നായകൾക്ക് കൗൺസിലിങ് നൽകണോ?; മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി

തെരുവുനായ്ക്കൾ കടിക്കാനുള്ള മാനസികാവസ്ഥയിലാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലതെന്നും സുപ്രീം കോടതി കൂട്ടിചേർത്തു.
നായകൾക്ക് കൗൺസിലിങ് നൽകണോ?; മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി
Published on

ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ മൃഗസ്നേഹികളുടെ വാദങ്ങളെ പരിഹസിച്ച് സുപ്രീം കോടതി. തെരുവുനായ ആക്രമണം കുറയ്ക്കാൻ ഇനി നായകൾക്ക് കൗൺസിലിങ് നൽകുന്നത് മാത്രമാണ് പരിഹാരമെന്നായിരുന്നു സുപ്രീം കോടതിയുടെ പരിഹാസം. തെരുവുനായ ആക്രമണം തടയുന്നതിൽ ചികിത്സയെക്കാൾ മുൻകരുതലുകൾക്ക് പ്രാധാന്യമുണ്ടെന്നും, മൃഗങ്ങളുടെ പെരുമാറ്റം മുൻകൂട്ടി വിലയിരുത്താൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

20 ദിവസത്തിനിടെ രണ്ട് ഹൈക്കോടതി ജഡ്ജിമാർക്കും നായയുടെ കടിയേറ്റട്ടുണ്ടായിരുന്നു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്നും കോടതി രേഖപ്പെടുത്തി. നായയുടെ കടി മാത്രമല്ല, അവർ മൂലമുണ്ടാകുന്ന അപകടങ്ങളും ആശങ്കാജനകമായ തോതിൽ വർധിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ തെരുവുനായ ആക്രമണങ്ങൾ കൂടുന്നതായും കോടതി ചൂണ്ടിക്കാട്ടി.

തെരുവുനായ്ക്കൾ കടിക്കാനുള്ള മാനസികാവസ്ഥയിലാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലതെന്നും സുപ്രീം കോടതി കൂട്ടിചേർത്തു. രാജ്യത്തെ തെരുവുനായ്ക്കൾ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യം നിലനിൽക്കുന്നതായി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചിരുന്നു. സംസ്ഥാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വന്ധ്യംകരണവും വാക്സിനേഷനും പൂർത്തിയാക്കിയ തെരുവുനായകളെ ഉടൻ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നും, പിടികൂടുന്ന നായകളെ അവ കണ്ടെത്തിയ സ്ഥലങ്ങളിലേക്ക് തിരികെ വിടരുതെന്നും കോടതി നിർദേശിച്ചു. സംസ്ഥാന-ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കർശനമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, രാജ്യത്തെ തെരുവുനായ്ക്കളുടെ കൃത്യമായ എണ്ണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകളില്ലെന്ന നിലപാടാണ് മൃഗസ്നേഹികൾ കോടതിയിൽ അവതരിപ്പിച്ചത്. പൊതുജന ബോധവൽക്കരണം ശക്തമാക്കിയാൽ തെരുവുനായ ആക്രമണം കുറയ്ക്കാനാകുമെന്നും, കൃഷിയിടങ്ങൾ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാമെന്നുമാണ് അവരുടെ വാദം. എന്നാൽ, അപകടകാരികളായ നായ്ക്കളെ അവയുടെ പെരുമാറ്റം കൊണ്ട് മാത്രം തിരിച്ചറിയാൻ കഴിയില്ലെന്നും, ഇത് റോഡുകളിലെയും തെരുവുകളിലെയും നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ വലിയ വെല്ലുവിളിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

English Summary: Supreme Court says stray dogs threaten public safety and urges strict preventive action, vaccination, sterilization, and proper sheltering.

Related Stories

No stories found.
Madism Digital
madismdigital.com