ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിൽ മൊഹഞ്ചൊദാരോയിലെ പ്രസിദ്ധമായ 'ഡാൻസിങ് ഗേൾ' വെങ്കല പ്രതിമയുടെ ചിത്രം രൂപമാറ്റം വരുത്തി പ്രസിദ്ധീകരിച്ച സംഭവം വിവാദമായതോടെ തിരുത്തൽ നടപടിയുമായി NCERT. വ്യാപകമായ വിമർശനങ്ങളെ തുടർന്ന് പ്രതിമയുടെ യഥാർത്ഥ ചിത്രം തന്നെ പുസ്തകത്തിൽ ഉൾപ്പെടുത്താനാണ് പുതിയ തീരുമാനം.
വിദ്യാർത്ഥികളുടെ ഭാവനാശക്തി (imagination) വർദ്ധിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു സംഭവത്തിൽ എൻസിആർടിയുടെ വിശദീകരണം. സർക്കാർ തലത്തിൽ നൽകിയ ഈ വിശദീകരണം വലിയ തോതിൽ ചർച്ചയായിരുന്നു.
എൻസിഇആർടി പുറത്തിറക്കിയ ഒമ്പതാം ക്ലാസിലെ പുതിയ കലാപഠന പാഠപുസ്തകമായ 'മധുരിമ'യുടെ “ഹിസ്റ്ററി ഓഫ് ആർട്സ്” എന്ന ആദ്യ അധ്യായത്തിലാണ് 4000 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പ്രതിമയുടെ എഡിറ്റ് ചെയ്ത ചിത്രം പ്രത്യക്ഷപ്പെട്ടത്. യഥാർത്ഥ വെങ്കല പ്രതിമയുടെ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ പ്രതിമയുടെ തോളിൽ നിന്ന് താഴേക്ക് നെഞ്ചിലെ ഭാഗം കറുപ്പിച്ച് ഷേഡ് ചെയ്തിരുന്നു. ഇതുമൂലം ശാരീരിക ഘടനകൾ മറയ്ക്കപ്പെടുകയും, പ്രതിമ വസ്ത്രം ധരിച്ചിരിക്കുന്നു എന്ന തെറ്റായ ധാരണ ഉണ്ടാക്കുന്ന രീതിയിലുമായിരുന്നു ചിത്രം നൽകിയിരുന്നത്.
വിവാദം കനത്തതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് എൻസിഇആർടി തീരുമാനം മാറ്റിയത്. എൻസിഇആർടി വെബ്സൈറ്റിൽ ലഭ്യമായ ഡിജിറ്റൽ പതിപ്പിൽ യഥാർത്ഥ ചിത്രം ഉൾപ്പെടുത്തി ഉടൻതന്നെ മാറ്റങ്ങൾ വരുത്തും. ഇനി അച്ചടിക്കുന്ന പുസ്തകങ്ങളിലും ഈ മാറ്റം പ്രതിഫലിക്കുമെന്നും, അടുത്ത വർഷം മുതൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഹാർഡ് കോപ്പികളിൽ യഥാർത്ഥ ചിത്രം തന്നെയാകും ഉണ്ടാവുകയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ 25 വർഷത്തിലേറെയായി എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഈ പ്രതിമയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. മുരളി മനോഹർ ജോഷി മാനവവിഭവശേഷി മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന എൻഡിഎ സർക്കാരിന്റെ കാലത്തും ഈ ചിത്രം പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്നതാണ്. നാഷണൽ എഡ്യൂക്കേഷൻ പോളിസി (NEP), നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് (NCF) എന്നിവയുടെ ഭാഗമായി കലയെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി എൻസിഇആർടി ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ആദ്യമായി അവതരിപ്പിച്ച കലാപഠന പരമ്പരയിലെ പുസ്തകത്തിലാണ് ഈ എഡിറ്റ് ചെയ്ത ചിത്രം പ്രത്യക്ഷപ്പെട്ടത്. നിലവിൽ ഒന്നുമുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ദേശീയ പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര-ശാസ്ത്ര വസ്തുതകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിന്റെ തുടർച്ചയാണ് 'ഡാൻസിങ് ഗേൾ' ശിൽപ്പത്തിന്റെ കാര്യത്തിലും സംഭവിച്ചത്. ഡാർവിന്റെ പരിണാമ സിദ്ധാന്തം, മുഗൾ ചരിത്രം, ജനകീയ സമരങ്ങൾ എന്നിവ വെട്ടിമാറ്റിയ നടപടികൾ നേരത്തെ തന്നെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വസ്തുതകൾക്ക് പകരം രാഷ്ട്രീയ അജണ്ടകൾക്ക് മുൻഗണന നൽകി ചരിത്രത്തെ മാറ്റിയെഴുതാൻ ശ്രമിക്കുന്നുവെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ ആരോപണം.
Following intense criticism and public debate, the NCERT has decided to restore the original, unedited image of the Harappan-era "Dancing Girl" figurine in its Class 9 Arts textbook. Previously, the agency had retouched the photograph by shading the figurine's torso to obscure anatomical details, a move it defended by claiming it encouraged students' imagination. The original, authentic photograph will now replace the edited version in the textbook's digital edition immediately, with future printed copies reflecting this change as well.