

ഉത്സവകാലത്ത് തെരുവ് കച്ചവടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികളുണ്ടാവരുതെന്ന നിർദേശവുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കമ്മീഷൻ നിർദേശം നൽകി. വരാനിരിക്കുന്ന നവരാത്രി, ദീപാവലി, ഛഠ് പൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രാദേശിക തെരുവ് കച്ചവടക്കാരുടെയും വഴിയോര വിൽപ്പനക്കാരുടെയും മൺപാത്ര നിർമാതാക്കളുടെയും ചെറുകിട വ്യാപാരികളുടെയും ഉപജീവനവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം.
വിവിധ നഗരങ്ങളിൽ പ്രാദേശിക കച്ചവടക്കാരെയും വഴിയോര വിൽപ്പനക്കാരെയും അനാവശ്യമായി ഒഴിപ്പിക്കുന്നതായും സാധനങ്ങൾ പിടിച്ചെടുക്കുന്നതായും പിഴ ചുമത്തുന്നതായും പീഡിപ്പിക്കുന്നതായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഉത്സവകാലത്തും സമാനമായ പരാതികളിൽ എൻഎച്ച്ആർസി അംഗം പ്രിയങ്ക് കനൂംഗോ അധ്യക്ഷനായ ബെഞ്ച് വിഷയത്തിൽ സ്വമേധയാ ഇടപെട്ടിരുന്നു. ആരോപണങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും അന്ന് നിർദേശം നൽകിയിരുന്നു.
ഈ വർഷവും ഉത്സവകാലത്ത് പ്രാദേശിക കച്ചവടക്കാരുടെ ഉപജീവനവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് കമ്മീഷന്റെ ഇടപെടൽ ആവശ്യമായ സാഹചര്യത്തിലാണ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും എൻഎച്ച്ആർസി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. നവരാത്രി, ദീപാവലി, ഛഠ് പൂജ കാലയളവിൽ പ്രാദേശിക കച്ചവടക്കാരെ അനാവശ്യമായി ഒഴിപ്പിക്കുകയോ അവരുടെ ഉപജീവനമാർഗം തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്ന് എൻഎച്ച്ആർസി നിർദേശിച്ചു. അഗ്നിസുരക്ഷയോ പൊതുസുരക്ഷയോ കണക്കിലെടുത്ത് ഏതെങ്കിലും സ്ഥലത്ത് നിന്ന് കച്ചവടക്കാരെ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ, അവർക്ക് അനുയോജ്യമായ ബദൽ വിൽപ്പന കേന്ദ്രങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.
കച്ചവടക്കാരുടെ സാധനങ്ങൾ അന്യായമായി പിടിച്ചെടുക്കുകയോ അനാവശ്യ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നും കമ്മീഷൻ നിർദേശിച്ചു. പീഡനം, പണം തട്ടിയെടുക്കൽ, അനാവശ്യ ഇടപെടൽ തുടങ്ങിയ പരാതികളിൽ നിയമാനുസൃതമായി നടപടി സ്വീകരിക്കണമെന്നും എൻഎച്ച്ആർസി വ്യക്തമാക്കി. ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആശയത്തിന്റെ ഭാഗമായി പ്രാദേശിക കച്ചവടക്കാരെയും പരമ്പരാഗത തൊഴിലുകളെയും തദ്ദേശീയമായി നിർമിക്കുന്ന ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങളോട് എൻഎച്ച്ആർസി ആവശ്യപ്പെട്ടു.
ഈ നിർദേശങ്ങൾ ജില്ലാ മജിസ്‌ട്രേറ്റുമാർ, നഗരസഭാ അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരിലേക്ക് വ്യാപകമായി എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും അവ ഫലപ്രദമായി നടപ്പാക്കണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് കമ്മീഷൻ നിർദേശിച്ചു. നിലവിലുള്ള കേസുകളിൽ അധിക നടപടി സ്വീകരിച്ച റിപ്പോർട്ടുകൾ 2026 ഒക്ടോബർ 18നകം സമർപ്പിക്കണമെന്നും എൻഎച്ച്ആർസി നിർദേശിച്ചിട്ടുണ്ട്.
The National Human Rights Commission (NHRC) has directed all States and Union Territories not to unnecessarily evict street vendors during the festive season and to ensure the protection of their livelihoods and human rights. The Commission also called for necessary measures to prevent harassment and undue interference against local vendors.