

പിഎം കെയർ ഫണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പാർലമെന്റിൽ വിലക്കി പ്രധാനമന്ത്രിയുടെ ഓഫീസ്. പിഎം കെയർ മാത്രമല്ല, പ്രധാനമന്ത്രി ദേശീയ ദുരിധാശ്വാസ ഫണ്ട് (പിഎംഎൻഡിആർഎഫ്), ദേശിയ പ്രതിരോധ ഫണ്ട് (എൻഡിഎഫ്) എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അനുവദിക്കില്ലെന്ന് ലോക്സഭാ സെക്രട്ടേറിയേറ്റിനോട് പിഎംഒയുടെ നിർദ്ദേശിച്ചിട്ടുണ്ട്. ഈ ഫണ്ടുകൾ, പൊതുജനങ്ങളിൽ നിന്നും സ്വമേധയ സംഭാവനയായി സ്വീകരിക്കുന്നതാണെന്നും, സർക്കാറുമായി ബന്ധപ്പെട്ടതല്ലെന്നുമാണ് പിഎംഒ നൽകുന്ന വിശദീകരണം.
ലോക്സഭാ ചട്ടങ്ങളിലെ വകുപ്പ് 41(2) (viii), 41(2)(xvii) പ്രകാരമാണ് ജനുവരി 30ന് കേന്ദ്രസർക്കാർ ഇത്തരത്തിലൊരു നിർദേശം നൽകിയത്. സർക്കാറിൻറെ പരിഗണനയിൽ ഇല്ലാത്തതും, സർക്കാറിന് പ്രാഥമികമായി ഉത്തരവാദിത്തമില്ലാത്തതുമായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും നടപടികളും ബാധകമാകില്ലെന്നാണ് ഈ നിയമങ്ങളിൽ പറയുന്നത്.
പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് ജനങ്ങൾക്കും പ്രതിപക്ഷത്തിനും ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ അറിയാനുമുള്ള സകല മാർഗങ്ങളും ഇതോടെ ഇല്ലാതായിരിക്കുകയാണ്. നേരത്തെ തന്നെ, പിഎം കെയേഴ്‌സ് ഫണ്ടിനെ എഫ്‌സിആർഎയുടെ എല്ലാ വ്യവസ്ഥകളിൽ നിന്നും, സിഎജി ഓഡിറ്റുകളിൽ നിന്നും ഒഴിവാക്കിയിരുന്നു. മാത്രമല്ല, വിവരാവകാശ നിയമം വഴി പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ തേടാനും സാധിക്കില്ല.
കൊവിഡ് മഹാമാരി പോലുള്ള അടിയന്തര സാഹചര്യങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനായി രൂപീകരിച്ച ചാരിറ്റബിൾ ട്രസ്റ്റാണ് പിഎം കെയേഴ്സ്. പ്രകൃതി ദുരന്തം, അപകടം, കലാപം എന്നിവ നേരിട്ട് ബാധിച്ചവർക്ക് പിഎംഎൻആർഎഫ് വഴി സഹായം ലഭിക്കും എന്നാണ് അവകാശവാദം. സായുധ, അർധസൈനിക സേനകളിലെ അംഗങ്ങളുടെ ക്ഷേമത്തിനും കുടുംബങ്ങളെ സഹായിക്കുന്നതിനായാണ് എൻഡിഎഫ് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്സ് ഒഫിഷ്യോ ചെയർമാൻ.
English Summary: The Prime Minister’s Office has barred Parliament from raising questions about the PM CARES Fund, PMNRF, and the National Defence Fund.