കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം കടുപ്പിച്ച് 'ഇന്ത്യ' സഖ്യം സംഘടിപ്പിച്ച ചലോ ദില്ലി മാർച്ച് രാജ്യതലസ്ഥാനത്ത് വൻ ജനമുന്നേറ്റമായി മാറി. കൊണാട്ട് പ്ലേസ്-ബരാഖംബ റോഡ് ജങ്ഷന് സമീപം ഒത്തുകൂടിയ ആയിരക്കണക്കിന് പ്രവർത്തകരും മുതിർന്ന നേതാക്കളും പ്രക്ഷോഭത്തിൽ അണിനിരന്നതോടെ കൊണാട്ട് പ്ലേസിനും മാണ്ഡി ഹൗസിനും ഇടയിലുള്ള പ്രദേശം പ്രതിഷേധക്കടലായി മാറി. ക്രമസമാധാന പാലനത്തിനായി ഡൽഹിയിലുടനീളം കനത്ത സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരുന്നത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് സുപ്രിം കോടതിയിലേക്കുള്ള മാർച്ച് നടന്നത്. പ്രിയങ്ക ഗാന്ധി, ഐസ നേതാവ് നേഹ ബോറ തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പം മുൻനിരയിൽ തന്നെ മാർച്ചിൽ പങ്കെടുത്തു. പ്രതിപക്ഷ പാർട്ടികളിലെ ആയിരക്കണക്കിന് പ്രവർത്തകരും നേതാക്കളും ഒപ്പമുണ്ടായിരുന്നു. എന്നാൽ അല്പം മുന്നോട്ട് നീങ്ങിയ മാർച്ചിനെ ബാരിക്കേഡുകൾ നിരത്തി ഡൽഹി പൊലീസ് തടഞ്ഞു.
മാർച്ച് തടഞ്ഞതോടെ തുറന്ന ട്രക്കിന് മുകളിൽ കയറി രാഹുൽ ഗാന്ധിയും മറ്റ് മുതിർന്ന നേതാക്കളും പ്രവർത്തകരെ അഭിസംബോധന ചെയ്തു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളും രാഹുലിനൊപ്പം വാഹനത്തിന് മുകളിലുണ്ടായിരുന്നു. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായുമാണ് മാർച്ച് സംഘടിപ്പിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിലെ പ്രധാന പാതകളിൽ വലിയ തോതിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
അതേസമയം, മാർച്ച് ഡൽഹി പൊലീസ് തടഞ്ഞെങ്കിലും അപ്രതീക്ഷിത നീക്കങ്ങളിലൂടെ എട്ട് ഇൻഡ്യ മുന്നണി നേതാക്കൾ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് പരാതി കൈമാറി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കൾ പരമോന്നത കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വോട്ടർപട്ടികയിലെ തിരിമറികൾക്ക് പുറമെ, സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങളെക്കുറിച്ചും ഹർജിയിൽ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. മാർച്ചിനിടെ രാഹുൽ ഗാന്ധിയുടെ അഭിഭാഷക സംഘം അദ്ദേഹത്തിനും മറ്റ് പ്രതിപക്ഷ നേതാക്കൾക്കും വേണ്ടി ഓൺലൈനായി ഹർജി ഫയൽ ചെയ്യുകയായിരുന്നു. രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, സൗഗത റോയി, അഖിലേഷ് യാദവ്, ത്വേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവത്ത്, എം എ ബേബി, ഡി രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ ടി മുഹമ്മദ് ബഷീർ എന്നിവരാണ് ഹർജിക്കാർ.
അതിനിടെ, വോട്ടർപട്ടിക പുതുക്കലിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ സമയം ചോദിച്ച ഇന്ത്യാ സഖ്യം നേതാക്കളുടെ അഭ്യർത്ഥന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരസിച്ചിരുന്നു. ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന വിഷയം ഇതിനകം തന്നെ സുപ്രിം കോടതിയുടെ പരിഗണനയിലുള്ളതായതിനാലാണ് കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്.
പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവുകൾ നിലനിൽക്കെത്തന്നെ ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ വീണ്ടും അടച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ സുപ്രിം കോടതി പരിസരത്തും ജന്തർ മന്ദിറിലേക്കുള്ള പ്രധാന വഴികളിലുമായി മുപ്പത്തയ്യായിരത്തോളം പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയുമാണ് വിന്യസിച്ചിരിന്നത്. മേഖലയിൽ നിരോധനാജ്ഞ തുടരുകയാണ്. സംഘർഷ സാധ്യതയും അനിയന്ത്രിതമായ ജനക്കൂട്ടത്തെയും തടയുന്നതിനായി നഗരത്തിലെ 37 പ്രധാന കേന്ദ്രങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് ഗതാഗതവും പൊതുജന സഞ്ചാരവും കർശനമായി നിയന്ത്രിക്കുകയാണ്.
The INDIA bloc, led by Lok Sabha Leader of Opposition Rahul Gandhi and other senior leaders, concluded its 'Delhi Chalo' march to the Supreme Court protesting against Chief Election Commissioner Gyanesh Kumar. Amid heavy barricading and massive rallies in Delhi, Rahul Gandhi formally filed an online petition at the Supreme Court.