

അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ് സേനയുമായി മുഖാമുഖം വന്ന സാഹചര്യമുണ്ടെന്ന് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ (ഐടിബിപി) ഡയറക്ടര്‍ ജനറലിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മേഖലയില്‍ ഇരു സേനകളും തമ്മില്‍ മുഖാമുഖം വരുന്ന സാഹചര്യം ഉണ്ടായെന്നായിരുന്നു ഐടിബിപി ഡയറക്ടര്‍ ജനറല്‍ ശത്രൂജീത് കപൂറിന്റെ പ്രതികരണം. ഇക്കഴിഞ്ഞ ജൂലായ് മുതല്‍ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതാണ് പുതിയ പ്രതികരണം.
ഐടിബിപിയുടെ കമാന്‍ഡോകള്‍ ചൈനീസ് സേനയെ തടയാന്‍ നിരന്തരം പ്രവര്‍ത്തിച്ച് വരികയാണ്. ശൗര്യ കമാന്‍ഡോസ് അതിര്‍ത്തിയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. എന്നാല്‍ ആസന്ന ഭാവിയില്‍ അതിര്‍ത്തിയില്‍ ശൗര്യ കമാന്‍ഡോസിന്റെ കരുത്ത് കാണിക്കും വിധത്തിലുള്ള വിന്യാസം അതിര്‍ത്തികളില്‍ നടത്തേണ്ടതുണ്ടെന്നും ഐടിബിപി ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
ഐടിബിപി ഡയറക്ടര്‍ ജനറലുടെ പ്രതികരണം രാജ്യത്ത് പുതിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ദ ഹിന്ദു ജൂലായില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം അരുണാചല്‍ പ്രദേശിലെ ടാക്സിങിന് സമീപം രണ്ട് സൈനകളും മുഖാമുഖം എത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിയന്ത്രണ രേഖയില്‍ നിന്നും ആറ് - എഴ് കിലോമീറ്ററുകള്‍ ഉള്ളിലേക്ക് കടന്ന് ചൈനീസ് ആര്‍മി ടെന്റുകള്‍ സ്ഥാപിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഏകദേശം ഇതേ കാലയളവില്‍ മാജ എന്ന പ്രദേശത്തും ഇരുസേനകളും മുഖാമുഖം വരികയും ചെറിയ സംഘര്‍ഷത്തിന് ഇടവരികയും ചെയ്തിരുന്നു. സംഭവങ്ങള്‍ക്ക് പിന്നാലെ ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ്
ഐടിബിപി ഡയറക്ടര്‍ ജനറലിന്റെ വെളിപ്പെടുത്തല്‍ രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ സംബന്ധിച്ച് അശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണം എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. സാഹചര്യങ്ങള്‍ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതാണ് ഐടിബിപി ഡയറക്ടര്‍ ജനറലിന്റെ വെളിപ്പെടുത്തല്‍.
'ഡോക്ലാമിനും ഗല്‍വാനും ശേഷം, മറ്റൊരു ഗുരുതരമായ ഏറ്റുമുട്ടല്‍ കൂടി ഉടലെടുക്കുകയാണോ എന്ന ചോദ്യലും ഖാര്‍ഗെ എക്സ് പോസ്റ്റില്‍ ഉയര്‍ത്തുന്നു. ഓഗസ്റ്റില്‍ ടാക്സിങിന് സമീപം ചൈനീസ് നുഴഞ്ഞുകയറ്റം നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംഭവസ്ഥലത്തുനിന്ന് 180 കിലോമീറ്റര്‍ മാത്രം അകലെയുള്ള വാച്ച-ദാമൈയില് കോര്‍പ്സ് കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്ന് 47 ദിവസം പിന്നിട്ടിട്ടും, സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഇന്ത്യയുടെ പട്രോളിംഗ് അവകാശങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടുണ്ടോ? അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്തുകൊണ്ടാണ് രാജ്യത്തെ ഇക്കാര്യങ്ങള്‍ അറിയിക്കാതെ ഇരുട്ടില്‍ നിര്‍ത്തുന്നതെന്നും ഖാര്‍ഗെ ചോദിക്കുന്നു. .
'ഗല്‍വാനില്‍ 20 ഇന്ത്യന്‍ ജവാന്മാര് കൊല്ലപ്പെട്ട സംഘര്‍ഷത്തിന് ശേഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതി 102 ശതമാനം വര്‍ദ്ധിച്ചു. അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 155 ശതമാനം വര്‍ധിച്ച് 112.16 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യന്‍ കയറ്റുമതിക്ക് ചൈന തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പോലും സമ്മതിക്കുന്നുണ്ട്. എന്നിട്ടും, ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കുകയും, ചൈനയുമായി ബന്ധമുള്ള സംരംഭങ്ങള്‍ക്ക് 'പിഎല്‍ഐ' ആനുകൂല്യങ്ങള്‍ നല്‍കുന്നത് പരിഗണിക്കുകയും ചെയ്യുന്നു. 'മേക്ക് ഇന്‍ ഇന്ത്യ' എന്നത് 'ഇംപോര്‍ട്ട് ഫ്രം ചൈന' (ചൈനയില്‍ നിന്നുള്ള ഇറക്കുമതി) ആയി മാറിയോ?' ഇതിന് പുറമെ നയതന്ത്രപരമായ ഉത്തരവാദിത്തം അദ്ദേഹം ആരാഞ്ഞു.
'മോദിയും ഷി ജിന്‍പിങും തമ്മില്‍ കുറഞ്ഞത് 23 കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളും നടന്നിട്ടുണ്ട്; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പങ്കെടുത്ത പ്രത്യേക പ്രതിനിധികളുടെ 25 റൗണ്ട് ചര്‍ച്ചകള്‍, 36 ഡബ്ല്യുഎംസിസി യോഗങ്ങള്‍, കൂടാതെ എസ്സിഒ, ബ്രിക്സ് ഉച്ചകോടികള്‍ എന്നിവയും നടന്നു. 'ഈ കൂടിക്കാഴ്ചകളില്‍ നിന്ന് എന്തെങ്കിലും വ്യക്തമായ ഫലമുണ്ടായോ? 2020 മെയ് മാസത്തിന് മുമ്പ് ഇന്ത്യക്കുണ്ടായിരുന്ന പട്രോളിംഗ് അവകാശങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കപ്പെട്ടോ? നമ്മുടെ സായുധ സേനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്നാല്‍ ദേശീയ സുരക്ഷയ്ക്ക് ആവശ്യം ഉത്തരവാദിത്തമാണ്. ഫോട്ടോയെടുക്കലും ആലിംഗന നയതന്ത്രമോ അല്ല. പ്രധാനമന്ത്രി മോദി പാര്‍ലമെന്റിനെയും രാജ്യത്തെയും വിശ്വാസത്തിലെടുക്കണമെന്നും ഖാര്‍ഖെ ആവശ്യപ്പെട്ടു.
Indo-Tibetan Border Police (ITBP) Director General Shatrujeet Kapoor has reportedly said that Indian and Chinese troops have faced situations of direct confrontation in border areas of Arunachal Pradesh over the past few days. His remarks come amid reports of a possible escalation of tensions along the border since July.