

മുംബൈ: മുൻ ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് കത്തയച്ച ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയുടെ നടപടിയെ പിന്തുണച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ. ഇന്ത്യൻ വംശജനായ മംദാനിക്ക് രാജ്യത്തെ സംഭവവികാസങ്ങളിൽ ഇടപെടാനുള്ള അവകാശമുണ്ടെന്ന് ചവാൻ അഭിപ്രായപ്പെട്ടു. "ഇന്ത്യൻ രക്തം അദ്ദേഹത്തിൽ ഒഴുകുന്നുണ്ട്. ഒരു ഇന്ത്യക്കാരന് അനീതി നേരിടുമ്പോൾ ആർക്കും ഇടപെടാൻ അർഹതയുണ്ട്. എന്നാൽ ഏറ്റവും പ്രധാനം മനുഷ്യാവകാശങ്ങളാണ്. ഒരു കത്തെഴുതിയതിന് ആരും അമിതമായി പ്രതികരിക്കേണ്ടതില്ല," ചവാൻ വ്യക്തമാക്കി.
പുതുവർഷദിനത്തിൽ ന്യൂയോർക്ക് മേയറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ വംശജനായ മംദാനി ഉമർ ഖാലിദിന് പിന്തുണയറിയിച്ച് സ്വന്തം കൈയക്ഷരത്തിൽ കുറിപ്പയച്ചത്. "പ്രിയപ്പെട്ട ഉമർ, കയ്പ്പിനെക്കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. അത് സ്വയം ദഹിപ്പിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യവും. നിങ്ങളുടെ മാതാപിതാക്കളെ കണ്ടതിൽ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു." കത്തിൽ മംദാനി എഴുതി.
ഉമർ ഖാലിദിന്റെ മാതാപിതാക്കളെ അമേരിക്കയിൽ വച്ച് നേരിൽ കണ്ട ശേഷമാണ് മംദാനി കുറിപ്പ് എഴുതിയത്. നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്റെ ദീർഘകാല തടവിനെതിരെ മംദാനി പരസ്യമായി നിലപാടെടുത്തിരുന്നു. വെറുപ്പിനും ആൾക്കൂട്ട ആക്രമണങ്ങൾക്കുമെതിരെ സംസാരിച്ച ഒരു യുവാവിനെ വിചാരണ കൂടാതെ ജയിലിലടക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നാണ് മംദാനിയുടെ നിലപാട്.
അതേസമയം ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ആരോപണ വിധേയനായി തടവില്‍ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. വിചാരണ വൈകുന്നത് ജാമ്യം നൽകാനുള്ള മാനദണ്ഡമോ കാരണമോ അല്ലെന്നാണ് കോടതിയുടെ കണ്ടെത്തിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും നിർണ്ണായക പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികൾ 2020 മുതൽ ജയിലിൽ കഴിയുകയാണെന്നും, വിചാരണ നടപടികൾ നീണ്ടുപോകുകയാണെന്നും, പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും, ഓരോ പ്രതിക്കുമുള്ള കുറ്റങ്ങൾ വേർതിരിച്ച് പരിശോധിച്ചതിന് ശേഷം ഇവർക്കു ജാമ്യം നൽകേണ്ടതില്ലെന്നാണ് കോടതിയുടെ തീരുമാനം. കോടതി ഉത്തരവിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഒരു വർഷത്തിന് ശേഷം മാത്രമേ ജാമ്യത്തിനായി അപേക്ഷിക്കാനാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
English Summary: Senior Congress leader and former Maharashtra CM Prithviraj Chavan defended New York Mayor Zohran Mamdani for writing a letter supporting Umar Khalid, stressing that human rights matter more than political outrage.