ഞ മെയിൽ നടന്ന പശ്ചിമ ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചതോടെയാണ് പ്രതിസന്ധികൾക്ക് തുടക്കമായത്. 1999ൽ കോൺ​ഗ്രസിൽ നിന്ന് വിഘടിച്ച് ടിഎംസി രൂപീകരിച്ചതിന് ശേഷം പാർട്ടി നേരിട്ട ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്നു ഇത്. മെയ് ആറിന് ചേർന്ന നിയമസഭാ കക്ഷി യോ​ഗത്തിൽ തന്നെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരുന്നുവെന്ന് ശോഭൻദേബ് ചട്ടോപാധ്യായ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഋതബ്രത ബാനർജി ഉൾപ്പെടെ ഏകദേശം 70 എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കുകയും പ്രമേയത്തിൽ ഒപ്പിടുകയും ചെയ്തതായും, തുടർന്ന് മേയ് 9-ന് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഇക്കാര്യം സ്പീക്കറെ അറിയിച്ചതായും ഹർജിയിൽ പറയുന്നു.

ടിഎംസി വിമതർക്ക് കനത്ത തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതാവ് നിയമനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി
ലോക്സഭാ സീറ്റുകള്‍ 50% വര്‍ധിപ്പിക്കും; സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം 2051 വരെ മാറ്റില്ല

എന്നാൽ, മുൻ ഇടതുപക്ഷ നേതാവായിരുന്ന ഋതബ്രത ബാനർജി പിന്നീട് പ്രമേയത്തിലെ ഒപ്പുകൾ വ്യാജമാണെന്ന് ആരോപിച്ച് സ്പീക്കർക്ക് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് അവിഭക്ത ടിഎംസിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അഭിഷേക് ബാനർജിക്കെതിരെ കേസെടുക്കാൻ സ്പീക്കർ പൊലീസിന് നിർദ്ദേശം നൽകി. ദിവസങ്ങൾക്കുള്ളിൽ, ആകെയുള്ള 80 എംഎൽഎമാരിൽ 59 പേർ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ പാർട്ടിയിൽ നിന്ന് വിഘടിച്ച് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്ന പുതിയ വിഭാഗത്തിന് രൂപം നൽകി. കൃത്യമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ടിഎംസി കെട്ടിപ്പടുത്തതെന്ന വസ്തുത ഈ പിളർപ്പിന് ആക്കം കൂട്ടി.

ആദ്യമായി എംഎൽഎയായ ഋതബ്രത ബാനർജി തന്റെ വിഭാഗമാണ് യഥാർത്ഥ ടിഎംസി എന്ന് അവകാശപ്പെട്ട് തന്നെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് സ്പീക്കർക്ക് അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 3-ന് സ്പീക്കർ രതീന്ദ്ര ബോസ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായും അഖ്റുസ്സമാനെ ചീഫ് വിപ്പായും നിയമിച്ചത്.

ബം​ഗാളിലെ പിളർപ്പിനൊപ്പം തന്നെ ഡൽഹിയിലും ടിഎംസിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. പാർട്ടിയുടെ 20 ലോക്സഭാ എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ എന്ന ചെറിയ പാർട്ടിയിൽ ലയിക്കുകയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവ് സ്ഥാനത്തിനായുള്ള നിയമപോരാട്ടം

കൊൽക്കത്തയിൽ ഋതബ്രത ബാനർജിയുടെ നിയമനത്തെ ചോദ്യം ചെയ്താണ് ശോഭൻദേബ് ചട്ടോപാധ്യായ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈയിൽ, ഹൈക്കോടതിയുടെ ഒരു ഡിവിഷൻ ബെഞ്ച് ഋതബ്രത ബാനർജിക്കും അഖ്റുസ്സമാനും രണ്ട് മാസത്തേക്ക് ഇടക്കാല അടിസ്ഥാനത്തിൽ തങ്ങളുടെ സ്ഥാനങ്ങളിൽ തുടരാൻ അനുമതി നൽകിയിരുന്നു.

എന്നാൽ ഒക്ടോബർ 18-ന് ഈ കാലാവധി അവസാനിച്ചതോടെ, ഇരുവർക്കും ആ സ്ഥാനങ്ങളിൽ തുടരാൻ നിയമപരമായ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ശോഭൻദേബ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായ അധികാരമില്ലാതിരുന്നിട്ടും പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇരുവരും തുടർന്നും അനുഭവിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മറുവശത്ത്, ടിഎംസിയുടെ പ്രശസ്തമായ 'ജോറ ഘാസ് ഫുൽ' (ഇരട്ട പുഷ്പം) ചിഹ്നം ഏത് വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന തർക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്ന് ഋതബ്രതയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് കർ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ടിഎംസി വിമതർക്ക് കനത്ത തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതാവ് നിയമനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി
വായുമലിനീകരണത്തിൽ ഡൽഹിയേക്കാൾ മുൻപിൽ ശ്രീനഗർ; എക്യുഐ 354-ൽ

എന്നാൽ ഈ വാദങ്ങൾ തള്ളിക്കളഞ്ഞ കൊൽക്കത്ത ഹൈക്കോടതി, ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതാവ് നിയമനം റദ്ദാക്കുകയായിരുന്നു. ഈ തർക്കത്തിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കാൻ സുപ്രീം കോടതി നേരത്തെ ഹൈക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ശോഭൻദേബ് ചട്ടോപാധ്യായയുടെ അഭിഭാഷകൻ ശ്രീസർണോ ബാനർജി, പുതിയ പ്രതിപക്ഷ നേതാവിനെ 10 ദിവസത്തിനുള്ളിൽ തീരുമാനിക്കാൻ കോടതി സ്പീക്കറോട് നിർദ്ദേശിച്ചതായി സ്ഥിരീകരിച്ചു. ഡിസംബർ 4-ന് നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കാനിരിക്കെ, അടുത്ത പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള സ്പീക്കറുടെ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാകും.

Summary

In a major setback to the rebel Trinamool Congress (TMC) faction, the Calcutta High Court on Friday quashed the appointment of Ritabrata Banerjee as the Leader of the Opposition (LoP) in the West Bengal Assembly, along with Akkhruzzaman's appointment as chief whip. Acting on a petition by Mamata Banerjee faction leader Sobhandeb Chattopadhyay, Justice Krishna Rao termed Speaker Rathindra Bose's June 3 decision "unsustainable" and directed him to reconsider the parent party's claims and issue a fresh order within 10 days, ahead of the winter session starting December 4.