"പ്രിയ പ്രധാനമന്ത്രി അംബാനി..."; ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി വൈകുന്നതിൽ അംബാനിയെ പരിഹസിച്ച് മസ്ക്

മസ്കിന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം രം​ഗത്തെത്തി.
"പ്രിയ പ്രധാനമന്ത്രി അംബാനി..."; ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി വൈകുന്നതിൽ അംബാനിയെ പരിഹസിച്ച് മസ്ക്
Published on: 

ഇന്ത്യയിൽ തന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി വൈകുന്നതിൽ രൂക്ഷവിമർശനവുമായി ഇലോൺ മസ്ക്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ 'ഇന്ത്യയുടെ യഥാർത്ഥ അധികാരി' എന്ന് പരിഹസിച്ചുകൊണ്ട് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിപ്പും പങ്കുവെച്ചു. "പ്രിയ പ്രധാനമന്ത്രി അംബാനി, ഇന്ത്യയുടെ യഥാർത്ഥ അധികാരി താങ്കളാണെന്ന് തിരിച്ചറിയാൻ വൈകിയതിൽ ഞാൻ വിനീതമായി ക്ഷമ ചോദിക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്ത് സ്വന്തം കുത്തക നിലനിർത്താനായിരിക്കും താങ്കൾ ആഗ്രഹിക്കുന്നത്. എങ്കിലും സ്റ്റാർലിങ്കിനെയും ഇന്ത്യയിൽ മത്സരിക്കാൻ അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?" എന്നാണ് മസ്കിന്റെ പരിഹാസഭരിതമായ പോസ്റ്റ്.

രാജ്യത്ത് സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നത് ചില പ്രബല വ്യാവസായികളാണെന്ന് ഈ ആഴ്ച ആദ്യം കുറ്റപ്പെടുത്തിയ മസ്ക്, ഈ നടപടിയ ഇന്ത്യൻ ജനതയോടുള്ള കുറ്റകൃത്യം എന്നാണ് വിശേഷിപ്പിച്ചത്. മറ്റ് പല രാജ്യങ്ങളിലുമെന്ന പോലെ ഇന്ത്യയിലും ഇന്റർനെറ്റ് സൗകര്യമെത്താത്ത ഒട്ടേറെ പ്രദേശങ്ങളുണ്ട്. ഇതുവഴി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും ചെറുകിട സംരംഭകർക്ക് വിപണി സാധ്യതകളും നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്ത സമയങ്ങളിൽ പരമ്പരാഗത ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാകുമ്പോൾ സ്റ്റാർലിങ്ക് ജീവൻ രക്ഷിക്കാൻ ഉപകരിക്കുമെന്നും, രാജ്യത്തെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഇത് അനിവാര്യമാണെന്നും മസ്ക് വാദിച്ചു.

എന്നാൽ, മസ്കിന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം രം​ഗത്തെത്തി. രാജ്യത്തെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മേഖലയിലെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും തികച്ചും സുതാര്യവും നീതിയുക്തവുമാണെന്ന് സർക്കാർ വ്യക്തമാക്കി. ഉപയോക്താക്കളുടെയും അവരുടെ വിവരങ്ങളുടെയും സുരക്ഷ മുൻനിർത്തി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ട്.

നിലവിൽ ലൈസൻസുള്ള മൂന്ന് കമ്പനികളുടെയും സുരക്ഷാ പരിശോധനകൾ ഒരേ ഘട്ടത്തിലാണെന്നും, ഈ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ സ്പെക്ട്രം അനുവദിക്കുന്നത് ഉൾപ്പെടെയുള്ള അടുത്ത ഘട്ടങ്ങളിലേക്ക് കടക്കാനാകൂ എന്നും മന്ത്രാലയം വിശദീകരിച്ചു. അതിനാൽ നിലവിലെ ചട്ടങ്ങൾ വിവേചനപരമാണെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സർക്കാർ വ്യക്തമാക്കി.

ഇന്ത്യയിൽ സാറ്റലൈറ്റ് ആശയവിനിമയ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ ജിഎംപിസിഎസ് ലൈസൻസ് നേടിയ സ്ഥാപനങ്ങളിലൊന്നാണ് സ്റ്റാർലിങ്ക്. ഭാരതി ​ഗ്രൂപ്പിന്റെ പിന്തുണയുള്ള യൂട്ടെൽസാറ്റ് വൺവെബ്, റിലയൻസ് ജിയോയുടെ ഉപകമ്പനിയായ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയാണ് ലൈസൻസ് ലഭിച്ച മറ്റ് കമ്പനികൾ.

ഇതിന് പുറമെ, ആമസോണിന്റെ ലിയോ പദ്ധതിയും ലൈസൻസിനായി ശ്രമിക്കുന്നുണ്ട്. മസ്കിന്റെ വാദങ്ങൾ തള്ളി, ഇന്ത്യയിൽ സേവനം തുടങ്ങാനുള്ള അന്തിമ അനുമതികൾക്കായി തങ്ങളുടെ കമ്പനിയും കാത്തിരിക്കുകയാണെന്ന് യൂട്ടെൽസാറ്റ് വൺവെബ് പങ്കാളിയും ഭാരതി എയർടെൽ ചെയർമാനുമായ സുനിൽ ഭാരതി മിത്തൽ വ്യക്തമാക്കിയിരുന്നു.

"പ്രിയ പ്രധാനമന്ത്രി അംബാനി..."; ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി വൈകുന്നതിൽ അംബാനിയെ പരിഹസിച്ച് മസ്ക്
കേരളത്തിലെ സ്പാ വ്യവസായം: കെട്ടറ്റ നിയമങ്ങളും നിയന്ത്രണമില്ലാത്ത വളര്‍ച്ചയും

കഴിഞ്ഞ ജൂലൈയിൽ തങ്ങളുടെ ഉപ​ഗ്രഹ ശൃംഖലയ്ക്കായി ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ അനുമതിയും, നേരത്തെ മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഓപ്പറേറ്റിങ് ലൈസൻസും സ്റ്റാർലിങ്ക് നേടിയിരുന്നു. എന്നിരുന്നാലും, വിദേശ സാറ്റലൈറ്റ് കമ്പനികൾ ഇന്ത്യൻ ഗേറ്റ്‌വേകളെ മറികടന്ന് സേവനം നൽകിയേക്കുമോ എന്ന സുരക്ഷാ ആശങ്ക നിലനിൽക്കുന്നതിനാലാണ് സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാൻ കേന്ദ്രം പച്ചക്കൊടി കാട്ടാത്തതെന്നാണ് റിപ്പോർട്ടുകൾ.

Summary

Elon Musk has escalated his criticism over the delayed launch of his Starlink satellite internet service in India with a sarcastic post on X directed at Reliance Industries Chairman Mukesh Ambani. Calling him "Prime Minister Ambani" and the "real boss of India," Musk mockingly apologized for not realizing Ambani's power. He accused Ambani of trying to maintain a "monopolistic exploitation" of the Indian telecom sector and challenged him to allow Starlink to compete. This exchange comes amid an ongoing debate over how satellite communication spectrum should be allocated in India.

Madism Digital
madismdigital.com