

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുന്നത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. നിലവില്‍ പെട്രോള്‍ ലിറ്ററിന് ഏകദേശം 18 രൂപയും ഡീസലിന് 35 രൂപയോളം നഷ്ടമുണ്ടാകുന്നുവെന്നാണ് വിലയിരുത്തല്‍.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീട് ഇത് താഴ്ന്ന് ഏകദേശം 95 മുതല്‍ 100 ഡോളര്‍ വരെയാണ് വ്യാപാരം നടക്കുന്നത്. ഇന്ധനവില നിശ്ചയിക്കുന്ന അധികാരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കമ്പനികള്‍ക്ക് കൈമാറിയിരുന്നുവെങ്കിലും, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ 2022 ഏപ്രില്‍ മുതല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
കഴിഞ്ഞ മാസം എണ്ണവില ഉയര്‍ന്ന തോതിൽ എത്തിയപ്പോള്‍ ഈ മൂന്ന് കമ്പനികളും ചേര്‍ന്ന് പ്രതിദിനം ഏകദേശം 2,400 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചതോടെ ഈ നഷ്ടം ഏകദേശം 1,600 കോടി രൂപയായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ക്രൂഡ് ഓയില്‍ വില ബാരലിന് ഓരോ ഡോളര്‍ ഉയര്‍ന്നാലും ലിറ്ററിന് ഏകദേശം 6 രൂപയുടെ അധിക നഷ്ടം കമ്പനികള്‍ക്ക് ഉണ്ടാകുന്നുവെന്നാണ് കണക്കുകള്‍. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ആവശ്യകതയില്‍ ഏകദേശം 88 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതിനിടെ, പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതിനുശേഷം ഇന്ധനവിലയില്‍ വര്‍ധന ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
English Summary: Global crude oil prices remain high while fuel prices in India stay unchanged, leading to heavy losses for public sector oil companies. Petrol and diesel are reportedly sold at significant per-litre losses, while import dependence and tax adjustments continue to impact the sector. Despite earlier excise duty cuts, consumer prices have not changed, and a potential price hike is expected after elections