ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ആറു മാസത്തില്‍ താഴെ മാത്രം സമയം ബാക്കിനില്‍ക്കെ, സംസ്ഥാനത്തെ വോട്ട് രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷ കക്ഷികളായ സമാജ്വാദി പാര്‍ട്ടിയും (എസ്പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബിഎസ്പി) യുവാക്കളെയും വനിതാ വോട്ടര്‍മാരെയും തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഇടയിലുള്ള അസംതൃപ്തി പരിഹരിക്കുകയാണ് ഭരണകൂടത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത ആറു മാസത്തിനുള്ളില്‍ ഒരു ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ നിയമന ഉത്തരവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ബിജെപി ഭരണത്തിനിടയില്‍ 9.30 ലക്ഷത്തിലധികം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ സാധിച്ചുവെന്നും അദ്ദേഹം അകാശപ്പെടുന്നു. സര്‍ക്കാര്‍ ജോലികള്‍ക്ക് പുറമേ, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 24,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ വഴി വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരീക്ഷാ ക്രമക്കേടുകള്‍ക്കും നിയമന തടസ്സങ്ങള്‍ക്കും എതിരെ വിദ്യാര്‍ഥികളും യുവാക്കളും പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. പൊലീസ്, ലേഖ്പാല്‍ നിയമന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കും നീറ്റ് ചോര്‍ച്ചയ്ക്കും എതിരെ പ്രയാഗ്രാജിലും ലഖ്നൗവിലുമാണ് പ്രതിഷേധങ്ങള്‍ നടന്നത്.
തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ നടത്തിയ ബിജെപി നടത്തിയ തൊഴില്‍ പ്രഖ്യാപനം ഒരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് ബിഎസ്പി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി വിമര്‍ശിച്ചു. എന്നാല്‍, തൊഴില്‍ നല്‍കുന്നതില്‍ സര്‍ക്കാരിനുള്ള മികച്ച പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണിതെന്ന് ബിജെപി വ്യക്തമാക്കി. സര്‍ക്കാര്‍ ജോലികള്‍ക്ക് പുറമേ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്വകാര്യ നിക്ഷേപങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതായി ചൂണ്ടിക്കാണിച്ച ഭരണകൂടം, സംസ്ഥാനത്ത് നിലവില്‍ 24,000-ത്തിലധികം സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. അതേസമയം, സംവരണ തസ്തികകളിലെ ഒഴിവുകള്‍ നികത്താത്തതും അധ്യാപക നിയമനങ്ങളിലെ അനിശ്ചിതത്വവും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. 17.63 ലക്ഷം കന്നിവോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം യുവാക്കള്‍ സംസ്ഥാനത്തുള്ളതിനാല്‍ ഈ വികാരം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.
ലക്ഷ്യം സ്ത്രീ വോട്ടര്‍മാര്‍
സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാരുടെ 45.46 ശതമാനവും (6.09 കോടി) സ്ത്രീകളാണ്. ഈ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വലിയ പ്രഖ്യാപനങ്ങളാണ് ഓരോ പാര്‍ട്ടിയും നടത്തുന്നത്. 60 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുന്ന 'ലോക്മാതാ അഹില്യഭായി മാതൃശക്തി യാത്ര യോജന', പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായുള്ള 'മിഷന്‍ ശക്തി', '1090 ഹെല്‍പ്പ് ലൈന്‍' തുടങ്ങിയവയാണ് ഭരണകക്ഷികളുടെ വാഗ്ദാനം. ഇതിന് മറുപടിയായി, എസ്പി അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 40,000 രൂപ നല്‍കുന്ന 'സ്ത്രീ സമ്മാന്‍ സമൃദ്ധി യോജന' നടപ്പാക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
പെണ്‍കുട്ടികള്‍ക്ക് ലാപ്‌ടോപ്പ്, സൈക്കിള്‍, സൗജന്യ ബസ് യാത്ര, നിയമസഹായം എന്നിവയും എസ്പി വാഗ്ദാനം ചെയ്യുന്നു. അതേസമയം, വെറും സൗജന്യങ്ങള്‍ കൊണ്ടുമാത്രം കാര്യമില്ലെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും ആത്മാഭിമാനവും ഉറപ്പാക്കുന്ന കൃത്യമായ നയമാണ് ആവശ്യമെന്നും മായാവതി അഭിപ്രായപ്പെട്ടു. ബിജെപി ഭരണത്തില്‍ സ്ത്രീകള്‍ക്ക് അവഗണന മാത്രമാണ് ലഭിച്ചതെന്നും അവര്‍ ആരോപിച്ചു.
2027-ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേമപദ്ധതികളുടെ പേരില്‍ വലിയ മത്സരമാണ് യു.പിയില്‍ നടക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഭരണനേട്ടങ്ങളും തൊഴില്‍ കണക്കുകളും സുരക്ഷാ സംവിധാനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി ജനങ്ങളെ സമീപിക്കുന്നത്. പിന്നാക്ക-ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്ത്രീകളുടെയും ക്ഷേമം മുന്‍നിര്‍ത്തി എസ്പിയും യഥാര്‍ത്ഥ തൊഴിലും സംവരണവും ഉന്നയിച്ച് ബിഎസ്പിയും ജനങ്ങളെ സമീപിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തമാകും.
With less than six months left for the 2027 Uttar Pradesh Assembly elections, political parties are intensifying efforts to win over young and women voters. The BJP government has announced that one lakh young people will receive government appointment letters within six months, while highlighting its employment record and the growth of startups in the state. The opposition, however, has questioned the timing of the announcement and raised issues including vacant reserved posts and uncertainty over teacher recruitment. Women voters, who account for 45.46% of the electorate, are also a key focus, with the BJP and SP promoting welfare and safety measures. As the election approaches, employment, reservations, women’s welfare and social security are expected to become major electoral issues.