മുൻ സൈനിക മേധാവി നരവനെയുടെ പുസ്തകം അനധികൃതമായി വിദേശ വിപണിയിലെത്തി; ഗൂഢാലോചന സംശയമുന്നയിച്ച് അന്വേഷണസംഘം

പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയും നരവനെയും നേരത്തെ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിറ്റഴിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു
മുൻ സൈനിക മേധാവി നരവനെയുടെ പുസ്തകം അനധികൃതമായി വിദേശ വിപണിയിലെത്തി;  ഗൂഢാലോചന സംശയമുന്നയിച്ച് അന്വേഷണസംഘം
Published on

ന്യൂ ഡൽഹി: മുൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ഓർമ്മക്കുറിപ്പായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' അനധികൃതമായി അന്താരാഷ്ട്ര വിപണിയിലെത്തിയതായി ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

യുഎസ്, കാനഡ, ജർമനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പുസ്തകം ഡിജിറ്റൽ രൂപത്തിലോ മറ്റോ ലഭ്യമായതായാണ് സൂചന. കേന്ദ്രസർക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്ന് പൊലീസ് വിലയിരുത്തുന്നു. ഡൽഹി സ്പെഷ്യൽ സെൽ നടത്തുന്ന അന്വേഷണത്തിൽ പുസ്തകത്തിന്റെ ചോർച്ച സംഘടിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സംശയം. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയും നരവനെയും നേരത്തെ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വിറ്റഴിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. അനധികൃത പകർപ്പുകൾ പ്രചരിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇവരുടെ പ്രതികരണം. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ച് 2020-ലെ ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദമായി മാറി. ഭരണപക്ഷവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും രാഹുലിനെതിരെ രംഗത്തെത്തി. സഭ താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു.

പുസ്തകത്തിൽ 2020 ഓഗസ്റ്റ് 31-ന് റെചിൻ ലാ പ്രദേശത്ത് ചൈനീസ് സൈന്യം എത്തിയപ്പോൾ പ്രതിരോധ മന്ത്രിയുമായുള്ള സംഭാഷണവും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയവും പരാമർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഗ്നിപഥ് പദ്ധതിയെക്കുറിച്ചും വിവാദ വെളിപ്പെടുത്തലുകൾ ഉണ്ടെന്ന് പറയപ്പെടുന്നു. ആദ്യം 75 ശതമാനം സൈനികരെ നിലനിർത്താനുള്ള പദ്ധതി പിന്നീട് 25 ശതമാനമാക്കി മാറ്റിയതും, ശമ്പളം 20,000 രൂപയിൽ നിന്ന് 30,000 ആക്കി ഉയർത്തിയതും പുസ്തകത്തിലുണ്ടെന്നാണ് വിവരം. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പുസ്തകത്തിന്റെ ചോർച്ചയും അന്താരാഷ്ട്ര പ്രചാരവും പൊലീസ് അന്വേഷിക്കുകയാണ്.

English Summary: Delhi Police are investigating the alleged unauthorized international circulation of former Army Chief Gen. M.M. Naravane’s memoir, suspecting a larger conspiracy behind the leak.

Related Stories

No stories found.
Madism Digital
madismdigital.com