പായ്ക്ക് ചെയ്ത ഭക്ഷ്യോല്‍പ്പന്നങ്ങളിലെ അമിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതിനായി 'ഫ്രണ്ട്-ഓഫ്-പാക്കേജ് ന്യൂട്രീഷന്‍ ലേബലിങ്' (എഫ്ഒപിഎന്എല്) സംവിധാനം ഫലപ്രദമായി നടപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിനും ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിക്കും (എഫ്എസ്എസ്എഐ) ഇതുസംബന്ധിച്ച് ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ച് കര്‍ശന നിര്‍ദേശങ്ങള്‍ നല്കി.
പാക്കറ്റിന്റെ മുന്‍വശത്ത് തന്നെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന രീതിയില്‍ ചുവന്ന ഷഡ്ഭുജാകൃതിയില്‍ പോഷകഘടകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഓരോ പോഷകത്തിനും പ്രത്യേകം ലേബലുകള്‍ നല്‍കണം ഓരോ ലേബലിലും അതത് പോഷകത്തെ സൂചിപ്പിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ചിത്രത്തിനൊപ്പം ഉയര്‍ന്ന കൊഴുപ്പ്, ഉയര്‍ന്ന പഞ്ചസാര), ഉയര്‍ന്ന ഉപ്പ്) എന്നീ വാക്കുകള്‍ കൂടി വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി, പാക്കറ്റിന്റെ പ്രധാന ഡിസ്പ്ലേ പാനലിന്റെ 4% മുതല്‍ 5% വരെ വലുപ്പത്തിലായിരിക്കണം ഓരോ ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പും. സാധാരണ സാഹചര്യങ്ങളില്‍ ഉല്‍പ്പന്നം വാങ്ങുന്നവര്‍ക്ക് വ്യക്തമായി വായിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഫോണ്ട് വലുപ്പം എഫ്എസ്എസ്എഐ നിശ്ചയിക്കണം. കൂടാതെ മുന്നറിയിപ്പ് ലേബലുകള്ക്കുള്ള പരിധി നിശ്ചയിക്കുമ്പോള്‍ ആകെ പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയാണ് കണക്കിലെടുക്കേണ്ടത്. ഒന്നിലധികം പോഷകഘടകങ്ങളെ ഉള്‍പ്പെടുത്തി ഒറ്റ മുന്നറിയിപ്പ് ചിഹ്നം നല്‍കുന്നത് മതിയാകില്ലെന്ന് കോടതി വ്യക്തമാക്കി.
2020-ലെ ചട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്കി. കുട്ടികളില്‍ പോഷകാഹാരത്തെക്കുറിച്ചുള്ള അറിവും അവബോധവും വളര്‍ത്തുന്നതിനായി സ്കൂള്‍ പാഠ്യപദ്ധതിയില്‍ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്താനും സുപ്രീം കോടതി നിര്‍ദേശിച്ചു. പാഠപുസ്തകങ്ങളിലെ പഠനത്തിനപ്പുറം പ്രായോഗികമായ പോഷകാഹാര അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസിന്റെ പശ്ചാത്തലം
അഭിഭാഷകന് രാജീവ് ശങ്കര്‍ ദ്വിവേദി മുഖേന '3 എസ് ആന്‍ഡ് അവര്‍ ഹെല്‍ത്ത് സൊസൈറ്റി' എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഇടപെടല്‍. അമിതവണ്ണം രാജ്യത്ത് വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, മുന്നറിയിപ്പ് ലേബലുകളുടെ കാര്യത്തില്‍ അന്താരാഷ്ട്ര നിലവാരം പാലിക്കാന്‍ കഴിയില്ലെന്ന കേന്ദ്രത്തിന്റെ മുന്‍ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യ അവികസിതമായി തുടരണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
തുടക്കത്തില്‍ രണ്ടോ അതിലധികമോ പോഷകങ്ങള്‍ പരിധി കടന്നാല്‍ മാത്രം മുന്നറിയിപ്പ് നല്കിയാല് മതിയെന്നായിരുന്നു എഫ്എസ്എസ്എഐയുടെ നിലപാട്. എന്നാല്‍ ഹര്‍ജിക്കാരുടെ എതിര്‍പ്പിനെയും കോടതിയുടെ ഇടപെടലിനെയും തുടര്‍ന്ന്, ഏതെങ്കിലും ഒരു പോഷകം പരിധി കടന്നാല്‍ തന്നെ വെളുത്ത പശ്ചാത്തലത്തില്‍ ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് (കനേഡിയന്‍ മാതൃക) നല്‍കാമെന്ന് എഫ്എസ്എസ്എഐ സമ്മതിച്ചു. കലോറി ഇല്ലാത്ത മധുരപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ 'കലോറി ഇല്ലാത്ത മധുരം അടങ്ങിയത്' എന്ന് രേഖപ്പെടുത്താനും നിര്‍ദേശമുണ്ട്.
The Supreme Court of India has directed the Centre and the Food Safety and Standards Authority of India (FSSAI) to effectively implement front-of-package nutrition labelling (FOPNL) on packaged food products. The labels are intended to alert consumers to high levels of fat, sugar and salt. A bench comprising Justices JB Pardiwala and K Vinod Chandran directed that separate red hexagonal warning labels be displayed prominently on the front of food packets. Each label should clearly identify the relevant nutrient with words such as “High Fat”, “High Sugar” or “High Salt”, along with a standard symbol. The warnings should occupy around 4–5% of the principal display panel and be clearly readable.