എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ പുറത്താക്കി; പുതിയ നാല് ഘട്ട പരിശോധനാ സംവിധാനവും സുരക്ഷയ്ക്ക് സിഐഎസ്എഫും

മാനുഷികമായ പിഴവുകൾക്ക് പുറമെ സാങ്കേതികവും അടിസ്ഥാനപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിലും വലിയ പരിഷ്കാരങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ പുറത്താക്കി; പുതിയ നാല് ഘട്ട പരിശോധനാ സംവിധാനവും സുരക്ഷയ്ക്ക് സിഐഎസ്എഫും
Published on

സമീപകാലത്ത് നീറ്റ്, യുജിസി-നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ടുണ്ടായ ചോദ്യപേപ്പർ ചോർച്ചകൾക്കും വ്യാപക ക്രമക്കേടുകൾക്കും പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ വലിയ രീതിയിലുള്ള അഴിച്ചുപണിക്ക് തുടക്കം കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ പരിഹരിക്കുന്നതിനും രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ നടത്തിപ്പ് ഏജൻസിക്ക് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 600-ഓളം പരീക്ഷാ വിദഗ്ധരെയാണ് ഇതിനോടകം എൻടിഎയിൽ നിന്ന് പുറത്താക്കിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാ​ദ് ജോഷിയുടെ കർശന നിർദേശപ്രകാരമാണ് ഏജൻസിയുടെ പ്രവർത്തനങ്ങളിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്നത്. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായും എൻടിഎ ഡയറക്ടർ ജനറലുമായും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രി നടത്തിയ ഉന്നതതല അവലോകന യോഗത്തിലാണ് പരീക്ഷാ സംവിധാനം സുതാര്യമാക്കുന്നതിനുള്ള ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

ചോദ്യപേപ്പറുകളിലെ തെറ്റുകൾ ഒഴിവാക്കുന്നതിനും സൂക്ഷ്മപരിശോധന കർശനമാക്കുന്നതിനുമായി പുതിയതായി നാല് ഘട്ടങ്ങളിലുള്ള പരിശോധനാ സംവിധാനം എൻടിഎ നടപ്പിലാക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഒഴിവാക്കപ്പെട്ട വിദ​ഗ്ധർക്ക് പകരം സൈബർ സുരക്ഷ, സൈക്കോമെ​ട്രിക്സ്, ചോദ്യപേപ്പർ രൂപകൽപ്പന എന്നീ മേഖലകളിൽ പ്രാവീണ്യമുള്ള സ്വകാര്യ മേഖലയിൽ നിന്നുള്ള വിദഗ്ധരെ പരീക്ഷാ നടത്തിപ്പിനായി ഏജൻസി പുതിയതായി നിയോഗിക്കും.

ഇതിനുപുറമെ, സാങ്കേതികവിദ്യയും ഭരണനിർവ്വഹണവും മെച്ചപ്പെടുത്തുന്നതിനായി ചീഫ് ടെക്നോളജി ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ എന്നിവരുൾപ്പെടെ പത്തോളം പുതിയ പ്രൊഫഷണൽ നേതൃസ്ഥാനങ്ങളിലേക്ക് നിയമനം നടത്തുന്നതിനായി എൻടിഎ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മാറ്റങ്ങളുടെ ഭാഗമായി നേരത്തെ തന്നെ ഏജൻസിയിലെ അമ്പതിലധികം ജീവനക്കാരെ നീക്കം ചെയ്തിരുന്നു. ഇതിന് പകരമായി അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇരുപത് മുതൽ ഇരുപത്തഞ്ച് വരെ പുതിയ ഉദ്യോഗസ്ഥരെക്കൂടി എൻടിഎയുടെ ഭാഗമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ പുറത്താക്കി; പുതിയ നാല് ഘട്ട പരിശോധനാ സംവിധാനവും സുരക്ഷയ്ക്ക് സിഐഎസ്എഫും
സർക്കാർ നിലങ്ങളിൽ വിളയുന്ന ലഹരി; ഒഡീഷയുടെ ഉൾ​ഗ്രാമങ്ങളിൽ വളരുന്നത് കോടികളുടെ കഞ്ചാവ്

മാനുഷികമായ പിഴവുകൾക്ക് പുറമെ സാങ്കേതികവും അടിസ്ഥാനപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിലും വലിയ പരിഷ്കാരങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി എൻടിഎയുടെ പ്രവർത്തനങ്ങൾ അടിയന്തരമായി പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റാനും ഈ ഓഫീസുകളുടെ സുരക്ഷാ ചുമതല പൂർണമായും സിഐഎസ്എഫിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

നിർണായക പരീക്ഷാ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന കോൺഫിഡൻഷ്യൽ ഓപ്പറേഷൻസ് (CONOPS) സംവിധാനത്തിലും കാലികമായ മാറ്റങ്ങൾ വരും. ബാഹ്യ ഇടപെടലുകൾ സാധ്യമല്ലാത്ത പ്രത്യേക മുറികൾ, ഇന്റർനെറ്റ് ശൃംഖലയിൽ നിന്ന് പൂർണമായും മാറ്റിനിർത്തുന്ന എയർ-ഗ്യാപ്പ്ഡ് കമ്പ്യൂട്ടർ സിസ്റ്റങ്ങൾ എന്നിവ നടപ്പിലാക്കി വിവരച്ചോർച്ച പൂർണ്ണമായും തടയാനാണ് അധികൃതർ ഒരുങ്ങുന്നത്. നിലവിലെ മുഴുവൻ പരീക്ഷാ പ്രക്രിയകളുടെയും സമഗ്രമായ ഓഡിറ്റ് നടത്തി റിപ്പോർട്ട് സമർപ്പിക്കാനും വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിലെ സുതാര്യത വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ ആശങ്കകൾ അകറ്റാനും പരീക്ഷാ സംവിധാനത്തെ കൂടുതൽ കുറ്റമറ്റതാക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നിർണായക ചുവടുവെപ്പായാണ് ഈ വലിയ അഴിച്ചുപണിയെ വിലയിരുത്തുന്നത്.

Summary

The National Testing Agency (NTA) is undergoing a major structural and security overhaul following controversies surrounding the NEET-UG and UGC-NET paper leaks. The Union Education Ministry has removed 600 exam experts, planning to replace them with private sector specialists in cybersecurity, psychometrics, and question-paper design. To prevent future errors and leaks, the NTA is introducing a strict four-tier question paper checking system. Furthermore, NTA offices will be relocated and secured by the Central Industrial Security Force (CISF), and a highly secure, air-gapped system will be implemented for all confidential operations.

Madism Digital
madismdigital.com