വിദേശത്തുനിന്നുള്ള സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വാങ്ങല്‍ പരിമിതപ്പെടുത്തുന്നതിനും രാജ്യത്തെ വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുമായി സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കുത്തനെ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയത്. ചൈന കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയില്‍, ഈ പുതിയ മാറ്റം സ്വര്‍ണ്ണത്തിന്റെ ആവശ്യകത കുറയ്ക്കാന്‍ ഇടയാക്കും. ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനൊപ്പം ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് കരുത്തേകുകയും ചെയ്യും.
പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണം എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തീരുവ വര്‍ധിപ്പിച്ച് ഉത്തരവിട്ടിരിക്കുന്നത്. മെയ് 13 മുതല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 15 ശതമാനമായിരിക്കുമെന്ന് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനായും അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് സെസ് അഞ്ചു ശതമാനമായുമാണ് ഉയര്‍ത്തിയത്. ഇതോടെയാണ് ഇറക്കുമതി തീരുവ ആറില്‍ നിന്നും 15 ശതമാനത്തിലേക്ക് ഉയര്‍ന്നത്. ഇതുവരെ ഇറക്കുമതി തീരുവ അഞ്ച് ശതമാനവും സെസ് ഒരു ശതമാനവുമായിരുന്നു.
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഫൈന്‍ഡിങ്സുകളുടെ കസ്റ്റംസ് നികുതി അഞ്ച് ശതമാനമാക്കുകയും ചെയ്തു. അതേസമയം, പ്ലാറ്റിനം ഫൈന്‍ഡിങിസ് നികുതി 5.4 ശതമാനമാക്കിയും ഉയര്‍ത്തി. സ്വര്‍ണ ഇറക്കുമതിക്ക് മൂന്നു ശതമാനം സംയോജിത ചരക്ക് സേവന നികുതി ചുമത്തിയതോടെ ഏപ്രിലില്‍ ബാങ്കുകള്‍ ഇറക്കുമതി നിര്‍ത്തിവെച്ചിരുന്നു. ഇത് ഏപ്രിലിലെ ഇറക്കുമതി കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചിരുന്നു.
ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ കണക്കുകള്‍ പ്രകാരം, ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതിയില്‍ വലിയ വര്‍ധനവാണുണ്ടായത്. 2022-ല്‍ 36.5 ബില്യണ്‍ ഡോളറായിരുന്ന ഇന്ത്യയുടെ ഇറക്കുമതി 2025 ആയപ്പോഴേക്കും 58.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇറക്കുമതി വര്‍ധിക്കുന്നതാണ് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാനുള്ള ഒരു കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിച്ചത് സ്വര്‍ണ്ണക്കടത്ത് വീണ്ടും വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. 2024 ബജറ്റിലാണ് കള്ളക്കടത്ത് കുറയ്ക്കുന്നതിനായി സ്വര്‍ണ ഇറക്കുമതി തീരുവ ആറു ശതമാനമായി കുറച്ചത്. സ്വര്‍ണം ഇറക്കുമതി ചെയ്യാനുള്ള ചെലവ് വര്‍ധിക്കുമെന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞാല്‍ പോലും ഇന്ത്യയിലെ ആഭ്യന്തര വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ കാരണമാകും. 2024ല്‍ ഇറക്കുമതി തീരുവ കുറച്ചതോടെ കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞിരുന്നു.
English Summary: The government has hiked import tariffs on gold and silver to 15% from 6% in an effort to cut down on overseas purchases of the metals and ease pressure on the country’s foreign exchange reserves.