

വിവാഹം എന്നാൽ ഇന്ത്യൻ സ്ത്രീകൾക്ക് ട്രോമയെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥയും പുതുച്ചേരി മുൻ ലെഫ്.ഗവർണറുമായ കിരൺ ബേദി. ഒരു ടോക്ക് ഷോയിലാണ്, വിവാഹം സ്ത്രീകൾക്ക് നൽകുന്ന മാനസിക ആഘാതത്തെ കുറിച്ച് കിരൺ സംസാരിച്ചത്. വിവാഹത്തോടെ ഇന്ത്യയിൽ ഒരു സ്ത്രീ സ്വന്തം വീട്ടിൽ അതിഥിയാകുന്നു എന്നും മാറ്റങ്ങൾക്ക് വിധേയയാകേണ്ടവളാണ് അവളെന്ന പൊതുബോധം ഊട്ടിയുറപ്പിക്കപ്പെടുന്നു എന്നും അവർ പറയുന്നു.
കിരണിന്റെ വാക്കുകൾ:
ഇന്ത്യൻ സ്ത്രീകൾക്ക് വിവാഹം എന്നാൽ ട്രോമയിൽ കുറഞ്ഞൊന്നുമല്ല. അതിമനോഹരമാണ് വിവാഹങ്ങളെല്ലാം തന്നെ. പക്ഷേ, തനിക്ക് സുരക്ഷിതത്വവും സ്നേഹവും പിന്തുണയും നൽകിയ വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് പോകുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥ ഒന്നാലോചിച്ച് നോക്കൂ.
വീട് വിട്ട് പോവുക മാത്രമല്ല, പക്ഷേ മറ്റൊരു വീട്ടിൽ ചെന്ന് അവിടം സ്വന്തം വീടുപോലെ കരുതുകയും വേണം. സ്വന്തം മാതാപിതാക്കളെ പോലെ മറ്റൊരാളുടെ മാതാപിതാക്കളെ പരിചരിക്കുക, വളരെ കുറച്ച് നാൾ മാത്രം പരിചയമുള്ള ഒരാളെ അമ്മ എന്ന് വിളിക്കുക... ഇതൊക്കെ എന്ത് അർഥശൂന്യമായ കാര്യങ്ങളാണ്. ആർക്കും ഇതിനൊന്നും സാധിക്കില്ല. പക്ഷേ ഇന്ത്യൻ സ്ത്രീകൾ അങ്ങനെയൊക്കെ ചെയ്യാൻ നിർബന്ധിതരാവുകയാണ്.
ഭർതൃവീട്ടിലെ ഏത് സാഹചര്യവുമായും സ്ത്രീകൾ പൊരുത്തപ്പെടണം എന്നാണ് ഇന്ത്യയിലെ വെപ്പ്. അവിടെ അവൾ വെറും വേലക്കാരിയായി മാറും. അങ്ങിനെയൊരു മാറ്റത്തിന് സ്വന്തം കുട്ടികൾ തയ്യാറാണോ എന്നുപോലും ചിന്തിക്കാതെയാണ് മാതാപിതാക്കൾ വിവാഹം നടത്തുന്നത്. ഇനി ജോലിയുള്ള ഒരു കുട്ടിയാണ് എന്നിരിക്കട്ടെ, അവൾ വീട്ടിലെ ജോലി മുഴുവൻ തീർത്തിട്ട് വേണം ഓഫീസിലേക്ക് പുറപ്പെടാൻ.
വിവാഹം ചിലപ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്തതായിരിക്കും. പക്ഷേ ഇനിയുള്ള കാലത്ത് വിവാഹശേഷമുള്ള ജീവിതത്തെ പറ്റി സ്ത്രീയും പുരുഷനും വ്യക്തമായി സംസാരിക്കണം. വീട്ടിലെ ജോലികൾ ചെയ്യുന്നതിനെ പറ്റിയൊക്കെ രണ്ടുപേർക്കുമിടയിൽ കൃത്യമായ ധാരണയുണ്ടാകണം. വിവാഹശേഷം സ്ത്രീകൾ ജോലിയുപേക്ഷിക്കട്ടെ എന്ന സമീപനം പാടില്ല. അവർക്കും ജോലി ചെയ്യണം. വീട്ടുജോലിക്ക് തടസ്സമാണ് അതെങ്കിൽ അതിന് ആളെ വയ്ക്കണം. അല്ലാതെ അത് ചെയ്യാൻ പഠിപ്പുള്ള, ജോലിയുള്ള സ്ത്രീകളെ വീട്ടിലിരുത്തുകയല്ല.
അതിന് സ്ത്രീകൾ കൂടി മുന്നിട്ടിറങ്ങേണ്ടതുണ്ട്. ഞാൻ ജോലിക്ക് പോയില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്ത പാടില്ല. അങ്ങനെ ചിന്തിക്കാനാണ് ഈ സമൂഹം നമ്മളെ പഠിപ്പിക്കുന്നത്. സ്വന്തമായി വരുമാനം വേണമെന്നും പൈസയ്ക്കായി ആരുടെ മുന്നിലും തല നീട്ടില്ലെന്നും സ്ത്രീകൾ തീരുമാനിക്കണം. ഇനി വിവാഹജീവിതം ഒരു തരത്തിലും മുന്നോട്ട് കൊണ്ടുപോവാനാകുന്നില്ല, അല്ലെങ്കിൽ ഭർതൃവീട്ടിൽ ഒരു വിലയും നിങ്ങൾക്കില്ല എന്ന് തോന്നുകയാണെങ്കിൽ ആ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോരാനും മടിക്കരുത്.
സ്വന്തം മാതാപിതാക്കൾക്കൊപ്പം ജീവിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശവും നിങ്ങൾക്കുണ്ട്. പുരുഷനെ പോലെ തന്നെ മാതാപിതാക്കളെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്. വിവാഹശേഷവും മാതാപിതാക്കളെ നോക്കാൻ നിങ്ങൾക്ക് കഴിയണം. അതിന് സ്വന്തം വീട്ടിൽ നിൽക്കണമെങ്കിൽ അതിന് തയ്യാറാവണം.
ലോകബാങ്കിന്റെ 2024-ലെ റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകൾ 'മാര്യേജ് പെനൽറ്റി' ഒടുക്കേണ്ടി വരുന്നുണ്ട്. ഇന്ത്യയിൽ കുട്ടികൾ ഇല്ലെങ്കിൽ പോലും, വിവാഹശേഷം ജോലി ചെയ്യുന്ന സ്ത്രീകളുടെ നിരക്കിൽ 12 ശതമാനത്തിന്റെ കുറവുണ്ടാകുന്നു. കൂടാതെ, ഇന്ത്യയിൽ ഏകദേശം 73 ശതമാനം സ്ത്രീകളും കുഞ്ഞുങ്ങൾ ജനിച്ചശേഷം ജോലി ഉപേക്ഷിക്കുന്നുവെന്നാണ് അശോക യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പറയുന്നത്
Marriage is a trauma for Indian women, says former IPS officer and former Lieutenant Governor of Puducherry Kiran Bedi. Speaking at a talk show, Bedi discussed the psychological impact marriage often has on women. She argued that after marriage, a woman in India frequently becomes a guest in her own home, while society reinforces the belief that she is the one who must adapt and change.