

ബോളിവുഡിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള ഓസ്കാർ ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി). എ ആർ റഹ്മാനോട് 'ഘർ വാപസി' (ഹിന്ദു മതത്തിലേക്ക് തിരിച്ചു വരിക) ആവശ്യപ്പെട്ടാണ് വിഎച്ച്പി പ്രതികരിച്ചത്. ബോളിവുഡിൽ വീണ്ടും അവസരങ്ങൾ ലഭിക്കണമെങ്കിൽ ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നാൽ മതി എന്നും, ഒരിക്കൽ ഹിന്ദുവായിരുന്ന റഹ്മാൻ എന്തിനാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ ചോദിച്ചു.
'കഴിഞ്ഞ എട്ടു വർഷമായി, അധികാരഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്, സർഗാത്മകതയില്ലാത്തവരുടെ കൈയിലാണ് അധികാരം. അതിന് വർഗീയ മാനവുമുണ്ടാകാം,' എന്നായിരുന്നു കഴിഞ്ഞ എട്ട് വർഷമായി ബോളീവുഡിലെ തന്റെ അവസരങ്ങൾ കുറയുന്നതിനെ കുറിച്ച് റഹ്മാൻ നടത്തിയ പരാമർശം. ഒപ്പം, മോശം ലക്ഷ്യങ്ങളോടെ ചെയ്യുന്ന സിനിമകളില്‍ താന്‍ സഹകരിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എ ആർ റഹ്മാൻ ഒരു പ്രത്യേക വിഭാഗവുമായി സഖ്യത്തിലായതിന്റെ ഉദാഹരണമാണ് ഈ പ്രസ്താവനയെന്നാണ് ബൻസാൽ ആരോപിക്കുന്നത്. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി നേതാവായിരുന്ന വിഭാഗത്തിന്റെ നേതാവായി എ ആർ റഹ്മാനും മാറിയെന്നും ബൻസാൽ പറഞ്ഞു. ഒരുകാലത്ത് എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളും റഹ്മാനെ ആരാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് അവസരം ലഭിക്കാത്തതിന്റെ കാരണത്തെക്കുറിച്ച് ആത്മപരിശോധന നടത്തുന്നതിനുപകരം, വ്യവസ്ഥയേയും വ്യവസായത്തെയും അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നും ബൻസാൽ പറഞ്ഞു. ഇത്തരം പ്രസ്താവനകൾ രാഷ്ട്രീയക്കാർക്ക് യോജിച്ചതായിരിക്കാമെന്നും പക്ഷേ ഒരു കലാകാരന് യോജിച്ചതല്ലെന്നും ബൻസാൽ കൂട്ടിച്ചേർത്തു.
ബിബിസി ഏഷ്യന്‍ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് എ ആര്‍ റഹ്മാന്‍ അവസരങ്ങള്‍ കുറയുന്നതിനെക്കുറിച്ച് സംസാരിച്ചത്. എ ആര്‍ റഹാമാനെപ്പോലെ ലോകം ആദരിക്കുന്ന, ഓസ്‌കാര്‍ നേടി രാജ്യത്തിന് അഭിമാനമായ സംഗീത സംവിധായകനെ കടന്നാക്രമിച്ച വിഎച്ച്പി നേതാവിനെതിരെ വ്യാപക പ്രതിഷേധമാണ് നിലവിൽ ഉയരുന്നത്.
English Summary: VHP Attacks A.R. Rahman, Urges ‘Ghar Wapsi’ After His Remarks