

മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള പ്രത്യക്ഷ കടന്നുകയറ്റമെന്നും നിയമസംവിധാനങ്ങളുടെ ദുരുപയോഗമെന്നും ദൽഹി ഹൈക്കോടതി ഇന്നലെ വിശേഷിപ്പിച്ച ന്യൂസ്‌ക്ലിക്കിന് അനുകൂലമായ വിധി, അന്വേഷണ ഏജൻസികളെ രാജ്യത്ത് രാഷ്രീയ ആയുധമാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. നിഷ്പക്ഷമായ മാധ്യമപ്രവർത്തനത്തിനുമേൽ പ്രത്യക്ഷത്തിൽതന്നെ അധികാര ദുരുപയോഗമാണ് ഇഡി നടത്തിയതെന്നാണ് ജസ്റ്റിസ് നീന ബൻസാൽ പ്രധാനമായും നിരീക്ഷിച്ചത്.
വിദേശ ഫണ്ടിംഗ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് വാർത്താ പോർട്ടലായ ന്യൂസ്‌ക്ലിക്കിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും 2020ൽ രജിസ്റ്റർ ചെയ്ത കേസുകൾ പൂർണ്ണമായും റദ്ദാക്കിക്കൊണ്ടായിരുന്നു ദൽഹി ഹൈക്കോടതിയുടെ നിരീക്ഷണം. എഫ്ഐആറിലെ ആരോപണങ്ങൾ പൂർണ്ണമായി അംഗീകരിച്ചാൽ പോലും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406 (വിശ്വാസവഞ്ചന), സെക്ഷൻ 420 (ചതി) എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ കേസിൽ നിലനിൽക്കില്ലെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ വ്യക്തമാക്കി. ഇത്തരമൊരു എഫ്ഐആറുമായി മുന്നോട്ട് പോകുന്നത് നിയമനടപടികളുടെ കടുത്ത ദുരുപയോഗം മാത്രമാണെന്ന് നിരീക്ഷിച്ച കോടതി രണ്ടുകേസുകളും പ്രത്യക്ഷത്തിൽതന്നെ റദ്ദാക്കുകയായിരുന്നു.
ഇഡിയുടെ നടപടികൾ ദുരുദ്ദേശപരമായിരുന്നുവെന്ന് മാത്രമല്ല, ഹർജിക്കാരുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിന് മേലുള്ള ഏകപക്ഷീയമായ ആക്രമണവും അധികാര ദുരുപയോഗവുമാണെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2020 ഓഗസ്റ്റിലാണ് ന്യൂസ്‌ക്ലിക്കിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. യുഎസ് ആസ്ഥാനമായുള്ള വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ്സ് കമ്പനിയിൽ നിന്നും ന്യൂസ്‌ക്ലിക്ക് 9.59 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി കൈപ്പറ്റിയെന്നായിരുന്നു മന്ത്രാലയത്തിന്റെ ആരോപണം. എഫ്ഡിഐ നിയന്ത്രണങ്ങൾ മറികടക്കാനായി ഓഹരികളുടെ മൂല്യം കൃത്രിമമായി വർദ്ധിപ്പിച്ചാണ് ഈ തുക കൈപ്പറ്റിയതെന്നും, ഇതിൽ വലിയൊരു പങ്ക് ശമ്പളം, കൺസൾട്ടൻസി ഫീസ് തുടങ്ങിയ ഇനങ്ങളിലൂടെ വകമാറ്റി ചെലവഴിച്ചതായും ആരോപിച്ചിരുന്നു. ഈ എഫ്ഐആറിന്റെ പകർപ്പ് പിന്നീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ന്യൂസ്‌ക്ലിക്കിന്റെ മാതൃകമ്പനിയായ പിപികെ ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോയുടെ 23.07% ഓഹരികൾക്ക് പകരമായി, മൂന്ന് ഘട്ടങ്ങളിലായി 4.5 ദശലക്ഷം യു.എസ് ഡോളർ നിക്ഷേപിക്കാൻ വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ്സ് സമ്മതിച്ചിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ 1.5 ദശലക്ഷം ഡോളർ 2018ൽ ന്യൂസ്‌ക്ലിക്കിന് ലഭിച്ചു. ഓൺലൈൻ വാർത്താ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് അക്കാലത്ത് പ്രത്യേക അനുമതികൾ ആവശ്യമില്ലായിരുന്നു എന്ന ന്യൂസ്‌ക്ലിക്കിന്റെ വാദം കോടതി ശരിവെച്ചു. ഓൺലൈൻ മാധ്യമങ്ങളിലെ വിദേശ നിക്ഷേപ നയത്തെക്കുറിച്ച് വ്യക്തത തേടി 2017-ൽ ന്യൂസ്‌ക്ലിക്ക് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കത്തയച്ചിരുന്നതും കോടതി നിരീക്ഷിച്ചു.
2018 ഏപ്രിലിൽ ഈ നിക്ഷേപം സ്വീകരിക്കുന്ന സമയത്ത് ഡിജിറ്റൽ വാർത്താ മാധ്യമങ്ങളിലെ വിദേശ നിക്ഷേപത്തിന് യാതൊരുവിധ പരിധിയും ഏർപ്പെടുത്തിയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2018 ജനുവരിയിൽ മന്ത്രാലയം നൽകിയ വിശദീകരണം പരിശോധിച്ച ജസ്റ്റിസ് കൃഷ്ണ, അക്കാലത്ത് ഓൺലൈൻ വാർത്താ പ്രസിദ്ധീകരണങ്ങൾക്ക് നിയന്ത്രണങ്ങൾ ഇല്ലാതിരുന്നതിനാൽ, 20.03.2018ലെ നിക്ഷേപ കരാർ ഒരു നിയമത്തിന്റെയും ലംഘനമല്ലെന്നും അതിൽ ക്രിമിനൽ കുറ്റം നിലനിൽക്കുന്നില്ലെന്നും വ്യക്തമാക്കി. ഓഹരികളുടെ മൂല്യനിർണ്ണയം ഫെമ ചട്ടങ്ങൾക്ക് അനുസൃതമായാണ് നടത്തിയത്. ഇരു കമ്പനികളും തമ്മിലുള്ള ചർച്ചകൾക്കും പരസ്പര തീരുമാനങ്ങൾക്കും ശേഷമാണ് വില നിശ്ചയിച്ചത്. ഇത് തികച്ചും ഒരു സാമ്പത്തിക തീരുമാനം മാത്രമാണെന്നും അതിൽ ക്രിമിനൽ കുറ്റം ആരോപിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലും ധനകാര്യ മന്ത്രാലയവും അംഗീകരിച്ചിട്ടുള്ള ഡിസ്കൗണ്ടഡ് ക്യാഷ് ഫ്ലോ രീതിയിലൂടെയാണ് മൂല്യനിർണ്ണയം നടത്തിയത്. മാധ്യമ സ്ഥാപനം അമിതമായി പണം നൽകുകയോ അമിത ചെലവുകൾ നടത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ പോലും അത് ഒരു ക്രിമിനൽ കുറ്റമാകുന്നില്ലെന്ന് ജഡ്ജി വിധിയിൽ പറഞ്ഞു. അതിനാൽ പണം വകമാറ്റി എന്ന ആരോപണം നിലനിൽക്കില്ല. ഈ വിദേശ നിക്ഷേപം ഓട്ടോമാറ്റിക് റൂട്ട് വഴിയാണ് വന്നതെന്നും, ഓഹരികൾ നൽകുന്നതിലോ ഫെമ ചട്ടങ്ങൾ പ്രകാരം റിപ്പോർട്ട് ചെയ്യുന്നതിലോ യാതൊരു ദുരുദ്ദേശ്യവും ഉണ്ടായിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായും കോടതി കണ്ടെത്തി.
എഫ്ഐആറിലെ കുറ്റങ്ങൾ പരിശോധിച്ച കോടതി, തങ്ങൾ ചതിക്കപ്പെട്ടതായി ഈ കേസിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് കണ്ടെത്തി. വിദേശ നിക്ഷേപകരായ വേൾഡ് വൈഡ് മീഡിയ ഹോൾഡിംഗ്സ് തങ്ങളെ വഞ്ചിച്ചതായോ നിക്ഷേപത്തിനായി നിർബന്ധിച്ചതായോ ഒരിടത്തും ആരോപിച്ചിട്ടില്ല. അന്വേഷണത്തിൽ ആരെങ്കിലും ചതിക്കപ്പെട്ടതായി തെളിഞ്ഞിട്ടില്ലാത്തതിനാൽ ഐപിസി 420 പ്രകാരമുള്ള കുറ്റം നിലനിൽക്കില്ല. കേസിൽ ഐപിസി 406 പ്രകാരമുള്ള ക്രിമിനൽ വിശ്വാസവഞ്ചനയും നിലനിൽക്കില്ല. പണം വെളുപ്പിക്കൽ ആരോപണത്തിൽ അന്വേഷണം തുടരാൻ ഇഡി ആധാരമാക്കിയ ഐപിസി 120B (ക്രിമിനൽ ഗൂഢാലോചന) വകുപ്പും കോടതി തള്ളി. നിയമവിരുദ്ധമായ ലക്ഷ്യങ്ങളോ മാർഗ്ഗങ്ങളോ ഇല്ലാതെ കേവലം ഒരു നിക്ഷേപ കരാറിൽ ഏർപ്പെടുന്നത് ക്രിമിനൽ ഗൂഢാലോചനയാകില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനൽ ഗൂഢാലോചന നടന്നു എന്ന വെറും വാദത്തിനപ്പുറം, പിഎംഎൽഎ സെക്ഷൻ 4 പ്രകാരം ശിക്ഷാർഹമായ കുറ്റം നടന്നുവെന്ന് തെളിയിക്കുന്ന ഒരൊറ്റ സൂചന പോലും ഇഡിയുടെ പക്കലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
English Summary: The Delhi High Court has quashed all cases filed against NewsClick and its editor-in-chief, Prabir Purkayastha, over alleged foreign funding violations, calling the proceedings a “gross abuse of the process of law.” Justice Neena Bansal Krishna ruled that the allegations failed to establish offences of cheating, criminal breach of trust, or conspiracy. The court also dismissed the Enforcement Directorate’s money laundering case, describing it as a mala fide and arbitrary attack on independent journalism. It found that the foreign investment complied with regulations in force at the time and that no investor had claimed to be deceived.