ഇന്ത്യയിലെ ആദ്യത്തെ ദയാവധത്തിന് ഉത്തരവ് വന്ന ഹരീഷ് റാണയുടെ കേസ് മികവോടെ കൈകാര്യം ചെയ്തതിനു അഭിഭാഷകയായ അഡ്വ. രശ്മി നന്ദകുമാറിനെ അഭിനന്ദിച്ച് സുപ്രീംകോടതി. ഹരീഷ് റാണയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ പിതാവ് സമർപ്പിച്ച ഹർജിയാണ് മലയാളിയായ അഡ്വ. രശ്മി സുപ്രീംകോടതിയിൽ വാദിച്ചത്. ദയാവധം സംബന്ധിച്ച വിവിധ രാജ്യങ്ങളിലെ നിരവധി കോടതി വിധികൾ ഹർജിയിൽ ഉൾപ്പെടുത്താൻ രശ്മി ശ്രദ്ധിച്ചതിനെ കുറിച്ച് ജസ്റ്റിസ് കെ.വി. വിശ്വനാഥന്റെ വിധിന്യായത്തിൽ പ്രത്യേകം പരാമർശിച്ചു. കൂടാതെ കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയുടെ സമീപനത്തെയും കോടതി അഭിനന്ദിച്ചു. ഹരീഷിന്റെ സാഹചര്യങ്ങളെ വളരെ കരുതലോടെയും ബഹുമാനത്തോടെയും കോടതി സമീപിച്ചത് ഭാഗ്യമായി കരുതുന്നതായി അഡ്വ. രശ്മി പറഞ്ഞു.
ദയാവധവുമായി ബന്ധപ്പെട്ട് രോഗിയോ രോഗിയുടെ ബന്ധുക്കളോ സുപ്രീം കോടതിയിലെത്തുന്ന ആദ്യത്തെ കേസാണിത്. ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരീഷ് റാണയുടെ കുടുംബം ആദ്യം സമീപിച്ചത് ഡൽഹി ഹൈക്കോടതിയെ ആയിരുന്നു. എന്നാൽ ഡൽഹി ഹൈക്കോടതി കേസ് തള്ളുകയതിനെ തുടർന്ന് 2024-ൽ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോയെങ്കിലും നിരാശയായിരുന്നു ഫലം. ഹരീഷ് റാണ വെന്റിലേറ്ററിന്റെയോ ഏതെങ്കിലും ജീവൻരക്ഷാ സഹായിയുടേയോ പിൻബലത്തിലല്ല കഴിയുന്നതെന്നായിരുന്നു ഹർജി തള്ളിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്. എന്നാൽ ഹരീഷിന്റെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള സ്വാതന്ത്ര്യം കോടതി നൽകിയിരുന്നു. തുടർന്നായിരുന്നു, ഭേദഗതിവരുത്തിയ അപേക്ഷയുമായി രശ്മി നന്ദകുമാർവഴി പിതാവ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണ കെട്ടിടത്തിൽ നിന്നു വീണതിനെ തുടർന്ന് തലയ്ക്കുണ്ടായ ഗുരുതര പരുക്കിലൂടെ 13 വർഷമായി അബോധാവസ്ഥയിൽ ചലനമറ്റു തുടരുകയായിരുന്നു. വയറ്റിൽ ഘടിപ്പിച്ച ട്യൂബിലൂടെ നൽകുന്ന മരുന്നും ചികിത്സയും നിർത്തിവെക്കാനാണ് സുപ്രീംകോടതി നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഹരീഷിന്റെ മാതാപിതാക്കളെ കോടതിയിലേക്ക് വിളിപ്പിച്ച് ചേംബറിൽവെച്ച് വിശദമായി ജഡ്ജിമാർ സംസാരിച്ചിരുന്നു. അവരുടെ അഭിഭാഷകയായ രശ്മി നന്ദകുമാറിനെയും കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യാ ഭാട്ടിയെയും ഹരീഷിന്റെ വീട്ടിലയച്ച് അവിടത്തെ സാഹചര്യങ്ങൾ വിലയിരുത്തിയതിനു ശേഷം അതീവ ശ്രദ്ധയോടെയാണ് സുപ്രീംകോടതി ഉത്തരവ് തയ്യാറാക്കിയത്. അഡ്വ. രശ്മി നന്ദകുമാറിന്റെ അഭ്യർഥനപ്രകാരം 'നിഷ്‌ക്രിയ ദയാവധം' എന്നതിനുപകരം 'ചികിത്സ പിൻവലിക്കൽ' എന്നാണ് വിധിയിൽ പരാമർശിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്.
നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച് 2018-ലും 2023-ലുമായി സുപ്രീംകോടതി തയ്യാറാക്കിയ മാർഗരേഖയിലെ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് രണ്ടംഗ ബെഞ്ച് ഈ കേസിൽ തീരുമാനമെടുത്തത്. എന്നാൽ ഈ മാർഗരേഖ നിയമത്തിനു പകരമാവില്ലെന്ന നിരീക്ഷിച്ച സുപ്രീംകോടതി, ഈ വിഷയത്തിൽ സമഗ്രമായ നിയമനിർമാണം വേണമെന്ന് കേന്ദ്രത്തിനോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.
English Summary: The Supreme Court of India praised Malayali lawyer Adv. Rashmi Nandakumar for her role in the country’s first passive euthanasia approval case involving Harish Rana, who had been in a coma for 13 years. The court allowed the withdrawal of medical treatment after carefully reviewing the family’s plea and following existing guidelines, while also urging the central government to enact a comprehensive law on euthanasia.