അതിജീവനത്തിനായുള്ള യാത്രകള്‍ ചൂഷണമാകുന്നു, കുടിയേറ്റവും മനുഷ്യക്കടത്തും തമ്മില്‍ ശക്തമായ ബന്ധമെന്ന് സുപ്രീം കോടതി

"മനുഷ്യക്കടത്തിനെ വിശാലമായ കുടിയേറ്റ പ്രവാഹങ്ങളില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയില്ല. കാരണം മനുഷ്യക്കടത്ത് കുടിയേറ്റത്തിനുള്ളില്‍ നിന്ന് തന്നെ രൂപപ്പെടുന്നതാണ്"
അതിജീവനത്തിനായുള്ള യാത്രകള്‍ ചൂഷണമാകുന്നു, കുടിയേറ്റവും മനുഷ്യക്കടത്തും തമ്മില്‍ ശക്തമായ ബന്ധമെന്ന് സുപ്രീം കോടതി
Published on

മനുഷ്യ ചൂഷണത്തിന്റെ ഏറ്റവും ഭീകരമായ രൂപങ്ങളിലൊന്നായ മനുഷ്യക്കടത്തും കുടിയേറ്റവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് നിരീക്ഷിച്ച് സുപ്രീം കോടതി. മാന്യമായ ഒരു ഉപജീവനമാര്‍ഗം തേടിയുള്ള യാത്രകള്‍ പലപ്പോഴും, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തില്‍ ഒരു ദുരന്തമായി കലാശിക്കുകയാണെന്ന് കോടതി പറഞ്ഞു. എല്ലാ കുടിയേറ്റങ്ങളും മനുഷ്യക്കടത്തല്ലെങ്കിലും കുടിയേറ്റമല്ലാത്ത മനുഷ്യക്കടത്ത് എന്ന പ്രതിഭാസം അപൂര്‍വ്വമായേ സംഭവിക്കാറുള്ളൂ എന്ന് കോടതി വ്യക്തമാക്കി.

'വ്യവസ്ഥാപിതമായ അസമത്വങ്ങള്‍ എങ്ങനെയാണ് അതിജീവനത്തിനായുള്ള ശ്രമങ്ങളെ ചൂഷണത്തിലേക്കുള്ള വഴിയാക്കി മാറ്റുന്നത്' എന്ന് ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 'ഈ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും കുടിയേറ്റം എന്നത് അതിജീവനത്തിനായുള്ള ഒരു മാര്‍ഗമാണ്. ദരിദ്രമായ സാഹചര്യങ്ങളാണ് അവരെ കുടിയേറ്റത്തിന് നിര്‍ബന്ധിതരാക്കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യക്കടത്തിനെ വിശാലമായ കുടിയേറ്റ പ്രവാഹങ്ങളില്‍ നിന്ന് വേര്‍പെടുത്താന്‍ കഴിയില്ല. കാരണം മനുഷ്യക്കടത്ത് കുടിയേറ്റത്തിനുള്ളില്‍ നിന്ന് തന്നെ രൂപപ്പെടുന്നതാണ്', 297 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് പര്‍ദിവാല കുറിച്ചു.

കുട്ടികളുടെ കാര്യത്തില്‍ നിയമം കര്‍ശനമാക്കണം

കുട്ടികള്‍ ഇരകളാകുന്ന മനുഷ്യക്കടത്ത് കേസുകളില്‍, അവരെ വഞ്ചിച്ചതാണോ അതോ നിര്‍ബന്ധിച്ചതാണോ എന്ന് തെളിയിക്കാന്‍ നിയമം നിര്‍ബന്ധം പിടിക്കരുതെന്ന് വിധിന്യായത്തില്‍ പറയുന്നു. 'മനുഷ്യക്കടത്തിന് ഇരയാകുന്ന കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ ആഘാതങ്ങളും, ചൂഷണങ്ങള്‍ക്ക് ഇരകളാകാനുള്ള ഉയര്‍ന്ന സാധ്യതയും കണക്കിലെടുത്ത് മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി വേണം അവരെ കൈകാര്യം ചെയ്യാന്‍. അതിനാല്‍, ഇര ഒരു കുട്ടിയാണെങ്കില്‍ മനുഷ്യക്കടത്തിന്റെ നിര്‍വചനത്തില്‍ വഞ്ചന, ബലപ്രയോഗം, നിര്‍ബന്ധിക്കല്‍ തുടങ്ങിയ തെളിവുകള്‍ ആവശ്യമില്ലെന്ന് നിയമം വ്യക്തമാക്കണം', ജസ്റ്റിസ് പര്‍ദിവാല ഊന്നിപ്പറഞ്ഞു.

അതിജീവനത്തിനായുള്ള യാത്രകള്‍ ചൂഷണമാകുന്നു, കുടിയേറ്റവും മനുഷ്യക്കടത്തും തമ്മില്‍ ശക്തമായ ബന്ധമെന്ന് സുപ്രീം കോടതി
ലെബനനും ഇസ്രായേലും നിരീക്ഷിക്കാം, സമുദ്രനിരപ്പിൽനിന്ന് 717 മീറ്റർ ഉയരം; തന്ത്രപ്രധാനമായ ബ്യൂഫോ കോട്ട പിടിച്ചെടുത്ത് ഇസ്രായേൽ

വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍

മനുഷ്യക്കടത്തില്‍ ഭൂരിഭാഗവും ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും വളരെ ചെറിയൊരു ശതമാനം കേസുകള്‍ മാത്രമാണ് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുന്നതെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന് ക്രിമിനല്‍ ശൃംഖലകള്‍ ഇരകളെ വലയിലാക്കാന്‍ എങ്ങനെയാണു ഡിജിറ്റല്‍ ലോകത്തെ ഉപയോഗിക്കുന്നതെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ ലോകത്തെ രഹസ്യസ്വഭാവവും എളുപ്പത്തിലുള്ള കണക്റ്റിവിറ്റിയും മുതലെടുത്ത് സൈബര്‍ അധിഷ്ഠിത വാണിജ്യ ലൈംഗിക ചൂഷണം കൂടിയിട്ടുണ്ടെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.

ഐടിപിഎ നിയമത്തിലെ പോരായ്മകള്‍

സ്വയംസമ്മതത്തോടെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് അവകാശങ്ങളും സംരക്ഷണങ്ങളും നല്‍കുന്നതില്‍ ഐടിപിഎ അഥവാ അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമം (Immoral Traffic Prevention Act - ITPA) പരാജയപ്പെടുന്നതിനെക്കുറിച്ചും വിധിന്യായത്തില്‍ പരാമര്‍ശമുണ്ട്. ഈ നിയമത്തിലെ നിശ്ശബ്ദത ലൈംഗികത്തൊഴിലാളികള്‍ക്കെതിരെയുള്ള സാമൂഹിക അധിക്ഷേപത്തിന്റെ ആക്കം കൂട്ടുകമാത്രമാണ് ചെയ്തതെന്ന് ജസ്റ്റിസ് പര്‍ദിവാല നിരീക്ഷിച്ചു. നിയമം മറ്റുള്ളവര്‍ക്ക് നല്‍കുന്ന സുരക്ഷാസംരക്ഷണങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നു പറഞ്ഞ ജസ്റ്റിസ് പര്‍ദിവാല, സ്വയംസമ്മതത്തോടെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടാനും പാര്‍ശ്വവത്കരിക്കപ്പെടാനും കാരണമാകുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഇവരുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുകയുമാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു.

'ലൈംഗികത്തൊഴിലിനെ നിയമവിധേയമാക്കാതെ തന്നെ ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കും,' ജസ്റ്റിസ് പര്‍ദിവാല വിധിന്യായത്തില്‍ എഴുതി. നിയമനിര്‍മ്മാണത്തില്‍ 'ലൈംഗികത്തൊഴിലും' 'ലൈംഗിക ചൂഷണത്തിനായുള്ള മനുഷ്യക്കടത്തും' തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്ന പ്രവണത പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതിജീവനത്തിനായുള്ള യാത്രകള്‍ ചൂഷണമാകുന്നു, കുടിയേറ്റവും മനുഷ്യക്കടത്തും തമ്മില്‍ ശക്തമായ ബന്ധമെന്ന് സുപ്രീം കോടതി
ഇന്ത്യയെ ചുട്ടുകൊല്ലുന്ന പ്രതിഭാസം! ഒറ്റദിവസത്തില്‍ 34,00 പേര്‍ വരെ മരിക്കുന്നു, യാഥാര്‍ത്ഥ്യം മൂടിവയ്ക്കപ്പെടുന്നോ?

ബിഎന്‍എസും ഐടിപിഎയും തമ്മിലുള്ള വൈരുദ്ധ്യം

ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) സെക്ഷന്‍ 143 പ്രകാരം ലൈംഗിക ചൂഷണം മനുഷ്യക്കടത്തായി കണക്കാക്കണമെങ്കില്‍ അതില്‍ പലര്‍മോ പ്രോട്ടോക്കോളിന്റെ (Palermo Protocol) മൂന്ന് ഘട്ടങ്ങള്‍ (ചട്ടക്കൂട്, മാര്‍ഗ്ഗം, ഉദ്ദേശ്യം) ഉണ്ടായിരിക്കണം. എന്നാല്‍ മറുവശത്ത് ഐടിപിഎ പ്രകാരം എല്ലാ ലൈംഗികത്തൊഴിലിനെയും മനുഷ്യക്കടത്തായാണ് കണക്കാക്കുന്നത്.

ഭാരതീയ ന്യായ സംഹിത അനുസരിച്ച് ഭീഷണി, ബലപ്രയോഗം, പ്രലോഭനം അല്ലെങ്കില്‍ വഞ്ചന തുടങ്ങിയ ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ ആയിരിക്കണം ഒരാളെ വേശ്യാവൃത്തിയിലേക്ക് കൊണ്ടുവരേണ്ടത്. എങ്കില്‍ മാത്രമേ അത് മനുഷ്യക്കടത്താകൂ. എന്നാല്‍ ഐടിപിഎ പ്രവര്‍ത്തിക്കുന്നത് തികച്ചും വ്യത്യസ്തമായാണ്. ഐടിപിഎ ഒരിക്കലും മാര്‍ഗങ്ങള്‍ നോക്കാറില്ല. മറിച്ച് സ്വയംസമ്മതത്തോടെ അല്ലാത്ത എല്ലാ വേശ്യാവൃത്തിയും ലൈംഗിക ചൂഷണത്തിനായുള്ള മനുഷ്യക്കടത്തായാണ് കണക്കാക്കുന്നത്. അവിടെ ബലപ്രയോഗമോ പ്രലോഭനമോ വഞ്ചനയോ ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാറില്ല.

അതേസമയം, രക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ഇരകളെത്തന്നെ ഐടിപിഎ നിയമം പീഡിപ്പിക്കുന്ന പ്രവണതയുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടാതെ, ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് കുട്ടികളെ വ്യക്തമായി ഒഴിവാക്കിയിട്ടുമില്ല. ഈ രണ്ട് കാര്യങ്ങളും നിയമനിര്‍മ്മാണ സഭ ഗൗരവമായി പരിശോധിക്കണമെന്ന് ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.

English Summary: The Supreme Court has observed that human trafficking and migration are closely linked, noting that people seeking better livelihoods often become vulnerable to exploitation, especially women and children. The court emphasized that child trafficking cases should not require proof of coercion, fraud, or deception, and called for stronger legal protections for minors. The judgment also highlighted the growing threat of cyber-enabled trafficking and sexual exploitation through digital platforms.

Madism Digital
madismdigital.com