

ഓസ്ട്രേലിയയിൽ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സ്റ്റിക്കറുകൾ വ്യാപകമാകുന്നു. ന്യൂ സൗത്ത് വെയ്ൽസിലെ ഹണ്ടർ മേഖലയിലുള്ള സെസ്നോക്കിലെ സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങളുടെ പായ്ക്കറ്റുകളിലാണ് അധിക്ഷേപകരമായ സന്ദേശങ്ങളടങ്ങിയ സ്റ്റിക്കറുകൾ പതിച്ചിരിക്കുന്നത്.
തെരുവിൽ തുറസായ സ്ഥലത്തിരുന്ന് വിസർജിക്കുന്ന ഒരു ഇന്ത്യൻ യുവാവിന്റെ ചിത്രമാണ് സ്റ്റിക്കറിലുള്ളത്. ‘ഇതാണോ നിങ്ങളുടെ സംസ്കാരം? ഞങ്ങൾക്കിത് ഇഷ്ടമല്ല’ എന്ന വാചകവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഓസ്ട്രേലിയയിലെ ജനസംഖ്യയുടെ 32 ശതമാനം വിദേശികളാണെന്നും അവരിൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതലെന്നും ചൂണ്ടിക്കാട്ടുന്ന സ്റ്റിക്കറിൽ, ഇന്ത്യക്കാരെ രാജ്യത്തുനിന്ന് തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെടുന്നു.
സംഭവത്തിൽ ഫെഡറൽ എംപി ഡേവിഡ് റെപച്ചോളി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വംശീയ വിദ്വേഷം വളർത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണം തുടരുകയാണ്. ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങളുടെ കവറുകളിൽ പതിച്ച സ്റ്റിക്കറുകളുടെ ചിത്രങ്ങൾ കുടിയേറ്റ വിരുദ്ധ പ്രവർത്തകയായ ബെക് ഫ്രീഡം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സ്റ്റിക്കറുകളിൽ ഉൾപ്പെടുത്തിയ ക്യുആർ കോഡ് സ്കാൻ ചെയ്താൽ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ‘ഫൈറ്റ് ഫോർ ഓസ്ട്രേലിയ’ എന്ന ക്യാംപെയ്നിന്റെ പേജിലെത്തുമെന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ സെസ്നോക്കിലും ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള വംശീയ അധിക്ഷേപ സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടു. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശത്തെ ഫെഡറൽ എംപി ഡേവിഡ് റെപചോളി രംഗത്തെത്തി. വിദ്വേഷവും ഭിന്നിപ്പും വളർത്താനുള്ള ശ്രമങ്ങൾ ഹണ്ടർ മേഖലയിൽ അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.റിപ്പോർട്ടുകൾ പ്രകാരം, തെരുവിൽ മലവിസർജനം നടത്തുന്ന ഇന്ത്യൻ വംശജനെന്ന് തോന്നിക്കുന്ന ഒരാളുടെ ചിത്രത്തോടെയാണ് സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിനൊപ്പം 'ഇതാണോ നിങ്ങളുടെ സംസ്കാരം? ഞങ്ങൾക്കിത് ഇഷ്ടമല്ല!' എന്ന സന്ദേശവും നൽകിയിട്ടുണ്ട്. ഓസ്ട്രേലിയയിലെ ജനസംഖ്യയുടെ 32 ശതമാനവും വിദേശത്ത് ജനിച്ചവരാണെന്ന് സ്റ്റിക്കറുകളിൽ അവകാശപ്പെടുന്നു. ഈ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമതെന്നും അതിൽ പറയുന്നു. കൂടാതെ, 'ഇപ്പോൾ തന്നെ റിമൈഗ്രേഷൻ നടപ്പാക്കുക' എന്ന ആവശ്യവും സ്റ്റിക്കറുകളിലുണ്ട്.
കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കണമെന്ന ആശയത്തെയാണ് ഇവിടെ ‘റിമൈഗ്രേഷൻ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്റ്റിക്കറുകളെ രൂക്ഷമായി വിമർശിച്ച റെപചോളി, അവയെ വെറുപ്പുളവാക്കുന്ന വംശീയ ഉള്ളടക്കമെന്നാണ് വിശേഷിപ്പിച്ചത്. 'ഈ വംശീയ അസംബന്ധങ്ങൾ ഇനി മതിയാക്കണം' എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. സെസ്നോക്കിൽ വംശീയതയ്ക്ക് സ്ഥാനമില്ലെന്നും ഹണ്ടർ മേഖലയിൽ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്വേഷവും ഭിന്നിപ്പും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വിദ്വേഷത്തേക്കാളും ഭിന്നിപ്പിനേക്കാളും മികച്ചവരും ശക്തരുമാണ് നമ്മൾ' എന്നും റെപചോളി പറഞ്ഞു. ഇത്തരം സ്റ്റിക്കറുകൾ ശ്രദ്ധയിൽപ്പെടുന്നവർ അവയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നും അദ്ദേഹം പ്രദേശവാസികളോട് അഭ്യർഥിച്ചു. ഇതിലൂടെ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനും സ്റ്റിക്കറുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സാധിക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് അർഹിക്കുന്നതിലധികം പ്രചാരം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.