

തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് വിജയ് സർക്കാർ. ഭൂരിപക്ഷത്തിന് 118 അംഗങ്ങളുടെ പിന്തുണ മാത്രം മതിയെന്നിരിക്കെ 144 വോട്ട് നേടിയാണ് വിശ്വാസ വോട്ടെടുപ്പിൽ സർക്കാർ വിജയം നേടിയത്. എഐഎഡിഎംകെയിൽനിന്ന് വോട്ട് ഒഴുകിയെന്നാണ് ഉയർന്ന ഭൂരിപക്ഷം വ്യക്തമാക്കുന്നത്. ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടെ വിപ്പ് ഭീഷണി അവഗണിച്ചാണ് വിമത അംഗങ്ങൾ വിജയ്‌യെ പിന്തുണച്ചിരിക്കുന്നത്.
234 അംഗ സഭയിൽ 108 സീറ്റാണ് വിജയ്‌യുടെ തമിഴക വെട്രി കഴക(ടിവികെ)ത്തിന് ലഭിച്ചിരുന്നത്. രണ്ടു സീറ്റിൽ വിജയ് ജയിച്ചുവെന്നതിനാൽ സീറ്റ് എണ്ണം 107 ആയി കുറഞ്ഞു. ഇവർക്കൊപ്പം കോൺഗ്രസ്-5, സിപിഎം, മുസ്ലിംലീഗ്, വിസികെ-രണ്ടു വീതം എന്നിവരും അമ്മ മക്കൾ മുന്നേറ്റ കഴഗം അംഗം എസ്. കാമരാജും സർക്കാരിനു നേരത്തെ പിന്തുണ പ്രഖ്യാപിച്ചതോടെ തന്നെ സർക്കാർ ഭൂരിപക്ഷസംഖ്യയ്ക്കു മുകളിൽ എത്തിയിരുന്നു. ഇതിനു പുറമെയാണ് എഐഎഡിഎംകെയിലെ ഒരു വിഭാഗം സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തിരിക്കുന്നത്.
25 വോട്ട് എഐഎഡിഎംകെയിൽനിന്ന് വിജയ് സർക്കാരിനു ലഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. 22 എംഎൽഎമാർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. പട്ടാളി മക്കൾ കക്ഷിയുടെ നാല് അംഗങ്ങളും ബിജെപിയുടെ ഒരാളും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഡിഎംകെ എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വിജയ് സർക്കാരിനെ പിന്തുണയ്ക്കരുതെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി പാർട്ടി എംഎൽഎമാരോട് നിർദേശിച്ചിരുന്നു. പാർട്ടി വിപ്പ് അവർക്ക് ബാധകമാണെന്ന് അദ്ദേഹം എംഎൽഎമാരെ ഓർമിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെ ഒന്നിച്ചു പോരാടി 47 സീറ്റ് നേടിയെന്നും തമിഴ്‌നാട്ടിൽ എംജിആറും അമ്മയും സംഭാവന ചെയ്തതുപോലുള്ള ഭരണം പുനഃസ്ഥാപിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും വിശ്വാസപ്രമേയ ചർച്ചയിൽ സംസാരിച്ച ഇപിഎസ് പറഞ്ഞു.
ടിവികെ തിരഞ്ഞെടുപ്പിൽ വ്യക്തമായ പൊതുജനാഭിപ്രായം നേടുന്നതിൽ പരാജയപ്പെട്ടുവെന്നും അധികാരത്തിൽ തുടരാൻ വോട്ടെടുപ്പിന് ശേഷമുള്ള സഖ്യങ്ങളെയാണ് ആശ്രയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിജയ്‌യെ ഏകദേശം 65 ശതമാനം വോട്ടർമാരും തള്ളിക്കളഞ്ഞതായും മുഖ്യമന്ത്രിക്ക് അടിസ്ഥാനപരമായ സത്യസന്ധതയില്ലെന്നും ഉദയനിധി ആരോപിച്ചു. വിശ്വാസ വോട്ടെടുപ്പ് നടപടിക്രമങ്ങൾക്കിടെ വിജയ് സർക്കാർ കുതിരക്കച്ചവടം നടത്തിയതായി എൻഡിഎ ആരോപിച്ചു.
English summary:
C. Joseph Vijay successfully proved his government’s majority in the Tamil Nadu Assembly by winning the floor test with 144 votes. While only 118 votes were needed, support from allies and a section of AIADMK rebel MLAs helped the TVK-led government secure a comfortable victory. Around 25 AIADMK MLAs reportedly supported the government during the confidence vote.
AIADMK chief Edappadi K. Palaniswami had instructed party MLAs not to support the government, but several members reportedly defied the party whip. The confidence vote has strengthened Vijay’s position in Tamil Nadu politics and boosted the standing of his party, Tamilaga Vettri Kazhagam.