

ടൈം ട്രാവൽ ചെയ്യാൻ സാധിച്ചാൽ അവസരം ലഭിച്ചാൽ 2014-ലെത്തി പ്രധാനമന്ത്രിയെ മാറ്റുമെന്ന് നടൻ കിഷോർ. രാജ്യം വലിയ വിദ്വേഷങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും, ഇത് വലിയ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥ ഇനിയും തുടർന്നാൽ, സമൂഹത്തിന്റെ താളം തിരികെ കിട്ടാൻ ഇനിയും പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നടന്റെ പുതിയ ചിത്രമായ 'മെല്ലിസൈ'യുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടൻ അഭിപ്രായം വ്യക്തമാക്കിയത്. ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാൻ അവസരം ലഭിച്ചാൽ എന്തുചെയ്യുമെന്ന ചോദ്യത്തോടാണ് കിഷോർ ഈ ഉത്തരം നൽകിയത്. കിഷോറിന്റെ വാക്കുകൾ വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്.
മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹമാണ് എക്കാലവും നിലനിൽക്കേണ്ടത് എന്ന് കിഷോർ പറഞ്ഞു. ഇവിടെ പക്ഷെ ഒരു മനുഷ്യൻ വെറുപ്പിനെ ഇന്‍വെസ്റ്റ്‌മെന്റാക്കിക്കൊണ്ട് അധികാരത്തില്‍ വന്നിരിക്കുകയാണെന്നും അത് മനുഷ്യര്‍ക്ക് വലിയ ആപത്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വെറുപ്പും വിദ്വേഷവും ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിന് നേരെയായാലും, നാടിന് നേരെയായാലും അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Actor Kishore said that if he could go back in time, he would change the Prime Minister in 2014, warning that the country is moving forward through hatred, which he described as dangerous.