പഠിച്ച കോഴ്‌സ് അനുസരിച്ചുള്ള ജോലി 8.25% പേർക്ക് മാത്രം; നീതി ആയോഗ് റിപ്പോർട്ട്, ആശങ്ക വേണോ?

കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട സാമ്പത്തിക സർവേയിലും (Economic Survey) നീതി ആയോഗിന്റെ 'Reimagining Skilling for Viksit Bharat @2047' എന്ന വർക്കിംഗ് പേപ്പറിലുമാണ് രാജ്യത്തെ തൊഴിൽ മേഖലയിലെ ആശങ്കാജനകമായ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത്
പഠിച്ച കോഴ്‌സ് അനുസരിച്ചുള്ള ജോലി 8.25% പേർക്ക് മാത്രം; നീതി ആയോഗ് റിപ്പോർട്ട്, ആശങ്ക വേണോ?
Published on

രാജ്യത്ത്, തങ്ങൾ ഉന്നതവിദ്യാഭ്യാസം നേടിയ പഠനമേഖലയ്ക്കോ യോഗ്യതയ്ക്കോ അനുയോജ്യമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത് കേവലം 8.25 ശതമാനം ബിരുദധാരികൾ മാത്രമെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട്. തൊഴിൽ വിപണിയിലെ ആവശ്യങ്ങളും ഉന്നതവിദ്യാഭ്യാസ മേഖല നൽകുന്ന നൈപുണ്യവും (Skills) തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരങ്ങൾ.

കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട സാമ്പത്തിക സർവേയിലും (Economic Survey) നീതി ആയോഗിന്റെ 'Reimagining Skilling for Viksit Bharat @2047' എന്ന വർക്കിംഗ് പേപ്പറിലുമാണ് രാജ്യത്തെ തൊഴിൽ മേഖലയിലെ ഈ ആശങ്കാജനകമായ അവസ്ഥ ചൂണ്ടിക്കാണിക്കുന്നത്.

റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ:

തൊഴിൽ നൈപുണ്യത്തിലെ പൊരുത്തക്കേട് (Skill Mismatch)

ബിരുദം പൂർത്തിയാക്കിയവരിൽ ഭൂരിഭാഗം പേർക്കും തങ്ങളുടെ യോഗ്യതയ്ക്ക് അനുയോജ്യമായ ഉന്നത നൈപുണ്യമുള്ള (High Competency) ജോലികൾ ലഭിക്കുന്നില്ല. 8.25% പേർ മാത്രമാണ് യോഗ്യതയ്ക്കനുസരിച്ചുള്ള മേഖലകളിൽ പ്രവർത്തിക്കുന്നത്.

അർഹതയ്ക്കൊത്ത തൊഴിൽ ലഭ്യതക്കുറവ് (Underemployment)

രാജ്യത്തെ ബിരുദധാരികളിൽ 50 ശതമാനത്തിലധികം പേരും ബിരുദാനന്തര ബിരുദമുള്ളവരിൽ 44 ശതമാനത്തോളം പേരും കുറഞ്ഞ വൈദഗ്ധ്യം മാത്രം ആവശ്യമായ 'സെമി സ്കിൽഡ്' അല്ലെങ്കിൽ 'എലിമെന്ററി' തസ്തികകളിലാണ് ജോലി ചെയ്യുന്നത്.

പരമ്പരാഗത കോഴ്‌സുകളിലെ തിരക്ക്

ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്ന 3.4 കോടി വിദ്യാർത്ഥികളിൽ 1.13 കോടിയിലധികം പേരും ബി.എ (BA), ബി.എസ്.സി (BSc), ബി.കോം (BCom) തുടങ്ങിയ ജനറിക് കോഴ്‌സുകളാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇത്തരം കോഴ്‌സുകൾ നിലവിലെ വ്യവസായ മേഖലയ്ക്ക് ആവശ്യമായ പ്രായോഗിക തൊഴിൽ വൈദഗ്ധ്യം നൽകുന്നതിൽ പിന്നിലാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

കാരണങ്ങൾ

പ്രായോഗിക പരിശീലനത്തിന്റെ കുറവ്: കോളേജ് പഠനകാലത്ത് 80 ശതമാനത്തോളം വിദ്യാർത്ഥികൾക്കും പ്രായോഗിക പരിശീലനമോ ഇൻഡസ്ട്രി എക്സ്പോഷറോ ലഭിക്കുന്നില്ല.

കാലഹരണപ്പെട്ട പാഠ്യപദ്ധതി

വിപണിയിൽ ദിവസേന മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് കോളേജ് പാഠ്യപദ്ധതികൾ പരിഷ്കരിക്കപ്പെടുന്നില്ല.

സുരക്ഷിതത്വത്തിന് മുൻഗണന

പ്രൈവറ്റ് മേഖലയിലെ അനിശ്ചിതത്വവും ഡിഗ്രി പഠനം കൃത്യമായ ഒരു കരിയർ പാത നൽകുന്നില്ലെന്ന തിരിച്ചറിവും മൂലം ഭൂരിഭാഗം യുവാക്കളും സർക്കാർ ജോലികൾക്കായി സമയം മാറ്റിവെക്കുന്നു (ഉദാഹരണത്തിന് 55,000 തസ്തികകളിലേക്ക് 1.86 കോടിയോളം അപേക്ഷകരാണ് എത്തിയത്).

പരിഹാര നിർദ്ദേശങ്ങൾ

ബിരുദ പഠനത്തോടൊപ്പം പ്രായോഗിക തൊഴിൽ പരിശീലനങ്ങളും (Vocational Training) നിർബന്ധമാക്കണമെന്ന് നീതി ആയോഗ് ശുപാർശ ചെയ്യുന്നു. കൂടാതെ, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് സർവകലാശാല പാഠ്യപദ്ധതികൾ കാലാനുസൃതമായി പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വർഷങ്ങളോളം പഠിച്ച് ഡിഗ്രി നേടിയിറങ്ങുന്ന ലക്ഷക്കണക്കിന് യുവജനങ്ങൾ എന്ത് ചെയ്യുന്നു എന്ന ചോദ്യമാണ് നീതി ആയോഗിന്‍റെ പുതിയ റിപ്പോർട്ട് ഉയർത്തുന്നത്. ആഗസ്റ്റ് 17ന് ദേശീ‍യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു.

നമ്മളെല്ലാം പഠിക്കാൻ പോയി പുറത്തിറങ്ങുന്ന കോഴ്സുകൾ നമ്മെ ജോലിക്ക് സജ്ജമാക്കുന്നില്ലെന്നാണ് നിർമലാ സീതാരാമന്‍ പറയുന്നത്. കൂടാതെ വിദ്യാർഥികളെ സംരംഭകരാകാനും അവരിലെ പല കോഴ്സുകളും പ്രാപ്തരാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

Summary

According to a NITI Aayog report, only 8.25% of graduates in India are employed in jobs relevant to their field of study or higher-education qualifications. The data highlights a significant gap between the skills provided by the higher education system and the demands of the job market.

The concerning state of India’s employment sector has been highlighted in the Economic Survey released by the Union Finance Ministry and NITI Aayog’s working paper, “Reimagining Skilling for Viksit Bharat @2047.”

Madism Digital
madismdigital.com