

ലോകത്തിന്‍റെ ഗതിവികതികളെ നിയന്ത്രിക്കുന്നത് ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സാണ്. എഐ സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചക്കൊപ്പം തന്നെ അതിന്‍റെ ദോഷങ്ങളും ഒരേപോലെ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വാര്‍ത്തയാണ് ഓസ്‌ട്രേലിയയിൽ നിന്നും പുറത്തുവരുന്നത്. ഓപ്പൺഎഐയുടെ എഐ ഏജന്റ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഹെൽത്ത് ഡാറ്റാ പോർട്ടലിൽ അനുമതിയില്ലാതെ പ്രവേശിച്ച സംഭവമാണ് ഇന്‍ര്‍നാഷണല്‍ വാര്‍ത്താലോകത്തെ പ്രധാന ചര്‍ച്ച. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആരോഗ്യരംഗവുമായ ബന്ധപ്പെട്ട പൊതുവായ സ്ഥിതിവിവരക്കണക്കുകളും മെഡിക്കൽ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങളുമാണ് പോർട്ടലിൽ ഉണ്ടായിരുന്നത്. രഹസ്യസ്വഭാവമുള്ള രോഗികളുടെ വിവരങ്ങളോ വ്യക്തിഗത ആരോഗ്യ രേഖകളോ പോർട്ടലിൽ ഉണ്ടായിരുന്നില്ലെന്നാണ് വിശദീകരണം. ഒരു സർക്കാർ വെബ്‌സൈറ്റിലേക്ക് എഐ ഏജന്റ് അനുമതിയില്ലാതെ സ്വതന്ത്രമായി പ്രവേശിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
എഐ ഏജന്റ് എങ്ങനെയാണ് സർക്കാർ പോർട്ടലിൽ പ്രവേശിച്ചതെന്നും എത്രത്തോളം വിവരങ്ങളിലേക്ക് അതിന് പ്രവേശനം ലഭിച്ചെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. സർക്കാർ നെറ്റ്‌വർക്കുകളിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്ന് അൽബനീസ് പറഞ്ഞു.
സംഭവം അംഗീകരിക്കാനാകാത്തതാണെന്നും ഓസ്‌ട്രേലിയ ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓപ്പൺഎഐ ചീഫ് എക്‌സിക്യൂട്ടീവ് സാം ആൾട്ട്മാനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി സർക്കാർ ആശങ്ക അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ അധികൃതരെ അറിയിക്കുന്നതിൽ കമ്പനിക്ക് നേരിട്ട കാലതാമസത്തിലും അൽബനീസ് അതൃപ്തി പ്രകടിപ്പിച്ചു.
കഴിഞ്ഞ ജൂണിലാണ് എഐ ഏജന്റ് പോർട്ടലിൽ പ്രവേശിച്ചതെന്നാണ് വിവരം. എന്നാൽ സംഭവം സംബന്ധിച്ച് സർക്കാർ വൃത്തങ്ങൾ അറിഞ്ഞത് സെപ്റ്റംബർ 10നാണ്. സുരക്ഷാ വീഴ്ച നേരത്തെ കണ്ടെത്തുന്നതിൽ സർക്കാർ സൈബർ സുരക്ഷാ സംവിധാനങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതും അന്വേഷണത്തിൽ പരിശോധിക്കും. യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തിയപ്പോഴാണ് അൽബനീസ് ഇക്കാര്യം പുറത്തുവിട്ടത്.
എഐ ഏജന്റ് മറ്റ് സർക്കാർ പ്ലാറ്റ്‌ഫോമുകളിലേക്കും അനധികൃതമായി പ്രവേശിച്ചിട്ടുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. മൂന്ന് സർക്കാർ വെബ്‌സൈറ്റുകളെ കൂടി സംഭവം ബാധിച്ചിട്ടുണ്ടാകാമെന്നാണ് അൽബനീസ് വ്യക്തമാക്കിയത്. എന്നാൽ ഈ പ്ലാറ്റ്‌ഫോമുകളിൽനിന്ന് സുപ്രധാന വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. സംഭവത്തിന്റെ യഥാർഥ വ്യാപ്തി കണ്ടെത്തുന്നതിനായാണ് കൂടുതൽ പരിശോധനകൾ നടത്തുന്നത്.
രോഗികളുടെ രേഖകളോ മറ്റ് സുപ്രധാന വ്യക്തിഗത വിവരങ്ങളോ ചോർന്നതായി സൂചനകളില്ലെന്നാണ് ഓപ്പൺ എഐയുടെ വിശദീകരണം. പൊതുവായി ലഭ്യമായ ആരോഗ്യ സ്ഥിതിവിവരക്കണക്കുകളിലേക്കാണ് എഐ ഏജന്റിന് പ്രവേശനം ലഭിച്ചതെന്നാണ് കമ്പനിയുടെ നിലപാട്.
എഐ സംവിധാനങ്ങൾ മനുഷ്യരുടെ നിർദേശപ്രകാരം മാത്രമല്ല, സ്വതന്ത്രമായി പ്രവർത്തിക്കുകയും വിവിധ വെബ്‌സൈറ്റുകളുമായും ഓൺലൈൻ സേവനങ്ങളുമായും ഇടപെടുകയും ചെയ്യുന്ന സാഹചര്യത്തിൽ സുരക്ഷാ ആശങ്കകളും വർധിക്കുകയാണ്. അപ്രതീക്ഷിതമായി വെബ് പ്ലാറ്റ്‌ഫോമുകളിലേക്ക് എഐ ടൂളുകൾ പ്രവേശിച്ച സംഭവങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമായാണ് ഓസ്‌ട്രേലിയയിലെ സംഭവം ചർച്ചയാകുന്നത്.
കഴിഞ്ഞ ജൂലൈയിൽ ഓപ്പൺ സോഴ്‌സ് എഐ പ്ലാറ്റ്‌ഫോമായ ഹഗ്ഗിങ് ഫേസുമായി ബന്ധപ്പെട്ട് എഐ ഏജന്റുമാരുടെ അനധികൃത പ്രവേശനം റിപ്പോർട്ട് ചെയ്തതും വലിയ ചർച്ചയായിരുന്നു. ആന്ത്രോപിക്, ഗൂഗിൾ, മെറ്റ തുടങ്ങിയ പ്രമുഖ എഐ കമ്പനികളും തങ്ങളുടെ എഐ സംവിധാനങ്ങൾ അപ്രതീക്ഷിതമായി വിവിധ പ്ലാറ്റ്‌ഫോമുകളുമായി എന്‍റര്‍ ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എഐ ഏജന്റുമാർക്ക് കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ് ലഭിക്കുന്നതോടെ കൃത്യമായ നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വർധിക്കുകയാണെന്ന് മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ശക്തമായ എഐ സംവിധാനങ്ങൾ സൈബർ സുരക്ഷയ്ക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കാമെന്ന മുന്നറിയിപ്പുകളും നേരത്തെ ഉയർന്നിരുന്നു.
എഐ വികസനത്തിന്റെ വേഗത നിയന്ത്രിക്കണമെന്ന ആവശ്യങ്ങളും അതിന്റെ ദീർഘകാല അപകടസാധ്യതകളെക്കുറിച്ചുള്ള ചർച്ചകളും തുടരുന്നതിനിടെയാണ് ഒരു രാജ്യത്തിന്റെ സർക്കാർ വെബ്‌സൈറ്റിലേക്ക് എഐ ഏജന്റ് അനുമതിയില്ലാതെ പ്രവേശിച്ച സംഭവം പുറത്തുവരുന്നത്. ഇതോടെ എഐ ഏജന്റുമാരുടെ നിയന്ത്രണം, സൈബർ സുരക്ഷ, സർക്കാർ സംവിധാനങ്ങളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും സജീവമാവുകയാണ്.
OpenAI’s AI agent accessed an Australian government health data portal without authorization, raising concerns over AI safety and cyber defence. Although no confidential patient information was compromised, this is reportedly the first known instance of an AI agent gaining unauthorized access to a government website. The incident occurred in June but was discovered by the government only on September 10, with investigations also underway into three other government websites.