'വന്ദേമാതര'ത്തിനും ആദരസൂചകമായി എഴുന്നേറ്റു നിൽക്കണമെന്ന് കേന്ദ്ര നിർദേശം

വാർത്താ ചിത്രങ്ങളിലോ ഡോക്യുമെന്ററികളിലോ സിനിമയുടെ ഭാഗമായി ഗീതം കേൾപ്പിക്കുമ്പോഴോ എഴുന്നേറ്റ് നിൽക്കണമെന്നില്ല
'വന്ദേമാതര'ത്തിനും ആദരസൂചകമായി എഴുന്നേറ്റു നിൽക്കണമെന്ന് കേന്ദ്ര നിർദേശം
Published on

ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് സമാനമായ ഔദ്യോഗിക പ്രോട്ടോക്കോളുകൾ ദേശീയ ഗീതമായ 'വന്ദേമാതര'ത്തിനും ഇനിമുതല്‍ ബാധകം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിർദേശപ്രകാരം, വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകൾ ഉൾപ്പെടുന്ന മൂന്ന് മിനിറ്റും പത്ത് സെക്കൻ്റും ദൈർഘ്യമുള്ള പതിപ്പാണ് ഇനി മുതൽ ഔദ്യോഗിക ചടങ്ങുകളിൽ ആലപിക്കേണ്ടത്.

'ജനഗണമന'യ്ക്ക് വ്യക്തമായ നിയമങ്ങളും പ്രോട്ടോക്കോളുകളും നിലവിലുണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന് അത്തരത്തിലുള്ള ഔദ്യോഗിക നിബന്ധനകൾ ഉണ്ടായിരുന്നില്ല. ദേശീയ പതാക ഉയർത്തുമ്പോഴും രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും സാന്നിധ്യമുള്ള ഔദ്യോഗിക ചടങ്ങുകളിലും അവരുടെ പ്രസംഗങ്ങൾക്ക് മുൻപും ശേഷവും ഈ ഗീതം ആലപിക്കണമെന്ന് ജനുവരി 28-ന് പുറപ്പെടുവിച്ച 10 പേജുള്ള ഉത്തരവിൽ വ്യക്തമാക്കുന്നത്.

ദേശീയഗീതം ആലപിക്കേണ്ടുന്ന ചടങ്ങുകളെ ആഭ്യന്തര മന്ത്രാലയം മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. സിവിൽ ഇൻവെസ്റ്റിറ്റ്യൂറുകൾ, രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും ഔദ്യോഗിക സന്ദർശനങ്ങൾ, ദേശീയ പതാക പരേഡിനായി കൊണ്ടുവരുന്ന സമയം തുടങ്ങിയവയിൽ ഗീതം കേൾപ്പിക്കണം. സാംസ്കാരിക പരിപാടികളിലും പതാക ഉയർത്തുന്ന ചടങ്ങുകളിലും ഗീതം കേൾപ്പിക്കുന്നതിനൊപ്പം സമൂഹാലാപനവും ചെയ്യണം. സ്കൂളുകളിൽ രാവിലെ വന്ദേമാതരം ആലപിക്കണമെന്നും വിദ്യാർത്ഥികളിൽ ദേശീയ പതാകയോടും ദേശീയഗീതത്തോടും ആദരവ് വളർത്താൻ സ്കൂൾ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം ഉത്തരവിൽ പറയുന്നുണ്ട്.

ദേശീയഗാനവും ദേശീയഗീതവും ഒരുമിച്ച് ആലപിക്കുന്ന അവസരങ്ങളിൽ വന്ദേമാതരത്തിന് മുൻഗണന നൽകണമെന്നും അത് ആദ്യം ആലപിക്കണമെന്നും മന്ത്രാലയം ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. ഗീതം ആലപിക്കുമ്പോഴോ സംപ്രേക്ഷണം ചെയ്യുമ്പോഴോ സദസ്സിലുള്ളവർ എഴുന്നേറ്റു നിന്ന് ആദരവ് പ്രകടിപ്പിക്കണം. എന്നാൽ, വാർത്താ ചിത്രങ്ങളിലോ ഡോക്യുമെന്ററികളിലോ സിനിമയുടെ ഭാഗമായി ഗീതം കേൾപ്പിക്കുമ്പോഴോ എഴുന്നേറ്റ് നിൽക്കണമെന്നില്ല. ഇത് സിനിമയുടെ പ്രദർശനത്തെ തടസ്സപ്പെടുത്താതിരിക്കാനാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബാന്റ് സെറ്റുകളുടെ അകമ്പടിയോടെ വന്ദേമാതരം അവതരിപ്പിക്കുന്ന അവസരങ്ങളിൽ ഗീതം ആരംഭിക്കുന്നതിന് മുൻപായി ഏഴ് താളത്തിലുള്ള ഡ്രം റോൾ ഉണ്ടായിരിക്കണമെന്ന് ഉൾപ്പടെയുള്ള നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം നിഷ്കര്ഷിച്ചിട്ടുണ്ട്. 1870-കളിലെ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജിയാണ് സംസ്‌കൃത മിശ്രമായോട് കൂടി ബംഗാളി ഭാഷയിൽ വന്ദേമാതരം രചിച്ചത്. 1950-ലായിരുന്നു ഈ ഗാനത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചത്.

English Summary: The Indian government has issued official protocols for “Vande Mataram,” mandating standing in respect and defining its use in official events, similar to the national anthem.

Related Stories

No stories found.
Madism Digital
madismdigital.com