

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൂഴ്‌ത്തിവെയ്പ്പും കരിഞ്ചന്തയും വ്യാപകമാകുന്നു. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ബവാനയിൽ സിലിണ്ടറുകൾ അനധികൃതമായി സംഭരിച്ച് വിൽപന നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 75 സിലിണ്ടറുകൾ പിടിച്ചെടുത്തത്. സംഘത്തിലെ മുഖ്യ പ്രതി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബവാന ജില്ലാ പാർക്കിന് സമീപം പിക്കപ്പ് ട്രക്ക് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ആദ്യം 27 സിലിണ്ടറുകൾ കണ്ടെത്തിയത്. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതോടെ ഫാക്ടറി പരിസരത്തെ ഷെഡിൽ ഒളിപ്പിച്ചിരുന്ന 48 സിലിണ്ടറുകൾ കൂടി പൊലീസ് കണ്ടെടുത്തു. യാതൊരു സുരക്ഷാ മുൻകരുതലുകളും മതിയായ രേഖകളും ഇല്ലാതെയാണ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.
പശ്ചിമേഷ്യയിൽ അമേരിക്ക,ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുകയും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിടുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്തെ നിലവിലെ എൽപിജി പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ഈ വിതരണ ശൃംഖലയിലെ പാളിച്ചകൾ മുതലെടുത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ കരിഞ്ചന്തയും പൂഴ്‌തിവയ്പ്പും വർധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
English Summary: Delhi police seized 75 illegal LPG cylinders in Bawana amid rising gas shortage and black market activities linked to global fuel supply disruptions