'തെരുവുനായകൾക്ക് വേണമെങ്കിൽ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുക്കു'; സുപ്രീം കോടതി

തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതിൽ നഗരസഭകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ പരാജയപ്പെട്ടെന്നും കോടതി സൂചിപ്പിച്ചു
'തെരുവുനായകൾക്ക് വേണമെങ്കിൽ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുക്കു'; സുപ്രീം കോടതി
Published on

തെരുവുനായ നിയന്ത്രണത്തിൽ നിലപാടുറപ്പിച്ച് സുപ്രീം കോടതി. തെരുവുകളെ അടക്കി ഭരിച്ച് ഭീതി പടർത്തികൊണ്ടിരിക്കുന്ന നായകൾ കുട്ടികളേയും വയോധികരെയും ആക്രമിക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ, ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സർക്കാരുകൾ ഭീമമായ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ് നൽകി.

നായ്ക്കൾക്ക് തെരുവിൽ ഭക്ഷണം നൽകുന്നവർക്ക് അവയുണ്ടാക്കുന്ന ആക്രമണങ്ങളുടെ കാര്യത്തിലും ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ച് ചൂണ്ടികാണിച്ചു. തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകണമെന്ന് നിർബന്ധമുള്ളവർക്ക് അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണം നൽകാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. പൊതു ഇടങ്ങളിൽ നായ്ക്കൾ അലഞ്ഞു തിരിയുന്നതിലൂടെ ആളുകളെ കടിക്കുന്നതും ഭീതിപടർത്തുന്നതും അനുവദിക്കാനാവുന്നതല്ല. ഒമ്പത് വയസ്സുള്ള ഒരു കുട്ടിയെ നായ ആക്രമിച്ചാൽ ആരാണ് അതിനു മറുപടി പറയുകയെന്നും കോടതി ചോദിച്ചു.

തെരുവുനായ്ക്കളെ കൈകാര്യം ചെയ്യുന്നതിൽ നഗരസഭകൾ ഉൾപ്പെടെയുള്ള തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ പരാജയപ്പെട്ടെന്നും കോടതി സൂചിപ്പിച്ചു. തെരുവുനായ്ക്കളെ പൂർണമായും തെരുവിൽ വിമുക്തമാക്കുവാൻ തങ്ങൾ ഉത്തരവിട്ടിട്ടില്ലെന്നും എന്നാൽ അനിമൽ ബർത്ത് കൺട്രോൾ ചട്ടങ്ങൾ പ്രകാരം കൃത്യമായി പാലിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഈ വിഷയത്തിൽ മൃഗസ്നേഹികളുടെ വാദങ്ങളെ സുപ്രീം കോടതി പരിഹസിച്ചിരുന്നു. തെരുവുനായ ആക്രമണം കുറയ്ക്കാൻ ഇനി നായകൾക്ക് കൗൺസിലിങ് നൽകുന്നത് മാത്രമാണ് പരിഹാരമെന്നായിരുന്നു സുപ്രീം കോടതിയുടെ പരിഹാസം. തെരുവുനായ ആക്രമണം തടയുന്നതിൽ ചികിത്സയെക്കാൾ മുൻകരുതലുകൾക്ക് പ്രാധാന്യമുണ്ടെന്നും, മൃഗങ്ങളുടെ പെരുമാറ്റം മുൻകൂട്ടി വിലയിരുത്താൻ സാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു.

English Summary: The Supreme Court warned states they may have to pay heavy compensation for injuries or deaths caused by stray dog attacks.

Related Stories

No stories found.
Madism Digital
madismdigital.com