'ജനപക്ഷ ശാസ്ത്രജ്ഞൻ,' മാധവ് ഗാഡ്ഗിൽ വിടവാങ്ങി

മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (WGEEP) സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് സുപരിചിതനായി മാറിയത്.
Madhav Gadgil
Madhav Gadgil
Published on

പുണെ: ഇന്ത്യയുടെ പരിസ്ഥി സംരക്ഷണത്തിനു വേണ്ടി ആറ് പതിറ്റാണ്ടോളം ശബ്ദമുയത്തിയ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുണെയിൽ വെച്ചായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ ആണ് മരണവിവരം സ്ഥിരീകരിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് പുണെയിലെ നവി പേഠിലുള്ള വൈകുണ്ഠ് ശ്മശാനത്തിൽ നടക്കും.

ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് രൂപം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനായിരുന്നു മാധവ് ഗാഡ്ഗിൽ. അദ്ദേഹം അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (WGEEP) സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് അദ്ദേഹം ജനങ്ങൾക്ക് സുപരിചിതനായി മാറിയത്. 2011-ൽ സമർപ്പിക്കപ്പെട്ട ഈ റിപ്പോർട്ട്, പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. അന്ന് പശ്ചിമഘട്ടത്തിലെ നിർമാണപ്രവർത്തനങ്ങൾക്കും മറ്റും മാധവ് ഗാഡ്ഗിൽ നിർദേശിച്ച കർശന നിയന്ത്രണങ്ങൾ കേരളത്തിൽ വലിയ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.

1942 മെയ് 24നാണ് മാധവ് ഗാഡ്ഗിലിന്റെ ജനനം. ബാല്യം മുതൽക്കേ ​ഗാഡ്​ഗിൽ ഒരു പ്രകൃതിസ്നേഹിയായിരുന്നു. പുണെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നും ജീവശാസ്ത്രം, ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ എന്നിങ്ങനെയാണ് ​ഗാഡ്​ഗിലിന്റെ യോഗ്യതകൾ. ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. തന്റെ ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്ര ജീവിതത്തിൽ എക്കാലവും ഒരു 'ജനപക്ഷ ശാസ്ത്രജ്ഞൻ' ആയാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്.

English Summary: Renowned environmentalist and ecologist Dr. Madhav Gadgil, has passed away.

Related Stories

No stories found.
Madism Digital
madismdigital.com