

ദേശീയ രാഷ്ട്രീയത്തില്‍ അടുത്തിടെ ഏറ്റവും ചര്‍ച്ചയായ പേരുകളില്‍ ഒന്നാണ് രാജ്യസഭാ എംപി രാഘവ് ഛദ്ദയുടെ പേര്. എഎപി അംഗമായിരുന്ന അദ്ദേഹം പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയതാണ് അടുത്തിടെ അദ്ദേഹത്തെ ചര്‍ച്ചയില്‍ നിറച്ചത്. എന്നാല്‍, രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത് പോയതാണ് ഇപ്പോഴത്തെ ചര്‍ച്ചകളുടെ അടിസ്ഥാനം. പഞ്ചാബിലെ കരട് വോട്ടര്‍ പട്ടികയില്‍ നിന്നും രാഘവ് ഛദ്ദയുടെ പേര് വെട്ടിയതാണ് വിവാദങ്ങളുടെ അടിസ്ഥാനം. ഇക്കഴിഞ്ഞ ഏപ്രിലിലാണ് രാഘവ് ഛദ്ദ എഎപി വിട്ട് ബിജെപിയില്‍ എത്തിയത്. ഇതിലുള്ള പ്രതികാര നടപടിയാണ് വോട്ടര്‍ പട്ടിയിലെ പേരുവെട്ടലെന്നാണ് രാഘവ് ഛദ്ദയുടെ ആരോപണം. സ്ഥിരമായി താമസം മാറിയവര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ വോട്ടര്‍ പട്ടിയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്.
രാഘവ് ഛദ്ദയുടെ ആരോപണം
നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തി പഞ്ചാബ് സര്‍ക്കാര്‍ ഇടപെട്ട് ബോധപൂര്‍വം നടത്തിയ നീക്കം എന്നാണ് നടപടിയെ രാഘവ് ഛദ്ദ വിമര്‍ശിച്ചത്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തുന്നു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ നിലവിലുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ പേരില്‍ സംശയങ്ങളോ ചോദ്യങ്ങളോ ഉയര്‍ന്നാലും കരട് വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് നിലനിര്‍ത്തണമെന്നും പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധിയില്‍ അത് പരിശോധിക്കണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശം എന്നും രാഘവ് ഛദ്ദ വിശദീകരിക്കുന്നു.
എഎപിയുടെ മറുപടി
സംസ്ഥാന സര്‍ക്കാരല്ല, തിരഞ്ഞെടുപ്പ് കമ്മീഷനാണ് എസ്ഐആര്‍ നടത്തുന്നത്, അതിനാല്‍ ആരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നോ ഇല്ലാതാക്കണമെന്നോ തീരുമാനിക്കുന്നതില്‍ പഞ്ചാബ് സര്‍ക്കാരിന് പങ്കില്ലെന്ന് വിശദീകണമാണ് എഎപി നല്‍കുന്നത്. എക്‌സില്‍ പങ്കുവച്ച വിശദമായ ട്വീറ്റില്‍ ആണ് എഎപിയുടെ പ്രതികരണം.
ഡല്‍ഹിയില്‍ വോട്ടര്‍ ആകാനുള്ള ശ്രമമാണ് രാഘവ് ഛദ്ദ നടത്തുന്നത്. ഇത് പുറത്തുവന്നപ്പോള്‍ പഞ്ചാബ് സര്‍ക്കാരിന് എതിരെ ആക്ഷേപം ഉന്നയിക്കുകയാണ്. മുഴുവന്‍ പഴിയും ആം ആദ്മി പാര്‍ട്ടിയുടെയും (എഎപി) പഞ്ചാബ് സര്‍ക്കാരിന്റെയും മേല്‍ ചുമത്താന്‍ ആണ് ചദ്ദയുടെ നീക്കം.
രാഘവ് ഛദ്ദ പഞ്ചാബിലല്ല, ഡല്‍ഹിയിലാണ് ഇപ്പോള്‍ താമസിക്കുന്നത് എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അദ്ദേഹം ഇനി പഞ്ചാബില്‍ താമസിക്കുന്നില്ലെങ്കില്‍, വോട്ടര്‍ രജിസ്‌ട്രേഷന്‍ നിലനിര്‍ത്തുകയോ മാറ്റുകയോ ചെയ്യുന്നത് അദ്ദേഹത്തിന്റെ സ്വന്തം ഉത്തരവാദിത്തമാണ്. വോട്ടര്‍ എന്‍ട്രി ഇല്ലാതാക്കിയതിന് എഎപിയെയോ പഞ്ചാബ് സര്‍ക്കാരിനെയോ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയല്ല.
ഡല്‍ഹിയിലെ രജീന്ദര്‍ നഗറില്‍ തന്റെ വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ രാഘവ് ഛദ്ദ ശ്രമിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായും എഎപി പറയുന്നു. ഈ വിഷയത്തില്‍ മുഴുവന്‍ സത്യവും പൊതുജനങ്ങളുടെ മുമ്പാകെ എത്തണം. . അത്തരമൊരു നിയമവിരുദ്ധമോ ആയ നീക്കത്തിന് ബിജെപിയുടെ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുമെന്നും എഎപി വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്
വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ പൂര്‍ണമായും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടക്കുന്നതെന്നും, അതില്‍ സംസ്ഥാന സര്‍ക്കാരിനു യാതൊരുവിധ ഇടപെടലും നടത്താനാകില്ലെന്നുമാണ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന പ്രതികരണം. പഞ്ചാബിലെ അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 12ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 12 വരെയുള്ള ഒരു മാസത്തെ സമയപരിധിയില്‍ അപേക്ഷ സമര്‍പ്പിച്ച് വീണ്ടും വോട്ടര്‍പട്ടികയില്‍ ഇടം നേടാന്‍ അവസരമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
രാഘവ് ഛദ്ദയുടെ രാജ്യസഭാ എംപി സ്ഥാനത്തിന്റെ ഭാവി
പഞ്ചാബിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടാല്‍ രാഘവ് ചദ്ദയ്ക്ക് രാജ്യസഭാ എം.പി സ്ഥാനം നഷ്ടപ്പെടുമോ എന്നതാണ് ഇപ്പോഴത്തെ വിവാദത്തില്‍ ഉയരുന്ന പ്രധാന ചോദ്യം. എന്നാല്‍ ആസന്ന ഭാവിയില്‍ രാഘവ് ചദ്ദയുടെ എംപി സ്ഥാനത്തിന് ഇളക്കം തട്ടിക്കാന്‍ വോട്ടര്‍ പട്ടികയിലെ പേരില്ലായ്മ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
പഞ്ചാബിലെ കരട് വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത് എന്നതാണ് ഇതില്‍ പ്രധാനം. അതുകൊണ്ട് തന്നെ തിരുത്താന്‍ അവസരം ബാക്കിയുണ്ട്. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താനും വിട്ടുപോയ പേരുകള്‍ കൂട്ടിച്ചേര്‍ക്കാനും സെപ്റ്റംബര്‍ 12 വരെ പരാതികളും അവകാശവാദങ്ങളും ഉന്നയിക്കാം. ഒക്ടോബര്‍ 8-ഓടെ ഇത് പരിശോധിച്ച് തീര്‍പ്പാക്കുകയും ഒക്ടോബര്‍ 12-ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും.
ഇനി അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടില്ല എങ്കിലും വലിയ പ്രതിസന്ധി ഉണ്ടാകില്ല. രാജ്യ സഭാ എംപി താന്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ വോട്ടര്‍ തന്നെയായിരിക്കണം എന്ന് വ്യവസ്ഥയില്ല. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഒരാള്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍ ആയിരുന്നാല്‍ മതി. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 3 ഇക്കാര്യം വ്യക്തമാക്കുന്നു. 2003-ല്‍ വരുത്തിയ നിയമഭേദഗതി പ്രകാരം സംസ്ഥാനത്തെ വോട്ടറായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്.
രാഘവ് ചദ്ദയുടെ പേര് പഞ്ചാബിലെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടാലും, ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും അദ്ദേഹത്തിന് സാധുവായ വോട്ടര്‍ ഐ.ഡി ഉണ്ടെങ്കില്‍ രാജ്യസഭാ അംഗത്വത്തിന് യാതൊരു ഭീഷണിയുമില്ല. ഡല്‍ഹിയില്‍ പേരു ചേര്‍ക്കാനുള്ള നീക്കം നടന്നിരുന്നു എന്ന് എഎപി വെളിപ്പെടുത്തല്‍ ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്.
എന്നാല്‍, ഒരു വ്യക്തിക്ക് ഇന്ത്യയില്‍ ഒരിടത്തും വോട്ടവകാശം ഇല്ലെന്ന സാഹചര്യം വന്നാല്‍, സെക്ഷന്‍ 3 പ്രകാരമുള്ള അടിസ്ഥാന യോഗ്യത നിലനില്‍ക്കുമോ എന്ന നിയമപരമായ ചോദ്യമാണ് ബാക്കിയുള്ളത്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 101, 102 പ്രകാരം ഒരു എം.പിയെ അയോഗ്യനാക്കാന്‍ കഴിയില്ല. അതിനായി പ്രത്യേകം നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
Rajya Sabha MP Raghav Chadha is back in the political spotlight after his name was reportedly removed from the draft electoral roll in Punjab. Chadha, who recently left the Aam Aadmi Party (AAP) and joined the BJP, has alleged that the deletion is an act of political retaliation. His name was reportedly removed under the category of voters who have permanently shifted residence, triggering controversy over the voter list.