പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ പാചക വാതക ക്ഷാമം, ഉത്പാദനം വർധിപ്പിക്കാൻ റിലയൻസ്

എൽപിജി സിലിണ്ടറുകളിൽ മേൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തും ഗൗരവമേറിയ സാഹചര്യമാണുള്ളതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു
പശ്ചിമേഷ്യൻ യുദ്ധം; ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ പാചക വാതക ക്ഷാമം, ഉത്പാദനം വർധിപ്പിക്കാൻ റിലയൻസ്
Published on

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നു. ക്ഷാമം രൂക്ഷമാകാതിരിക്കാൻ രാജ്യത്തെ എൽപിജിയുടെ ഉൽപാദനം 10 ശതമാനം വർധിപ്പിക്കാൻ മൂന്നംഗ മേൽനോട്ട സമിതിക്ക് രൂപം നൽകാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകളുടെ പ്രവർത്തനമുൾപ്പെടെ വലിയ പ്രതിസന്ധിയിലാണ്. മെനു നിയന്ത്രണം, കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന വിഭവങ്ങൾ, ഇന്ധന ഉപയോഗരീതി, പാചക രീതി എന്നിവയിൽ മാറ്റം വരുത്തുക എന്നിങ്ങനെ നാഷണൽ റസ്റ്റോറൻസ് അതോറിറ്റി ഓഫ് ഇന്ത്യ ഭക്ഷണശാലകൾക്ക് നിർദേശം നൽകി. കൂടാതെ ഗ്യാസിന് പകരം ഇലക്ട്രിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം വർധിപ്പിക്കുക, ഉപഭോക്താക്കളുമായുള്ള കൃത്യമായ ആശയവിനിമയം, ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്നിവയും നിർദേശങ്ങളിൽ ഉൾപ്പെടുന്നു.

ഈ സാഹചര്യം തുടരുകയാണെങ്കിൽ ഹോട്ടലുകൾ പൂട്ടിപ്പോകുന്ന അവസ്ഥയിലെത്തുമെന്ന് എൽപിജി വിതരണ അസോസിയേഷൻ ജനറൽ സെക്രട്ടറി ജി സനൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. നയത്തിൽ മാറ്റം വന്നില്ലെങ്കിൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഹോട്ടലുകൾ കൂട്ടമായി പൂട്ടുന്ന അവസ്ഥയെത്തും. യുദ്ധം തീരുന്നതു വരെ ഇന്ധന പ്രതിസന്ധി തുടരും. അല്ലെങ്കിൽ എൽപിജി കൊണ്ടുവരാനുള്ള ബദൽ സംവിധാനം കേന്ദ്ര സർക്കാർ കണ്ടെത്തണമെന്നും എൽപിജിയും എൽഎൻജിയും നേരിടുന്നത് ഒരേ പ്രതിസന്ധിയാണെന്നും ജി സനൽ കുമാർ പറഞ്ഞു.

പാചക വാതക പ്രതിസന്ധി രൂക്ഷമായതിനു കാരണം ഹോർമുസ് കടലിടുക്ക് അടച്ചതിനേക്കാൾ ഉപരി ഇഷുറൻസ് കമ്പനികൾ കപ്പലുകൾക്ക് ഇൻഷുറൻസ് ചെയ്യുന്നത് നിർത്തലാക്കിയതാണ്. എൽപിജി വിതരണത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് പ്രാധാന്യം നൽകണമെന്നാണ് സംഘടന ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരത്തിൽ എൽപിജി പ്രതിസന്ധി ഇതിനോടകം തുടങ്ങി കഴിഞ്ഞു. പല കടകളിലും പാചകവാതകം കിട്ടുന്നില്ലെന്ന് പരാതികൾ ഉയരുന്നുണ്ട്. എന്നാൽ ഊർജ ലഭ്യത സംബന്ധിച്ച ആശങ്ക വേണ്ടെന്നാണ് കേന്ദ്രസർക്കാർ ഉറപ്പു നൽകുന്നത്.

ബംഗളൂരുവിലടക്കം രാജ്യത്തെ വിവിധ ഹോട്ടലുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നതായി വാർത്തകൾ വരുന്നുണ്ട്. ഹോട്ടലുകൾ പ്രവർത്തനരഹിതമാകുന്നത് സംബന്ധിച്ച് ബം​ഗളൂരു ഹോട്ടൽ അസോസിയേഷൻ പ്രസ്താവനയിറക്കിയിരുന്നു. ഈ തീരുമാനം ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകളെ ബാധിക്കുമെന്നും ക്ഷാമം പരി​ഹരിക്കുന്നതിന് ഉടനടി നടപടി സ്വീകരിക്കണമെന്നും ഹോട്ടൽ അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

എൽപിജി സിലിണ്ടറുകളിൽ മേൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തും ഗൗരവമേറിയ സാഹചര്യമാണുള്ളതെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സിലിണ്ടറുകളുടെ സ്റ്റോക്ക് ഉണ്ടെന്നാണ് ബന്ധപ്പെട്ട കമ്പനികളും ഉദ്യോഗസ്ഥരുമായി സർക്കാർ യോഗം ചേർന്നപ്പോൾ ലഭിച്ച വിവരം. വാണിജ്യ- വ്യവസായ മേഖലകൾക്ക് ആവശ്യമായ സിലിണ്ടറുകളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തുവാനും ഗാർഹിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറുകൾ നൽകാനുമാണ് കേന്ദ്ര സർക്കാർ നിർദേശമെന്നാണ് സിലിണ്ടർ കമ്പനി അധികൃതർ അറിയിച്ചത്. നിലവിലെ പ്രതിസന്ധി ഒഴിവാക്കുന്ന വിധം ഉചിതമായ തീരുമാനം ഉണ്ടാകണമെന്ന ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിന് കത്തെഴുതാൻ യോഗം തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.

എൽപിജി ഉത്പാദനം വർധിപ്പിക്കും; റിലയൻസ്

രാജ്യത്തെ എൽപിജി ഉത്പാദനത്തിൽ വർദ്ധനവ് വരുത്തുമെന്ന് ഉറപ്പ് നൽകി റിലയൻസ്. വാതക ലഭ്യത വർധിപ്പിക്കുന്നത് സംബന്ധിച്ച് അടിയന്തര നടപടികൾ സ്വീകരിച്ചതായും റിലയൻസ് വ്യക്തമാക്കി. അതേസമയം വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക ലഭ്യത കുറയുമെന്ന സൂചന കേന്ദ്രമന്ത്രി ഹർദീപ് സിം​ഗ് പുരി നൽകി. ഗാർഹിക ആവശ്യത്തിനുള്ള വാതകം പൂർണമായും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുന്നതിനോടൊപ്പമാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ളതിൽ 30 ശതമാനം വരെ കുറവ് വന്നേക്കാമെന്ന് മന്ത്രി അറിയിച്ചത്. എൽപിജിയുടെ പൂഴ്ത്തിവയ്പ്പ് തടയുന്നതിനായി അവശ്യവസ്തു നിയമ പ്രകാരം സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് നാവികസേനയുടെ അകമ്പടി നൽകുന്നതും കേന്ദ്രസർക്കാർ പരി​ഗണിക്കുന്നുണ്ട്.

English Summary: The ongoing West Asia conflict is triggering a potential LPG shortage in India. The central government has moved to increase domestic LPG production by 10% and prioritize household supply, while restrictions on commercial cylinders are affecting hotels and restaurants. Reliance has also assured an increase in LPG production to ease the crisis.

Related Stories

No stories found.
Madism Digital
madismdigital.com