ഇന്ത്യയില്‍ എബോള ജാഗ്രത; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന

ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഭാഗങ്ങളില്‍ നിന്നുള്ള കാരണമെന്തെന്ന് വ്യക്തമല്ലാത്ത രക്തസ്രാവം ഈ രോഗത്തിന്റെ ഒരു പ്രധാന പ്രത്യേകതയാണ്
ഇന്ത്യയില്‍ എബോള ജാഗ്രത; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന
Published on

ഇന്ത്യന്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും എബോള ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 'ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍' നിന്നും തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, മറ്റു പ്രവേശന കവാടങ്ങള്‍ എന്നിവ വഴി രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരെ സ്‌ക്രീനിങ്ങിന് വിധേയമാക്കും. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരോ അല്ലെങ്കില്‍ ഈ രാജ്യങ്ങള്‍ വഴി കടന്നുവരുന്നവരോ ആയ ആളുകളില്‍ പനി, ക്ഷീണം, തലവേദന, പേശി വേദന, ഛര്‍ദ്ദി, വയറിളക്കം, കാരണമെന്തെന്ന് വ്യക്തമല്ലാത്ത രക്തസ്രാവം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അവര്‍ ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് പോകുന്നതിന് മുന്‍പ് എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറെയോ ഹെല്‍ത്ത് ഡെസ്‌കിനെയോ വിവരമറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

എബോള ബാധിച്ചതായി സ്ഥിരീകരിച്ചതോ അല്ലെങ്കില്‍ രോഗബാധയുണ്ടെന്ന് സംശയിക്കുന്നതോ ആയ ഒരു വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും പ്രവേശന കവാടങ്ങളിലെ ഹെല്‍ത്ത് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ രാജ്യത്ത് എബോള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

യാത്രക്കാരുടെ സുരക്ഷയും അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും കണക്കിലെടുത്ത്, ആരോഗ്യ പരിശോധനകളോടും പൊതുജനാരോഗ്യ നടപടികളോടും സഹകരിക്കണമെന്ന് കേന്ദ്ര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. എബോള വ്യാപനത്തെ അന്താരാഷ്ട്ര തലത്തില്‍ ആശങ്കയുണ്ടാക്കുന്ന ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ത്യയില്‍ എബോള ജാഗ്രത; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന
റൗൾ കാസ്ട്രോയ്ക്കെതിരെ കൊലക്കുറ്റം, നടപടി 1996ലെ വിമാനാക്രമണക്കേസിൽ; വെനസ്വേലയ്ക്കു പിന്നാലെ ക്യൂബയുടെ പരമാധികാരത്തിലും ഇടപെടാന്‍ ട്രംപ്!

രോഗം വേഗത്തില്‍ പടരുന്നതില്‍ ലോകാരോഗ്യ സംഘടനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും സംസ്ഥാനങ്ങളിലെ സന്നദ്ധത വിലയിരുത്തുന്നതിനായും കേന്ദ്ര ആരോഗ്യ മന്ത്രാലയം രണ്ട് യോഗങ്ങള്‍ ചേര്‍ന്നു. ആരോഗ്യ മന്ത്രാലയം സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന ഉന്നതതല യോഗത്തില്‍ രോഗപ്രതിരോധത്തിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

യാത്രക്കാര്‍ എത്തുന്നതിന് മുന്‍പും ശേഷവുമുള്ള സ്‌ക്രീനിംഗ്, ക്വാറന്റൈന്‍ മാര്‍ഗരേഖകള്‍, രോഗബാധിതരുടെ പരിചരണം, റെഫറല്‍ സംവിധാനങ്ങള്‍, ലബോറട്ടറി പരിശോധനകള്‍ എന്നിവ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ സംസ്ഥാനങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്. ഏകോപിപ്പിച്ചുള്ള നിരീക്ഷണം, കൃത്യസമയത്തുള്ള റിപ്പോര്‍ട്ടിംഗ് എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീവാസ്തവ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓര്‍ത്തോഎബോളാവൈറസ് (Orthoebolavirus) കുടുംബം മൂലമുണ്ടാകുന്ന എബോള, മനുഷ്യരില്‍ അതീവ മാരകമായേക്കാവുന്ന ഒരു സൂണോട്ടിക് (മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന) രോഗബാധയാണ്. രോഗബാധിതരായ വ്യക്തികളുടെ രക്തം, ഉമിനീര്, വിയര്‍പ്പ്, കണ്ണീര്, ഛര്‍ദ്ദി, മലം, മുലപ്പാല്‍ തുടങ്ങിയ ശരീരദ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാം. രോഗാണുക്കള്‍ പടര്‍ന്ന പ്രതലങ്ങളില്‍ തൊടുന്നതിലൂടെയും രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയും ഇത് പടരാവുന്നതാണ്. തലവേദന, പേശി വേദനകള്‍ തുടങ്ങിയ പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ഈ രോഗത്തിനുമുള്ളതെങ്കിലും ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഭാഗങ്ങളില്‍ നിന്നുള്ള കാരണമെന്തെന്ന് വ്യക്തമല്ലാത്ത രക്തസ്രാവം ഈ രോഗത്തിന്റെ ഒരു പ്രധാന പ്രത്യേകതയാണ്.

ഇന്ത്യയില്‍ എബോള ജാഗ്രത; വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വ്യാപനം; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

അതേസമയം, രോഗം പൊട്ടിപ്പുറപ്പെട്ട രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്ക് പുറത്ത് ആദ്യമായി ഒരു എബോള കേസ് സ്ഥിരീകരിച്ചു. കോംഗോയില്‍ ജോലി ചെയ്യുന്നതിനിടെ വൈറസ് ബാധയേറ്റ അമേരിക്കന്‍ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 500-ലധികം പേര്‍ക്ക് രോഗബാധ സംശയിക്കുന്നതായും 130-ലധികം പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. 'ബുന്ദിബുഗ്യോ' വിഭാഗത്തില്‍പ്പെട്ട വൈറസാണ് പടരുന്നത്. ഇതിനെതിരെ വാക്‌സിന്‍ ഇല്ലാത്തതിനാല്‍ സാഹചര്യം കൂടുതല്‍ രൂക്ഷമാകും എന്നാണ് ഡബ്ല്യൂഎച്ച്ഒ പറയുന്നത്.

ഉഗാണ്ടയിലെ കമ്പാല, കോംഗോയിലെ ഗോമ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് നിലവില്‍ രോഗം പടരുന്നത്. ആദ്യം വൈറസ് ബാധ കണ്ടെത്തിയ ഇറ്റൂരി പ്രവിശ്യയില്‍ സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണ്ണമാണ്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ അതിര്‍ത്തികള്‍ വഴിയും ആശുപത്രികള്‍ വഴിയും വൈറസ് അതിവേഗം പടരുന്നുണ്ട്.

English Summary: India has intensified Ebola surveillance at airports, seaports and other entry points as a precautionary measure amid rising concerns over outbreaks in parts of Africa. Travellers arriving from or transiting through Congo, Uganda and South Sudan will undergo health screening, especially if they show symptoms such as fever, fatigue, headache, vomiting, diarrhoea or unexplained bleeding. The WHO has raised concern over the spread of the Bundibugyo strain, which currently has no approved vaccine.

Madism Digital
madismdigital.com