കസാക്കിസ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് ചൊവ്വാഴ്ച കുതിച്ചുയർന്ന റഷ്യൻ സോയൂസ് എം എസ്-29 (Soyuz MS-29) പേടകം ഭൂമിയുടെ അന്തരീക്ഷം ഭേദിച്ച് ശൂന്യാകാശത്തിന്റെ അനന്തതയിലേക്ക് കടന്നപ്പോൾ, അത് ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും ഒരു വലിയ അഭിമാനനിമിഷമായി മാറിയിരിക്കുകയാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ യാത്രികനായി എട്ടുമാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജനും മലയാളി വേരുകളുള്ള ഡോ. അനിൽ മേനോൻ. ഭൂമിയിലെ അതിരുകളും വ്യത്യാസങ്ങളും മാഞ്ഞുപോകുന്ന ബഹിരാകാശത്ത്, മനുഷ്യരാശിയുടെ ഭാവിക്ക് ആവശ്യമായ സുപ്രധാനമായ പരീക്ഷണങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകാൻ പോകുന്നത്.
റഷ്യൻ കോസ്മോനോട്ടുകളായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവർക്കൊപ്പമാണ് അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. വിക്ഷേപണം കഴിഞ്ഞ് വെറും മൂന്ന് മണിക്കൂറുകൾക്കുള്ളിൽ (രണ്ട് ഭ്രമണപഥങ്ങൾ പൂർത്തിയാക്കി) പേടകം ഐഎസ്എസ്സിലെ പ്രിചൽ മൊഡ്യൂളുമായി വിജയകരമായി ബന്ധിപ്പിച്ചു.
പേടകത്തിന്റെ വാതിൽ പുലർച്ചെ 1.25ന് തുറന്നതോടെ, നിലവിൽ ബഹിരാകാശ നിലയത്തിലുള്ള എക്സ്പെഡിഷൻ 74 (Expedition 74) അംഗങ്ങളായ ജെസ്സിക്ക മെയർ, ജാക്ക് ഹാത്‌വേ, ക്രിസ് വില്യംസ് (നാസ), സോഫി അഡെനോട്ട് (യൂറോപ്യൻ സ്പേസ് ഏജൻസി), സെർഗെയ് കുഡ്-സ്വെർച്കോവ്, സെർഗെയ് മിക്കായേവ്, ആൻഡ്രി ഫെഡ്യേവ് (റോസ്കോസ്മോസ്) എന്നിവർ പുതിയ യാത്രികരെ സ്വാഗതം ചെയ്തു.
ജൂലൈ 26 ഞായറാഴ്ച വില്യംസ്, കുഡ്-സ്വെർച്കോവ്, മിക്കായേവ് എന്നിവർ തങ്ങളുടെ എട്ടുമാസത്തെ ദൗത്യം അവസാനിപ്പിച്ച് ഭൂമിയിലേക്ക് മടങ്ങുന്നതോടെയാണ് എക്സ്പെഡിഷൻ 75 ആരംഭിക്കുക. 2027 ഏപ്രിൽ വരെ അനിൽ മേനോൻ ബഹിരാകാശത്ത് തുടരും.
"യുഎസ് സ്പേസ് ഫോഴ്സിനെ സേവിക്കാനും നാസയ്ക്കും അന്താരാഷ്ട്ര പങ്കാളികൾക്കും വേണ്ടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്"— വിക്ഷേപണത്തിന് മുൻപായി ഡോ. അനിൽ കുറിച്ച ഈ വാക്കുകളിൽ ഒരു ശാസ്ത്രജ്ഞന്റെ അർപ്പണബോധവും അതിയായ ആവേശവും വ്യക്തമായിരുന്നു.
വെറുമൊരു ബഹിരാകാശ യാത്രയല്ല അനിൽ മേനോന്റേത്. ഭാവിയുടെ സാങ്കേതികവിദ്യയ്ക്ക് പുതിയ മാനങ്ങൾ നൽകുന്ന അതിസങ്കീർണ്ണമായ ഗവേഷണങ്ങളാണ് ഈ എട്ടുമാസങ്ങളിൽ അദ്ദേഹം അവിടെ നടത്തുക. ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റിയിൽ അർധചാലക ക്രിസ്റ്റലുകൾ (semiconductor crystals) വൻതോതിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ അദ്ദേഹം തുടരും. ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടറുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്കും മികച്ച മെഡിക്കൽ ഉപകരണങ്ങൾക്കും ഇത് വലിയ മുതൽക്കൂട്ടാകും.
ഭാവിയിലെ ദീർഘകാല ബഹിരാകാശ യാത്രകളിൽ ഭൂമിയിൽ നിന്നുള്ള മെഡിക്കൽ സഹായമില്ലാതെ തന്നെ ചികിത്സ ഉറപ്പാക്കാൻ ഓഗ്മെന്റഡ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗിച്ചുള്ള അൾട്രാസൗണ്ട് പരിശോധനാ സംവിധാനങ്ങൾ അദ്ദേഹം പരീക്ഷിക്കും. ബഹിരാകാശത്തെ വാസം മനുഷ്യന്റെ രക്തയോട്ടത്തെ എങ്ങനെ ബാധിക്കുന്നുവെന്ന പഠനങ്ങൾക്ക് അദ്ദേഹം സ്വയം വിധേയനാകും. ഇത് ഭാവിയിലെ ബഹിരാകാശ യാത്രികരുടെ സുരക്ഷയ്ക്ക് നിർണ്ണായകമാകും. ഭാരം ഇല്ലാത്ത അവസ്ഥയിൽ വാസ്കുലർ കോശങ്ങളുടെ ത്രീഡി ബയോപ്രിന്റിങ് നടത്തി വാർദ്ധക്യസഹജമായ മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും, ഇതിലൂടെ പുതിയ ചികിത്സാരീതികൾ കണ്ടെത്താനും ദൗത്യം ലക്ഷ്യമിടുന്നു.
ആകാശത്തോളം പോന്ന അഭിമാനം
25 വർഷത്തിലേറെയായി മനുഷ്യന്റെ ബഹിരാകാശത്തെ സ്ഥിരം വിലാസമായ ഐഎസ്എസ്, ഭൂമിയിൽ സാധ്യമല്ലാത്ത പല പരീക്ഷണങ്ങൾക്കും വേദിയാകുന്ന അതുല്യമായ ഒരു ലബോറട്ടറിയാണ്. അവിടെയാണ് ഇപ്പോൾ മെഡിക്കൽ ഡോക്ടറും എഞ്ചിനീയറുമായ അനിൽ മേനോനിലൂടെ നമ്മുടെ അഭിമാനവും തിളങ്ങിനിൽക്കുന്നത്.
ശാസ്ത്രത്തോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ദാഹത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് ഇത്തരം ബഹിരാകാശ ദൗത്യങ്ങൾ. 2027 ഏപ്രിലിൽ പുതിയ ശാസ്ത്രീയ അറിവുകളുമായി ഭൂമിയിലേക്ക് മടങ്ങുന്ന അനിൽ മേനോൻ, വരുംതലമുറയിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്കാണ് ഇപ്പോൾ വലിയൊരു സ്വപ്നം കാണാൻ വഴിതുറന്നിരിക്കുന്നത്. ഇനി ആകാശത്തേക്ക് നോക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം, അവിടെ നക്ഷത്രങ്ങൾക്കിടയിൽ ശൂന്യാകാശത്തിന്റെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശാൻ നമ്മളിലൊരാളുണ്ട്.
Indian-origin NASA astronaut and medical doctor, Dr. Anil Menon, successfully blasted off to the International Space Station (ISS) on Tuesday, July 14, 2026. He launched aboard Russia's Soyuz MS-29 spacecraft from the Baikonur Cosmodrome in Kazakhstan. Menon traveled alongside Roscosmos cosmonauts Pyotr Dubrov and Anna Kikina.The spacecraft executed a flawless two-orbit, three-hour journey, automatically docking with the ISS's Prichal module at 1:52 p.m. EDT.