ആർഎസ്എസിന്റെ നൂറാം വാർഷിക ആഘോഷ ചടങ്ങിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ പങ്കെടുത്തത് വ്യാപക ചർച്ചയാകുന്നു. ആർഎസ്എസ്എസിന്റെ ശതാബ്ദി ആഘോഷച്ചടങ്ങായ'100 ഇയേഴ്സ് ഓഫ് സംഘ് ജേർണി: ന്യൂ ഹൊറൈസൺസി'ന്റെ ഭാഗമായി ശനിയാഴ്ച നടന്ന 'മുംബൈ വ്യാഖ്യാനമാല' എന്ന പരിപാടിയിലാണ് സൽമാൻ ഖാൻ പങ്കെടുത്തത്. ഇതേതുടർന്ന് വലിയ വിമർശനങ്ങളാണ് സൽമാനെതിരെ ഉയർന്നത്. വിമർശകർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ.
സൽമാൻ ഖാൻ ഒരു ഇന്ത്യൻ പൗരനാണെന്നും ഹൈന്ദവ ആചാരങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ഏക്നാഥ് ഷിന്ദേ അഭിപ്രായപ്പെട്ടു. കൂടാതെ താരങ്ങളുടെ സാന്നിധ്യം രാഷ്ട്രീയവൽക്കരിക്കരുതെന്നും ഷിന്ദേ ആവശ്യപ്പെട്ടു. വാർത്താ ഏജൻസിയായ എഎൻഐയോട് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സൽമാൻ ഖാൻ ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തോ ഇല്ലയോ എന്നത് എന്തുതരം ചോദ്യമാണ് എന്നും സൽമാൻ ഖാൻ ഒരു ഇന്ത്യൻ പൗരനാണെന്നും അദ്ദേഹത്തിന്റെ വീട്ടിൽ ഗണപതിയുടെ വിഗ്രഹമുണ്ടെന്നും സൽമാൻ ഖാനും കുടുംബവും നമ്മുടെ സംസ്കാരത്തെ ബഹുമാനിക്കുന്നരാണെന്നും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിലൂടെ താരങ്ങളെ രാഷ്ട്രീയ കഥകളിൽ ഒതുക്കരുത് എന്നും ഷിന്ദേ പറഞ്ഞു.
അതേ സമയം പ്രസ്തുത പരിപാടിയിൽ പങ്കെടുത്തതിന് സൽമാനെ വിമർശിച്ചു രംഗത്തു വന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെക്കുള്ള മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് മഹാരാഷ്ട്ര തീരദേശ വികസന മന്ത്രിയും ബിജെപി നേതാവുമായ നിതീഷ് റാണാ. സൽമാൻ ഖാൻ ഉദ്ധവ് താക്കറെയെക്കാൾ നല്ല ഹിന്ദുവാണെന്നായിരുന്നു നിതീഷ് മറുപടി നൽകിയത്.
പരിപാടിയിൽ സൽമാൻ ഖാനെ കൂടാതെ ബോളിവുഡിലെ പ്രമുഖ താരങ്ങളായ രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരും പങ്കെടുത്തിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ അക്ഷയ് കുമാർ, കരൺ ജോഹർ, അനന്യ പാണ്ഡെ, ശിൽപ ഷെട്ടി, രവീണ ഠണ്ടൻ, ജാക്കി ഷ്രോഫ് എന്നിവരും സാന്നിധ്യങ്ങളായിരുന്നു. കൂടാതെ സുഭാഷ് ഘായ്, നിതേഷ് തിവാരി തുടങ്ങിയ പ്രമുഖ സിനിമാ നിർമാതാക്കളും സദസ്സിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആർ.എസ്.എസ് സംഘചാലക് മോഹൻ ജി ഭാഗവത് ആയിരുന്നു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മോഹൻ ഭാഗവതിന്റെ ആശയങ്ങൾ പ്രചോദനകരമാണെന്നും ബോളിവുഡിൽ നിന്നുമുള്ളവർക്ക് പങ്കെടുക്കാൻ സമയം അനുവദിച്ചതിന് നന്ദിയുണ്ടെന്നും കരൺ ജോഹർ പറഞ്ഞു. മോഹൻ ഭാഗവതിന്റെ പ്രസംഗം നേരിട്ട് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അത് തന്നെ വളരെയധികം സ്വാധീനിച്ചെന്നും നടൻ വിക്കി കൗശൽ പ്രതികരിച്ചു.
English Summary: Salman Khan’s participation in the RSS centenary event has sparked political debate, with Maharashtra Deputy CM Eknath Shinde defending the actor and dismissing criticism as unnecessary politicisation.