അമേരിക്കയില്‍ 'നീല തരംഗം'; ഇരുസഭകളും പിടിച്ചെടുത്ത് ഡെമോക്രാറ്റുകള്‍, ചരിത്രം കുറിച്ച് ഹകീം ജെഫ്രീസും അബ്ദുല്‍ അല്‍ സയീദും

പോളിങ് സര്‍വേകളുടെ പ്രവചനങ്ങളെപ്പോലും അട്ടിമറിച്ചുകൊണ്ട്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത കോട്ടകളായ ഐയോവ, കാന്‍സാസ്, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന, ടെക്‌സസ്, മെയ്ന്‍ എന്നീ സംസ്ഥാനങ്ങളില്‍ അവിശ്വസനീയമായ വിജയമാണ് ഡെമോക്രാറ്റുകള്‍ നേടിയത്
അമേരിക്കയില്‍ 'നീല തരംഗം'; ഇരുസഭകളും പിടിച്ചെടുത്ത് ഡെമോക്രാറ്റുകള്‍, ചരിത്രം കുറിച്ച് ഹകീം ജെഫ്രീസും അബ്ദുല്‍ അല്‍ സയീദും
Published on: 

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. പരമ്പരാഗത റിപ്പബ്ലിക്കന്‍ കോട്ടകളില്‍ പോലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ വന്‍ വിജയം കൊയ്തതോടെ, സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകള്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കും ഭരണത്തിനുമെതിരെ ജനങ്ങള്‍ രേഖപ്പെടുത്തിയ ശക്തമായ പ്രതിഷേധമായാണ് ഈ ഫലം വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 435 സീറ്റുള്ള ജനപ്രതിനിധി സഭയില്‍ 225 സീറ്റിലാണ് ഡെമോക്രാറ്റുകള്‍ വിജയം കണ്ടത്. 25 ഇടത്ത് ലീഡ് ചെയ്യുകയാണ്. 7 സീറ്റുകള്‍ പിടിച്ച് സെനറ്റിന്റെ അധികാരം ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിച്ചു.

തകര്‍ന്ന് വീണ് റിപ്പബ്ലിക്കന്‍ കോട്ടകള്‍

വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി കുത്തകയാക്കിവച്ചിരുന്ന പ്രമുഖ സീറ്റുകള്‍ തിരിച്ചുപിടിച്ചാണ് ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയത്. പോളിങ് സര്‍വേകളുടെ പ്രവചനങ്ങളെപ്പോലും അട്ടിമറിച്ചുകൊണ്ട്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത കോട്ടകളായ ഐയോവ, കാന്‍സാസ്, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന, ടെക്‌സസ്, മെയ്ന്‍ എന്നീ സംസ്ഥാനങ്ങളില്‍ അവിശ്വസനീയമായ വിജയമാണ് ഡെമോക്രാറ്റുകള്‍ നേടിയത്.

പോളിങ് അവസാനിച്ച ഉടന്‍ തന്നെ സെനറ്റ് മത്സരങ്ങളില്‍ ഡെമോക്രാറ്റുകള്‍ മുന്നേറ്റം തുടരുകയും അര്‍ദ്ധരാത്രിക്ക് മുന്‍പ് തന്നെ സെനറ്റില്‍ ഭൂരിപക്ഷം നേടുമെന്ന് അസോസിയേറ്റഡ് പ്രസ് പ്രഖ്യാപിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ജനപ്രതിനിധി സഭയിലും പാര്‍ട്ടി ഭൂരിപക്ഷം ഉറപ്പിച്ചു. ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചതോടെ ട്രംപിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്ക് തടയിടാനുള്ള ശക്തമായ അധികാരം ഡെമോക്രാറ്റുകള്‍ക്ക് കൈവന്നിരിക്കുകയാണ്. ഫ്‌ളോറിഡ ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ സ്വാധീന മേഖലകളില്‍ പോലും കടുത്ത മത്സരമാണ് നിലവിലെ അംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നത്.

അമേരിക്കയില്‍ 'നീല തരംഗം'; ഇരുസഭകളും പിടിച്ചെടുത്ത് ഡെമോക്രാറ്റുകള്‍, ചരിത്രം കുറിച്ച് ഹകീം ജെഫ്രീസും അബ്ദുല്‍ അല്‍ സയീദും
ട്രംപിന് കനത്ത പ്രഹരം; യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ 'ഡെമോക്രാറ്റിക് തരംഗം'; സെനറ്റിലും ഹൗസിലും വന്‍ മുന്നേറ്റം

ടെക്‌സസസില്‍ 38 വര്‍ഷത്തെ റിപ്പബ്ലിക്കന്‍ ഭരണത്തിന് വിരാമമിട്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും പ്രസ്ബിറ്റീരിയന്‍ സെമിനാരി വിദ്യാര്‍ഥിയുമായ ജെയിംസ് തലറിക്കോ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ട്രംപിന്റെയും ഇലോണ്‍ മാസ്‌കിന്റെയും പിന്തുണയുണ്ടായിരുന്ന കണ്‍സര്‍വേറ്റീവ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണെയാണ് തലറിക്കോ പരാജയപ്പെടുത്തിയത്. കൂടാതെ, ഗവര്‍ണര്‍ മത്സരത്തില്‍ ടെക്‌സസിലെ പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവ് ഗ്രെഗ് ആബട്ടിനെ പരാജയപ്പെടുത്തി ജീന ഹിനോജോസ ടെക്‌സസിലെ ആദ്യത്തെ ലാറ്റിന ഗവര്‍ണറായി.

94 വര്‍ഷത്തിന് ശേഷമാണ് കാന്‍സാസില്‍ നിന്ന് ഒരു ഡെമോക്രാറ്റ് സെനറ്റിലേക്ക് എത്തുന്നത്. റിപ്പബ്ലിക്കന്‍ നേതാവ് റോജര്‍ മാര്‍ഷലിനെ അട്ടിമറിച്ച് ആദം ഹാമിള്‍ട്ടണ്‍ ഇവിടെ ചരിത്രവിജയം നേടി. സൗത്ത് കരോളിനയില്‍ 1998-ന് ശേഷം ആദ്യമായി ഡെമോക്രാറ്റുകള്‍ ഇവിടെ വിജയിച്ചു. അന്തരിച്ച ലിന്‍ഡ്‌സെ ഗ്രഹാമിന്റെ സഹോദരിയും ട്രംപിന്റെ സഖ്യകക്ഷിയുമായ ഡാര്‍ലിന്‍ ഗ്രഹാമിനെ തോല്‍പ്പിച്ച് ഡോ. ആനി ആന്‍ഡ്രൂസ് സെനറ്റിലെത്തി. മെയ്‌നില്‍ 30 വര്‍ഷമായി സെനറ്റ് സീറ്റ് കൈവശം വച്ചിരുന്ന റിപ്പബ്ലിക്കന്‍ നേതാവ് സൂസന്‍ കോളിന്‍സിനെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ട്രോയ് ജാക്‌സന്‍ പരാജയപ്പെടുത്തി. ട്രംപ് നിര്‍ദ്ദേശിച്ച മൈക്കല്‍ വാറ്റ്ലിയെ പരാജയപ്പെടുത്തി നോര്‍ത്ത് കരോളിന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി റോയ് കൂപ്പര്‍ സെനറ്റ് സീറ്റ് പിടിച്ചെടുത്തു.

ചരിത്രപരമായ ഹൗസ് സ്പീക്കര്‍ പദവിയിലേക്ക് ഹകീം ജെഫ്രീസ്

ഹൗസിലെ ഭൂരിപക്ഷം തിരിച്ചുപിടിച്ചതോടെ ഡെമോക്രാറ്റിക് നേതാവ് ഹകീം ജെഫ്രീസ് ഹൗസ് സ്പീക്കറാകാന്‍ ഒരുങ്ങുകയാണ്. യു.എസ് ജനപ്രതിനിധി സഭയുടെ 230-ലധികം വര്‍ഷത്തെ ചരിത്രത്തില്‍ ഹൗസ് സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യത്തെ കറുത്തവര്‍ഗക്കാരനാണ് ഹകീം ജെഫ്രീസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പ്രമുഖ നേതാവും ന്യൂയോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗവുമാണ്. 2013 മുതല്‍ യു.എസ് ജനപ്രതിനിധി സഭയില്‍ അംഗമായ അദ്ദേഹം, 2018-ല്‍ ഇരുപാര്‍ട്ടികളുടെയും പിന്തുണയോടെ നടപ്പാക്കിയ 'ഫസ്റ്റ് സ്റ്റെപ്പ് ആക്ട്' ഉള്‍പ്പെടെയുള്ള ക്രിമിനല്‍ ജസ്റ്റിസ് പരിഷ്‌കരണ നിയമങ്ങളുടെ പ്രധാന ശില്‍പികളില്‍ ഒരാളായിരുന്നു.

അമേരിക്കയില്‍ 'നീല തരംഗം'; ഇരുസഭകളും പിടിച്ചെടുത്ത് ഡെമോക്രാറ്റുകള്‍, ചരിത്രം കുറിച്ച് ഹകീം ജെഫ്രീസും അബ്ദുല്‍ അല്‍ സയീദും
ജനാധിപത്യവാദിയാണ് ഞാന്‍ അതിനാല്‍ കുട്ടികള്‍ക്കൊപ്പവുമാണ്

അബ്ദുല്‍ അല്‍ സയീദ്- യുഎസ് സെനറ്റിലെത്തുന്ന ആദ്യ മുസ്‌ലിം

മിഷിഗണില്‍ നിന്ന് ചരിത്ര വിജയം നേടിയിരിക്കുകയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഡോക്ടറുമായ അബ്ദുല്‍ അല്‍ സയീദ്. ഇതോടെ യു.എസ് ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററായി ഈജിപ്ഷ്യന്‍ വംശജനായ അല്‍ സയീദ് മാറി. അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്‌സ് കമ്മിറ്റി (എഐപിഎസി) ഉള്‍പ്പെടെയുള്ള പ്രോ-ഇസ്രായേല്‍ ഗ്രൂപ്പുകള്‍ നടത്തിയ വമ്പന്‍ പ്രചാരണങ്ങളെ അതിജീവിച്ചാണ് അല്‍ സയീദ് വിജയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപില്‍ നിന്ന് ഇദ്ദേഹത്തിന് വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സയീദ് അമേരിക്കയില്‍ ശരീഅത്ത് നിയമം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യത്തോട് കൂറില്ലാത്തയാളാണെന്നും ട്രംപ് ആരോപിച്ചിരുന്നു. സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തെ പരാമര്‍ശിച്ചും സയീദിനെതിരെ ട്രംപ് വിദ്വേഷം ചൊരിഞ്ഞിരുന്നു. അദ്ദേഹത്തിന് മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്നും 'ജിഹാദി' ആണെന്നും ട്രംപ് ആരോപിച്ചു. സയീദ് ജയിക്കുകയാണെങ്കില്‍ ക്യാപിറ്റോളില്‍ പ്രവേശിക്കാന്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന വേണമെന്നും ട്രംപ് അധിക്ഷേപിച്ചിരുന്നു.

ട്രംപിന്റെ നിലപാട് മാറ്റം

തെരഞ്ഞെടുപ്പിന് മുന്നോടിയായി, താന്‍ തന്നെയാണ് ബാലറ്റില്‍ മത്സരിക്കുന്നത് എന്ന് കരുതി വോട്ട് ചെയ്യണമെന്ന് ട്രംപ് അനുഭാവികളോട് ആഹ്വാനം ചെയ്തിരുന്നു. ട്രംപ് നേരിട്ട് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥികള്‍ പ്രമൈറികളില്‍ വിജയിച്ചെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍, പരാജയം വ്യക്തമായതോടെ ട്രംപ് തന്റെ നിലപാട് മാറ്റി. 'ഞാന്‍ ബാലറ്റില്‍ ഉണ്ടായിരുന്നില്ല, ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമായിരുന്നു' എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലും ദി ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലും കുറിച്ചു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് ഫലം സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വോട്ടര്‍മാരെ സ്വാധീനിച്ച ഘടകങ്ങള്‍

ട്രംപ് ഭരണകൂടത്തിന്റെ ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, സാമ്പത്തിക നയങ്ങളിലെ പിഴവുകള്‍, ജനങ്ങള്‍ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുമ്പോള്‍ ഇറാനുമായി നടത്തിയ യുദ്ധം, ടെക്‌സസ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഹിസ്പാനിക് വിഭാഗക്കാര്‍ക്കെതിരെ ഐ.സി.ഇ നടത്തിയ കൂട്ട നാടുകടത്തല്‍ നടപടികള്‍ എന്നിവയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. പോളിങ് സര്‍വേകള്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്നെങ്കിലും ഈ വിജയത്തിന്റെ വ്യാപ്തി പൂര്‍ണ്ണമായി പ്രവചിക്കാന്‍ അവര്‍ക്കായിരുന്നില്ല.

അമേരിക്കയില്‍ 'നീല തരംഗം'; ഇരുസഭകളും പിടിച്ചെടുത്ത് ഡെമോക്രാറ്റുകള്‍, ചരിത്രം കുറിച്ച് ഹകീം ജെഫ്രീസും അബ്ദുല്‍ അല്‍ സയീദും
ആ ശബ്ദം നിലച്ചു: കായിക എഴുത്തുകാരനും നോവലിസ്റ്റും കമന്റേറ്ററുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

അതേസമയം, ഭൂരിപക്ഷം കൈവന്നതോടെ ഡെമോക്രാറ്റുകള്‍ ട്രംപ് ഭരണകൂടത്തിന്റെ ക്രമക്കേടുകള്‍, സാമ്പത്തിക ഇടപാടുകള്‍, നികുതി നയങ്ങള്‍, ഇറാന്‍ യുദ്ധം, നാടുകടത്തല്‍ നടപടികള്‍ എന്നിവയില്‍ ശക്തമായ അന്വേഷണങ്ങളും നിയമനിര്‍മ്മാണ ഇടപെടലുകളും നടത്താന്‍ സാധ്യതയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, കോണ്‍ഗ്രസിന്റെ ഇരുസഭകളിലും നിയന്ത്രണം നഷ്ടപ്പെട്ടതോടെ പുതിയ നിയമങ്ങളും ബജറ്റുകളും പാസാക്കാനും സ്വന്തം അജണ്ടകള്‍ നടപ്പാക്കാനും സാധിക്കാത്തവിധം ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് ഇനി കടുത്ത രാഷ്ട്രീയ വെല്ലുവിളികളും ഭരണപരമായ തടസ്സങ്ങളും നിറഞ്ഞ ദിനങ്ങളായിരിക്കും നേരിടേണ്ടി വരിക.

Summary

Democrats have made significant gains in the 2026 US midterm elections, winning control of both chambers of Congress and dealing a major electoral setback to President Donald Trump and the Republican Party. The results reflect voter dissatisfaction with the Trump administration, particularly over the rising cost of living, economic policies, the war with Iran and immigration enforcement.