

ബറേലി: ഭരണഘടനാ ശിൽപ്പി ഡോ. ഭീം റാവു അംബേദ്കറുടെ ചിത്രം നശിപ്പിച്ച സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഉത്തർ പ്രദേശിലെ മൊറാദാബാദ് ജില്ലയിലെ ബിലാരി പ്രദേശത്തെ അലിയാബാദ് ഗ്രാമത്തിലാണ് സംഭവം. ആർ.എസ്.എസിന്റെ വിദ്യാഭാരതിയുടെ ശാഖയായ സരസ്വതി ശിശു വിദ്യാ മന്ദിറിലെ 42-കാരനായ പ്രിൻസിപ്പലിനെയാണ് വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തത്.
സ്കൂൾ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവംശി, ചുമരിൽ ഒട്ടിച്ചിരുന്ന ഡോ. ഭീംറാവു അംബേദ്കറുടെ ചിത്രം വലിച്ചുകീറിയെന്നും ദലിത് വിദ്യാർഥികൾക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നുമാണ് സംഭവത്തിന് ദൃക്സാക്ഷികളായ ഗ്രാമവാസികൾ പറഞ്ഞത്. ഈ വിവരം അറിഞ്ഞതോടെയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ സംഘം സ്കൂളിൽ കയറി അശോക് കുമാറിനെ ഓടിച്ചിട്ട് മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ, വിദ്യാഭാരതിയുമായി ബന്ധപ്പെട്ട അധ്യാപകരും ആർ.എസ്.എസ് പ്രവർത്തകരും യോഗം ചേർന്ന് ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ അഞ്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ സരസ്വതി ശിശു വിദ്യാ മന്ദിറിൽ നിന്നുള്ളവരല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ സ്കൂൾ പൊലീസ് സംരക്ഷണത്തിലാണ്.
English Summary: A UP school principal was assaulted by minors after allegedly tearing Ambedkar’s photo and insulting Dalit students.