

പാസ്പോര്‍ട്ട് കൈവശമുണ്ടെന്നത് ഒരാള്‍ ഇന്ത്യന്‍ പൗരനാണെന്നതിന് ഔദ്യോഗിക തെളിവല്ലെന്ന നിര്‍ണായക വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാസ്പോര്‍ട്ടുകള്‍ അടിസ്ഥാനപരമായി അന്താരാഷ്ട്ര യാത്രകള്‍ സുഗമമാക്കുന്നതിനുള്ള യാത്രാരേഖകള്‍ മാത്രമാണെന്നും, അവയ്ക്ക് പൗരത്വം നിര്‍വചിക്കാനുള്ള നിയമസാധുതയില്ലെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്. പതിനാലാമത് 'പാസ്പോര്‍ട്ട് സേവാ ദിവസിനോട്' അനുബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തിലാണ് മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പൗരത്വത്തിന്റെ കൃത്യമായ തെളിവ് എന്താണെന്നതിനെക്കുറിച്ചുള്ള വലിയൊരു ചര്‍ച്ചയ്ക്കാണ് ഈ പ്രസ്താവന വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയില്‍ പൗരത്വം തെളിയിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡം എന്തെന്ന കാര്യത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അവ്യക്തതകളിലേക്കാണ് ഈ ചര്‍ച്ച വിരല്‍ ചൂണ്ടുന്നത്.
പാസ്പോര്‍ട്ട് സര്‍ക്കാരിന്റെ സ്വത്ത്
പൗരന്മാരല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട് അനുവദിക്കില്ല എന്നതിനാല്‍ തന്നെ ഈ പുതിയ പ്രഖ്യാപനം ഒരു വിരോധാഭാസമായി മാറുന്നുണ്ട്. പാസ്പോര്‍ട്ടിന്റെ പിന്‍വശത്തുള്ള നിബന്ധനകള്‍ പ്രകാരം ഇത് 'ഇന്ത്യന്‍ സര്‍ക്കാരിന്റെ സ്വത്താണ്'. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം ഏതു സമയത്തും ഇത് തിരികെ സമര്‍പ്പിക്കാന്‍ പൗരന്‍ ബാധ്യസ്ഥനാണ്. വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യം കേസ് പരിഗണിക്കുന്നതിനിടയില്‍, ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ കൃത്യമായ തെളിവല്ലെന്നും അത് വെറുമൊരു വ്യക്തിഗത തിരിച്ചറിയല്‍ രേഖ മാത്രമാണെന്നും സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.
സമാനമായി, വോട്ടര്‍ ഐഡി കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള രേഖയായി രാജ്യം അംഗീകരിക്കുന്നില്ല. ഒരു വ്യക്തിയുടെ വിലാസം സാക്ഷ്യപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനും മാത്രമുള്ള പ്രാഥമിക രേഖയായാണ് വോട്ടര്‍ ഐഡി കണക്കാക്കപ്പെടുന്നത്.
പൗരത്വ നിയമങ്ങള്‍ ഇങ്ങനെ
നിലവിലെ ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം പൗരത്വം നിര്‍ണ്ണയിക്കുന്നത് മൂന്ന് കാലഘട്ടങ്ങളെ അടിസ്ഥാനമാക്കിയാണ്. 1950 ജനുവരി 26-നോ അതിനു ശേഷമോ, എന്നാല്‍ 1987 ജൂലൈ 1-ന് മുന്‍പോ ഇന്ത്യയില്‍ ജനിച്ച ഒരു വ്യക്തി ജനനം കൊണ്ട് ഇന്ത്യന്‍ പൗരനാണ്. അതേസമയം, 1987 ജൂലൈക്ക് ശേഷം ജനിച്ച ഒരാള്‍ക്ക് പൗരത്വം അവകാശപ്പെടണമെങ്കില്‍ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണം. 2004 ഡിസംബര്‍ മൂന്നിനോ അതിനു ശേഷമോ ജനിച്ചവര്‍ക്ക് ജനനം വഴി പൗരത്വം അവകാശപ്പെടാന്‍ മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യന്‍ പൗരന്മാരായിരിക്കണം. അല്ലെങ്കില്‍ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനും മറ്റേയാള്‍ ആ സമയത്ത് അനധികൃത കുടിയേറ്റക്കാരന്‍ അല്ലാതിരിക്കുകയും വേണം.
പാസ്പോര്‍ട്ട് വിതരണത്തില്‍ റെക്കോര്‍ഡ് നേട്ടം
രാജ്യത്തെ പാസ്പോര്‍ട്ട് സേവന രംഗത്തുണ്ടായ വന്‍ മുന്നേറ്റത്തിന്റെ കണക്കുകളും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകളുടെ വിതരണം രാജ്യം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 1.5 കോടിയിലധികം പാസ്പോര്‍ട്ട് അനുബന്ധ സേവനങ്ങളാണ് മന്ത്രാലയം നല്‍കിയത്. ഇതില്‍ 1.39 കോടിയും പുതിയ പാസ്പോര്‍ട്ട് വിതരണങ്ങളായിരുന്നു. ഒരു പതിറ്റാണ്ട് മുന്‍പ് രാജ്യത്ത് ആകെ 77 പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍, ഇന്നത് 545 ആയി ഉയര്‍ന്നു. കേന്ദ്രങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ ഈ ആറിരട്ടി വര്‍ദ്ധനവ് കാരണം പൊലീസ് വെരിഫിക്കേഷന്‍ ഒഴികെയുള്ള പാസ്പോര്‍ട്ട് നടപടികള്‍ വെറും ആറ് പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നിലവില്‍ പൗരന്മാര്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ശരാശരി 45 മിനിറ്റില്‍ താഴെ മാത്രമേ ചെലവഴിക്കേണ്ടി വരുന്നുള്ളൂ എന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
The Ministry of External Affairs (MEA) has clarified that possessing an Indian passport does not, by itself, constitute legal proof of Indian citizenship. According to the ministry, a passport is primarily a travel document issued to facilitate international travel and does not have the legal authority to determine or certify citizenship status.