

ചെന്നൈ: തുടർച്ചയായ കൂടുമാറ്റങ്ങളിലൂടെ തമിഴ് രാഷ്ട്രീയ രംഗത്ത് ചർച്ചയാവുകയാണ് നടി രഞ്ജന നാച്ചിയാർ. ഭാരതീയ ജനതാ പാർട്ടിയിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച്, പിന്നീട് വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേരുകയും, ഇപ്പോൾ അവിടെ നിന്നും രാജിവെച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഡിഎംകെയിൽ അംഗത്വമെടുക്കുകയും ചെയ്തിരിക്കുകയാണ് താരം. ബിജെപിയുടെ കല-സാംസ്കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജന, അവിടെ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ടിവികെയിലേക്ക് കൂടുമാറിയത്. എന്നാൽ മാസങ്ങൾക്കകം ആ പ്രസ്ഥാനവും ഉപേക്ഷിച്ചത് താരത്തിന്റെ രാഷ്ട്രീയ നിലപാടുകളിലെ സ്ഥിരതയില്ലായ്മയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് രഞ്ജന പാർട്ടിവിട്ടിരിക്കുന്നത്. വിജയിന് രാഷ്ട്രീയത്തോടുള്ള സമീപനം ഗൗരവകരമല്ലെന്നും ഉച്ചയ്ക്ക് 11 മണിക്ക് മാത്രം ഉണരുന്ന അദ്ദേഹത്തിന് നേതൃഗുണമില്ലെന്നും അവർ പരിഹസിച്ചു. പാർട്ടി കാര്യങ്ങളിൽ വിജയ് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും അദ്ദേഹത്തിന് ചുറ്റുമുള്ളത് 'ടോക്സിക്' ആയ ആളുകളാണെന്നും രഞ്ജന കുറ്റപ്പെടുത്തി. വിജയ്-സംഗീത വിവാഹമോചന വിഷയവുമായി ബന്ധപ്പെട്ടും പാർട്ടിക്കുള്ളിൽ രൂക്ഷമായ ഭിന്നതകൾ നിലനിന്നിരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കൂടുമാറ്റം രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു.
പെരിയാറിന്റെയും അണ്ണായുടെയും ആശയങ്ങൾ പിന്തുടരാനാണ് താൻ ഡിഎംകെയിൽ ചേർന്നതെന്നാണ് രഞ്ജനയുടെ ഇപ്പോഴത്തെ വാദം. ഡിഎംകെയ്ക്ക് മാത്രമേ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇതിനു മുൻപ് പ്രവർത്തിച്ചിരുന്ന ബിജെപിയിലും ടിവികെയിലും സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്ന താരം, ഓരോ തവണയും പാർട്ടി വിടുമ്പോൾ പഴയ പ്രസ്ഥാനങ്ങളെ കടന്നാക്രമിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ബിജെപിയിൽ നിന്ന് ടിവികെയിലേക്കും ഇപ്പോൾ ഡിഎംകെയിലേക്കും വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ മാറിയ ഒരാൾക്ക് എത്രത്തോളം ജനവിശ്വാസം നേടിയെടുക്കാൻ കഴിയുമെന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നുണ്ട്.
സിനിമയിൽ സഹനടിയായും അഭിഭാഷകയായും പ്രവർത്തിക്കുന്ന രഞ്ജന, പ്രശസ്ത സംവിധായകൻ ബാലയുടെ സഹോദരപുത്രി കൂടിയാണ്. 'തുപ്പറിവാളൻ', 'അണ്ണാത്തെ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുമ്പോഴും, അടിക്കടിയുള്ള ഈ കൂടുമാറ്റങ്ങൾ അവരുടെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ട്. ഇന്ന് ഡിഎംകെയെ പുകഴ്ത്തുന്ന രഞ്ജന നാച്ചിയാർ നാളെ മറ്റൊരു അവസരം ലഭിക്കുമ്പോൾ ഈ പാർട്ടിയെയും തള്ളിപ്പറയില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്നാണ് രാഷ്ട്രീയ അണികൾക്കിടയിലെ സംസാരം.
English Summary: Actress Ranjana Nachiyar has switched to the Dravida Munnetra Kazhagam after leaving both Bharatiya Janata Party and Tamilaga Vettri Kazhagam. Her frequent party changes and criticism of Vijay have sparked debate over her political credibility.