

ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ഉറപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ശേഷമായിരുന്നു ട്രംപിന്‍റെ നിർണായക സ്ഥിരീകരണം. ഇതോടെ ഏഷ്യയിലെ മറ്റു രാജ്യങ്ങളെക്കാൾ ഏറ്റവും കുറഞ്ഞ ഇറക്കുമതി തീരുവയുള്ള രാജ്യമായി ഇന്ത്യ മാറും. 25 ശതമാനമുണ്ടായിരുന്ന ഇറക്കുമതി തീരുവ 18 ശതമാനമായി അമേരിക്ക ഇളവ് ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്താൻ, വിയറ്റ്‌നാം, മലേഷ്യ, കമ്പോഡിയ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾക്ക് 19 ശതമാനവും, ബംഗ്ലാദേശ് 20 ശതമാനം, ദക്ഷിണാഫ്രിക്ക 30 ശതമാനം, ചൈന 37 ശതമാനം, മ്യാൻമർ, ലാവോസ് എന്നീ രാജ്യങ്ങൾക്ക് 40 ശതമാനം, ബ്രസീൽ 50 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന ഏഷ്യൻ രാജ്യങ്ങളുടെ താരിഫ് നിരക്ക് വരുന്നത്. നിലവിൽ ഏറ്റവും കുറഞ്ഞ ഇറക്കുമതി തീരുവയുള്ള ലോക രാജ്യം യു.കെ ആണ്. പത്ത് ശതമാനമാണ് യു.കെ തീരുവ. യുറോപ്യൻ യൂണിയൻ, ജപ്പാൻ, സ്വിറ്റ്‌സർലന്റ് എന്നീ രാജ്യങ്ങൾക്ക് 15 ശതമാനമാണ് അമേരിക്ക നൽകിയിരിക്കുന്ന തീരുവ കണക്ക്.
വ്യാപാരക്കരാറെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും ഇത് സംബന്ധിച്ച് കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരാനുണ്ട്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലുള്ള പിഴ ചുങ്കമായി ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഉയർത്തിയ 25 ശതമാനം അടക്കം 50 ശതമാനമായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള തീരുവ. ഇതാണ് 18 ശതമാനത്തിലേക്ക് കുറഞ്ഞത്. നരേന്ദ്ര മോദി റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഉറപ്പുനല്‍കിയതായും ട്രംപ് അവകാശപ്പെടുന്നുണ്ട്.
English Summary: The United States has reduced import tariffs on Indian goods to 18%, making India the Asian country with the lowest U.S. import duty. The move follows President Donald Trump’s claim of a trade deal with India, though New Delhi has not officially confirmed it.