

പശ്ചിമ ബംഗാളിലെ കശാപ്പ് വ്യവസായത്തെ ആശങ്കയിലാഴ്ത്തി സുവേന്ദു അധികാരി നയിക്കുന്ന ബിജെപി സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍. കശാപ്പുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായ മേഖല തന്നെ സ്തംഭനാവസ്ഥയില്‍ ആണെന്നാണ് ഈ മേഖലയില്‍ ഉള്ളവരെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിപണിയുടെ ഭാവിയില്‍ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ ആശങ്കയും ഭയവും നിഴലിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
1950-ലെ സംസ്ഥാന മൃഗ കശാപ്പ് നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കുമെന്നായിരുന്നു അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ നടപടികളിലൊന്നായി ബംഗാളിലെ ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇത് പ്രകാരം 14 വയസ്സും അതില്‍ കൂടുതലുമുള്ള ഒരു മൃഗത്തെ മാത്രമേ നിയമപരമായി കശാപ്പ് ചെയ്യാന്‍ കഴിയൂ. മൃഗത്തിന് മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്ത് സമിതിയുടെയോ തലവനും സര്‍ക്കാര്‍ വെറ്ററിനറി സര്‍ജനും നല്‍കുന്ന സംയുക്ത സര്‍ട്ടിഫിക്കറ്റ് 'കശാപ്പിന് അനുയോജ്യം' എന്ന് പ്രഖ്യാപിക്കുകയും വേണം.
ഇത്തരം നടപടികള്‍ വ്യവസായ മേഖലയെ പ്രതികുലമായി ബാധിക്കുന്നതാണെന്നാണ് പൊതുവില്‍ ഉയരുന്ന ആക്ഷേപം. നിബന്ധനകള്‍ കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോും മൃഗത്തിന്റെ പ്രായം നിര്‍ണ്ണയിക്കുന്നതിനോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനോ ഒരു സംവിധാനവും നിലവില്‍ ഇല്ലെന്നതാണ് ബംഗാളിലെ സാഹചര്യം.
എന്നാല്‍, ബിജെപി സര്‍ക്കാര്‍ ഇത്തരം വിഷയങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ പശ്ചാത്തലത്തില്‍ ബംഗാളിലെ സാഹചര്യങ്ങള്‍ കടുത്ത ആശങ്ക നേരിടുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാപാരികള്‍ ഭൂരിഭാഗവും അറവുശാലകളുടെ പ്രവര്‍ത്തനം നിജപ്പെടുത്തുകയാണ് നിലവില്‍ ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ ബീഫ് വില കുത്തനെ വര്‍ധക്കുകയും ചെയ്തിട്ടുണ്ട്. കിലോയ്ക്ക് 280 രൂപ ഉണ്ടായിരുന്ന ബീഫ് വില ഇതിനോടകം 600 രൂപയിലേക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്.
കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി, ഗോമാംസം കഴിക്കാനും അറവുശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും അനുവാദമുള്ള രാജ്യത്തെ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് പശ്ചിമ ബംഗാള്‍. ഈ വിപണിയെ ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നത്.
വായ്പയെടുത്തും മറ്റും മാടുകളെ വാങ്ങി വളര്‍ത്തുന്ന ചെറുകിട കര്‍ഷകര്‍ക്ക് ഇവയെ വില്‍ക്കാന്‍ കഴിയില്ലെന്ന സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയിലാണ്. വില്‍പന വൈകുന്നത് ചെലവ് വര്‍ധിക്കാനും ഇടയാക്കുന്നത് ദൈന്യദിന ജീവിതത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് കര്‍ഷകരെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മാടുകളുടെ വില്‍പ്പന കുറയുമ്പോള്‍, സംസ്ഥാനത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ കൊല്‍ക്കത്തയിലെ രാജബസാറിലെ ആട്, ചെമ്മരിയാട് വിപണിയില്‍ തിരക്ക് വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എല്ലാ മൃഗങ്ങള്‍ക്കും കശാപ്പിന് ഔദ്യോഗികമായി വെറ്ററിനറി പരിശോധനകള്‍ ആവശ്യമാണെങ്കിലും, ആടുകളുടെയും കാര്യത്തില്‍ ഇത് വളരെക്കുറച്ചേ നടപ്പിലാക്കുന്നുള്ളു എന്നതാണ് ഈ മാറ്റത്തിന് കാരണം. പല വിധത്തില്‍ 'സുരക്ഷിത ഓപ്ഷന്‍' എന്ന നിലയില്‍ ആണ് ആട് വിപണിയുടെ വളര്‍ച്ചയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കശാപ്പ് വിപണിയിലെ ആശങ്ക പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് ഇതിനോടകം ആവശ്യവും ശക്തമായിട്ടുണ്ട്. ആവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് പഞ്ചായത്ത് തലത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐഎസ്എഫ്) നേതാവും ഭംഗര്‍ എംഎല്‍എയുമായ നൗഷാദ് സിദ്ദിഖി മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് കത്ത് നല്‍കിക്കഴിഞ്ഞു. കന്നുകാലി വ്യാപാരം തടയുന്ന നോട്ടീസ് മൂലം ഹിന്ദു, മുസ്ലീം സമുദായങ്ങളിലെ അംഗങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നു എന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഇതിന് പുറമെ, 1950-ലെ പശ്ചിമ ബംഗാള്‍ മൃഗ കശാപ്പ് നിയന്ത്രണ നിയമത്തിലെ സെക്ഷന്‍ 12 മതപരമായ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെന്നും നൗഷാദ് സിദ്ദിഖി ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ബലി പെരുന്നാള്‍ ആഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ തടമാകരുതെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കന്നുകാലി കച്ചവടക്കാര്‍ക്ക് ഉയര്‍ന്ന ലാഭം ലഭിക്കാവുന്ന സമയമാണ് പെരുന്നാള്‍ വിപണി. ഒരു മാടിന് 70,000-80,000 രൂപ വരെ ലഭിക്കുന്ന സമയാണിത്. എന്നാല്‍ ഇപ്പോള്‍ 14 വയസ്സിന് മുകളിലുള്ള മൃഗങ്ങളെ മാത്രമേ കശാപ്പിനായി വില്‍ക്കാന്‍ കഴിയൂ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. പക്ഷേ തന്റെ പക്കലുള്ള കന്നുകാലികളുടെ കൃത്യമായ പ്രായം കണക്കാക്കുന്നതിന് ഉള്‍പ്പെടെ ഒരു മാര്‍ഗവും നിലവിലില്ല. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എനിക്ക് എവിടെ നിന്ന് ലഭിക്കുമെന്നതിനെ കുറിച്ചും ധാരണയില്ലെന്നും കര്‍ഷകര്‍ പറയുന്നു.
English Sumamry: The standards introduced by the BJP government led by Suvendu Adhikari have sparked concerns within West Bengal’s slaughter industry. Reports citing people from the sector say the industry has come to a standstill following the directives issued by the Bengal government regarding slaughter practices. Traders and workers are also said to be worried and uncertain about the future of the market.