

ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ, പാക് വ്യോമത്താവളത്തിൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോ പുറത്ത്. 2025 മേയ് 10ന് ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ റാവൽപിണ്ടിയിലെ പാക്കിസ്‌ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പാക്കിസ്‌ഥാന്റെ വ്യോമതാവളത്തിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ ആക്രമണത്തിന്റെ ദൃശ്യങ്ങളാണിതെന്നാണ് പുറത്തുവരുന്ന വിവരം.
സമൂഹമാധ്യങ്ങളിൽ വീഡിയോ പ്രചരിച്ചിട്ടും ഇരു രാജ്യങ്ങളും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പാക്കിസ്ഥാൻ പൗരന്മാർ പകർത്തിയ വീഡിയോയിൽ, മിസൈൽ കാണുമ്പോൾ, ഡ്രോൺ ആണോ എന്ന സംശയം ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. വ്യോമതാവളത്തിൽ മിസൈൽ പതിക്കുന്നതും സ്ഫോടനം നടക്കുന്നതും കാണാനാവും. അതേസമയം, പാക്കിസ്ഥാന്റെ വ്യോമത്താവളങ്ങൾ ആക്രമിക്കാൻ ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാന്‍റെ വ്യോമത്താവളങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തായിരുന്നു ഇന്ത്യയുടെ ആക്രമണം.
2025 ഏപ്രിൽ 22ന് പഹൽഗാമിൽ ഭീകരർ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 26 ഇന്ത്യന്‍ പൗരന്മാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് ഓപ്പറേഷന്‍ സിന്ദൂർ പ്രഖ്യാപിക്കപ്പെടുന്നത്. 2025 മെയ് 7 പുലർച്ചെ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനെതിരെ അതിർത്തി കടന്ന് ആക്രമിക്കുന്നത്. കരസേനയും നാവികസേനയും ഓപ്പറേഷനില്‍ പിന്നീട് പ്രത്യാക്രമണത്തിന് ഭാഗമായി. പാക്കിസ്ഥാനിലും പാക് അധീനിവേശ കശ്മീരിലുമുള്ള ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങള്‍. പാകിസ്ഥാന്‍റെ മർമ്മ പ്രധാന കേന്ദ്രങ്ങളും ആക്രമണത്തില്‍ തകർന്നിട്ടുണ്ട്.
English Summary: Video footage circulating on social media reportedly shows India’s BrahMos missile strike on Pakistan’s Nur Khan airbase in Rawalpindi during Operation Sindoor in May 2025. Neither country has officially confirmed the video.