പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തില്‍ ധാരണയിലെത്താന്‍ തീവ്ര നയതന്ത്ര ശ്രമങ്ങള്‍. സെപ്റ്റംബര്‍ 12, 13 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി, 11 അംഗരാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നയതന്ത്ര പ്രതിനിധികള്‍ രാത്രിയും പകലുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തെക്കുറിച്ചുള്ള സംയുക്ത നിലപാടിലെ അഭിപ്രായവ്യത്യാസമാണ് നിലവിലെ പ്രധാന പ്രതിസന്ധി. ഇറാന്‍, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാല്‍ പശ്ചിമേഷ്യന്‍ യുദ്ധത്തെക്കുറിച്ചുള്ള നയനിലപാടുകളിലാണ് പ്രധാന തര്‍ക്കം നിലനില്‍ക്കുന്നത്.
ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന്, യുഎഇ ഉള്‍പ്പെടെയുള്ള മേഖലയിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി നടത്തിയിരുന്നു. ഇത് കഴിഞ്ഞ ആറു മാസമായി യുഎഇയും ഇറാനും തമ്മിലുള്ള ബന്ധം വഷളാക്കി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള ഊര്‍ജ്ജ വില കുതിച്ചുയരാന്‍ ഇടയാക്കിയ സാഹചര്യത്തില്‍, പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.
നേതാക്കളുടെ പങ്കാളിത്തം
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ എന്നിവരും പങ്കെടുക്കും എന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ പങ്കെടുത്തതിനാല്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സില്‍വ ഈ യോഗത്തില്‍ പങ്കെടുക്കില്ല. പകരം ഉന്നത പ്രതിനിധി എത്തും. വെള്ളിയാഴ്ച പുടിന്‍, പെസെഷ്‌കിയാന്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രിക്‌സിലെ പുതിയ അംഗങ്ങളായ ഇറാനും യുഎഇക്കും ഇടയില്‍ മധ്യസ്ഥത വഹിച്ച് സംയുക്ത പ്രഖ്യാപനത്തില്‍ എല്ലാവരും ഒപ്പുവെക്കുന്ന സാഹചര്യം സൃഷ്ടിക്കാനാണ് ഇന്ത്യയുടെ ശ്രമം. റഷ്യ, ബ്രസീല്‍, ഈജിപ്ത് എന്നീ രാജ്യങ്ങളും ഈ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. മേയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് യുഎഇ, ഇറാന്‍ മന്ത്രിമാരോട് നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്ന് രണ്ട് ദിവസം നീണ്ട യോഗത്തിന് ശേഷം നയതന്ത്ര ഭിന്നതകള്‍ പരിഹരിക്കാനും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നില്ല. പകരം 'ചെയര്‍ പ്രസ്താവന' മാത്രമാണ് പുറപ്പെടുവിച്ചത്. എന്നാല്‍ ഇത്തവണ സര്‍വ്വസമ്മതമായ ഒരു 'ഡല്‍ഹി പ്രഖ്യാപനം' ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഉദ്യോഗസ്ഥര്‍.
ഉച്ചകോടിയുടെ അജണ്ടയും പ്രമേയവും
'മനുഷ്യത്വം ആദ്യം' എന്ന ആശയത്തിലൂന്നി 'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത' എന്നീ നാല് അജണ്ടയിലൂന്നിയാണ് ഇന്ത്യ ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുക. ഭക്ഷ്യസുരക്ഷ മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയും ഊര്‍ജ്ജ സുരക്ഷ മുതല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വരെയുമുള്ള കാലികപ്രസക്തമായ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചാവിഷയമാകും. 'ആഗോള ഭരണവും ബഹുരാഷ്ട്രവാദത്തിന്റെ ശാക്തീകരണവും' എന്ന വിഷയത്തില്‍ ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കായി നടക്കുന്ന അടച്ചിട്ട മുറിയിലെ സമ്മേളനത്തോടെയാണ് ഉച്ചകോടി ആരംഭിക്കുന്നത്. സ്മാര്‍ട്ട് ഗ്രിഡുകള്‍, ഊര്‍ജ്ജ സംഭരണം, നഗര അടിസ്ഥാന സൗകര്യങ്ങള്‍, എംഎസ്എംഇ സഹകരണ പോര്‍ട്ടല്‍ എന്നിവയിലുള്ള സുപ്രധാന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നു.
2024-ല്‍ ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ, സൗദി അറേബ്യ എന്നിവരെയും 2025-ല്‍ ഇന്തോനേഷ്യയെയും ഉള്‍പ്പെടുത്തി ബ്രിക്‌സ് കൂട്ടായ്മ വിപുലീകരിച്ചു. കഴിഞ്ഞ വര്‍ഷം ബെലാറസ്, ബൊളീവിയ, കസാക്കിസ്ഥാന്‍, ക്യൂബ, മലേഷ്യ, നൈജീരിയ, തായ്ലന്‍ഡ്, ഉഗാണ്ട, ഉസ്ബെക്കിസ്ഥാന്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളും ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളായി മാറി. ലോകജനസംഖ്യയുടെ 49.5 ശതമാനവും ആഗോള ജിഡിപിയുടെ 40 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 26 ശതമാനവും പ്രതിനിധീകരിക്കുന്ന ബ്രിക്‌സ്, ഇന്നത്തെ ആഗോള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള കൂട്ടായ്മയാണ്.
Intense diplomatic efforts are underway ahead of the upcoming BRICS Summit in New Delhi on September 12–13, with member states struggling to reach consensus on a joint declaration over the escalating West Asian conflict. India is seeking to mediate between Iran and the UAE and include proposals for resolving the regional crisis, particularly amid tensions around the Strait of Hormuz and their impact on global energy prices. The summit will bring together leaders including Russian President Vladimir Putin, Chinese President Xi Jinping, Iranian President Masoud Pezeshkian, South African President Cyril Ramaphosa and Indonesian President Prabowo Subianto. India is also expected to push discussions on food and energy security, climate change, economic impacts, smart grids, energy storage and urban infrastructure under the theme “Humanity First.”