നേപ്പാളിൽ‌ മിന്നൽ പ്രളയം; 66 മരണം, ഇന്ത്യക്കാരടക്കം 400ലധികം പേരെ കാണാ‌തായി

കാണാതായവരിൽ 105 പേർ ഇന്ത്യക്കാരാണെന്ന് നേപ്പാൾ ടൂറിസം അധികൃതർ അറിയിച്ചു
നേപ്പാളിൽ‌ മിന്നൽ പ്രളയം; 66 മരണം, ഇന്ത്യക്കാരടക്കം 400ലധികം പേരെ കാണാ‌തായി
Published on

നേപ്പാളിലെ റസുവ ജില്ലയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ മിന്നൽപ്രളയത്തിൽ 66 പേർ മരിച്ചതായി റിപ്പോർട്ട്. നൂറിലേറെ ഇന്ത്യക്കാരടക്കം 400 ലധികം പേരെ പ്രളയത്തിൽ കാണാതായതായാണ് പുറത്തുവരുന്ന വിവരം. ടിബറ്റൻ അതിർത്തിയോട് ചേർന്ന റസുവയിലാണ് വൻ നാശനഷ്ടമുണ്ടായത്.

മിന്നൽ പ്രളയത്തിൽ നിരവധി ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒഴുകിപ്പോയി. നേപ്പാളിലെ പന്ത്രണ്ടോളം ജലവൈദ്യുത പദ്ധതികൾക്കും പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാണാതായവരിൽ 105 പേർ ഇന്ത്യക്കാരാണെന്ന് നേപ്പാൾ ടൂറിസം അധികൃതർ അറിയിച്ചു. ഇതിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് വ്യക്തമല്ല. ആകെ 291 വിദേശികളെയാണ് കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിൽനിന്ന് ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന നദികളിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സ്ഥിതിഗതികൾ വിലയിരുത്തി.

നേപ്പാളിൽനിന്ന് ബിഹാറിലേക്ക് ഒഴുകിയെത്തുന്ന ഗണ്ഡക്, കോസി തുടങ്ങിയ പ്രധാന നദികളിലാണ് അധികൃതരുടെ പ്രത്യേക ശ്രദ്ധ. ഹിമാലയത്തിലും ടിബറ്റിലും ഉത്ഭവിക്കുന്ന ഈ നദികൾ ഇന്ത്യൻ സമതലങ്ങളിലേക്ക് പ്രവേശിക്കുന്നതിനാൽ അധിക ജലപ്രവാഹം പ്രളയസാധ്യത വർധിപ്പിക്കുമെന്നാണ് ആശങ്ക.

അതേസമയം, നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ മോദി, നേപ്പാൾ ജനതയ്‌ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ തയ്യാറാണെന്നും അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ സംഘങ്ങളുടെ പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, കാണാതായ ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി നേപ്പാളിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്: +977 985 131 6807, +977 970 910 7500.

Madism Digital
madismdigital.com