ഇൻഡോർ മലിനജല ദുരന്തം; ഒരാൾ കൂടി മരിച്ചു, ആകെ മരണം 17

ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തില്‍ കലര്‍ന്നതാണ് വിഷബാധയ്ക്ക് കാരണം
ഇൻഡോർ മലിനജല ദുരന്തം; ഒരാൾ കൂടി മരിച്ചു, ആകെ മരണം 17
Published on: 

ഇൻഡോറിൽ മലിന ജലം കുടിവെള്ളത്തില്‍ കലർന്നതിനെ തുടർന്നുണ്ടായ ദുരന്തത്തില്‍ ഒരാള്‍ കൂടെ മരിച്ചു. ഇതോടെ മരണസംഖ്യ 17 ആയി ഉയർന്നു. നിലവിലെ ഇന്‍ഡോറിലെ സ്ഥിതിഗതികള്‍ ആശങ്കജനകമായി തുടരുകയാണ്. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 15 പേര്‍ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. നിലവില്‍ 142 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.

നേരത്തെ ദുരന്തത്തെ സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. രോഗം ബാധയെ തുടർന്ന് നൂറുകണക്കിന് ആളുകള്‍ കൂട്ടത്തോടെ ചികിത്സ തേടി ആശുപത്രികളിലേക്ക് ഒഴുകിയെത്തിയതോടെയാണ് സർക്കാർ നീക്കം. ഇതോടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണ, ചികിത്സ നടപടികളും കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘം പ്രദേശത്ത് എത്തി പരിശോധനകള്‍ തുടരുകയാണ്. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെയോ ചികിത്സ തേടിയവരുടെയോ കൃത്യമായ എണ്ണം പുറത്തുവിടാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.

ഇന്‍ഡോറിലെ ഭഗീരഥപുരയിലെ 11 ആം വാർഡിലെ കുടിവെള്ളത്തിലാണ് മലിനജലം കലര്‍ന്നതിനെ തുടര്‍ന്ന് വിഷബാധയുണ്ടായത്. ദുരന്തം സംഭവിക്കുന്നതിനു മാസങ്ങള്‍ക്ക് മുൻപേ ജലത്തെ സംബന്ധിച്ച് പ്രദേശവാസികൾ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നിട്ടും പ്രശ്ന പരിഹാരത്തിന് ശ്രമങ്ങള്‍ നടത്താതിരുന്നതാണ് വലിയ ദുരന്തത്തിന് വഴിയൊരുക്കിയെന്ന് പ്രദേശ നിവാസികളുടെ ആരോപിക്കുന്നു. നര്‍മദ നദിയില്‍ നിന്നുള്ള വെള്ളമാണ് പ്രദേശത്ത് കുടിവെള്ളമായി എത്തിയിരുന്നത്. ഡിസംബര്‍ 28 ആയതോടെ വാര്‍ഡിലെ 90 ശതമാനം ആളുകൾക്കും വയറിളക്കം, ഛര്‍ദ്ദി, നിര്‍ജലീകരണം തുടങ്ങിയ അസുഖങ്ങള്‍ പടർന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 29ന് ആദ്യ മരണം സംഭവിച്ചു.

കുടിവെള്ള പൈപ്പ് ലൈനിനു മുകളില്‍, സേഫ്റ്റി ടാങ്കില്ലാതെ നിര്‍മ്മിച്ച ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തില്‍ കലര്‍ന്നതാണ് വിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രഥമിക അന്വേഷണത്തിലെ നിഗമനം. വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ രോഗകാരികളായ അണുക്കളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.

English Summary: The death toll from a contaminated drinking water outbreak in Indore has risen to 17. Authorities have declared it an epidemic as investigations point to sewage leakage into water pipelines.