

ട്രംപിന്റെ താരിഫിന് തിരിച്ചടിക്കൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. ഗ്രീൻലൻഡിനെ അമേരിക്കൻ അധീനതിയിലാക്കുന്നതിനെ പിന്തുണയ്ക്കാത്ത യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 10 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ ഈ ഭീഷണിയെ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങൾ. ഈ തീരുമാനം മറ്റൊരു വ്യാപാര യുദ്ധത്തിലേക്കാണ് ലോകത്തെ നയിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ 'താരിഫ്' ഭീഷണിക്ക് നേരെ 'ട്രേഡ് ബസൂക്ക' പ്രയോഗിക്കേണ്ട സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു. ഞായറാഴ്ച ചേർന്ന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. 'ട്രേഡ് ബസൂക്ക' ഉപയോഗിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയൻ വിപണിയിലേക്കുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പ്രവേശനം തടയുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. ചൈനയെ പോലെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യൂറോപ്പിന്റെ വ്യാപാര പ്രതിരോധ നടപടിയാണ് ‘ട്രേഡ് ബസൂക്ക’. യൂറോപ്യൻ യൂണിയൻ പ്രതിനിധികളുടെ ഈ യോഗം പിരിഞ്ഞത് ട്രംപിന്റെ താരിഫ് നടപടികൾക്ക് തിരിച്ചടി നൽകണമെന്ന തീരുമാനത്തിലായിരുന്നു.
നാറ്റോയുടെയും, യൂറോപ്യൻ യൂണിയന്റെയും അംഗമായ ഡെൻമാർക്ക് നിയന്ത്രിക്കുന്ന ഗ്രീൻലൻഡ് കൈവശപ്പെടുത്തുവാനുള്ള അമേരിക്കൻ നയത്തെ യൂറോപ്യൻ നേതാക്കൾ അംഗീകരിക്കാൻ വിമുഖത പ്രകടിപ്പിച്ചായിരുന്നു ട്രംപിനെ ചൊടിപ്പിച്ചത്. തുടർന്ന് തന്റെ നയങ്ങളെ എതിരിക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങളായ ഡെൻമാർക്ക്, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, യുകെ എന്നിവിടങ്ങളിൽ ട്രംപ് താരിഫ് ഏർപ്പെടുത്തുകയായിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് ഫെബ്രുവരി ഒന്ന് മുതൽ 10% താരിഫ് ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം അനുകൂലമായ തീരുമാനത്തിൽ എത്തിയില്ലെങ്കിൽ, താരിഫ് 25% ആയി വർധിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
യൂറോപ്യൻ യൂണിയൻ നേതാക്കൾ വ്യാഴാഴ്ച ബ്രസൽസിൽ നടക്കുന്ന അടിയന്തര ഉച്ചകോടിയിൽ തിരിച്ചടി നൽകുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ ചർച്ച ചെയ്യുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരു മാർഗ്ഗം, 93 ബില്യൺ യൂറോയുടെ (107.7 ബില്യൺ ഡോളർ) യുഎസ് ഇറക്കുമതിയുടെ താരിഫുകളാണ്. മറ്റൊന്നാണ് മാക്രോൺ മുന്നോട്ട് വെച്ച 'ട്രേഡ് ബസൂക്ക'. ആദ്യ നടപടികളായി താരിഫ് ഏർപ്പെടുത്തുന്നതിനാണ് യൂറോപ്യൻ നേതാക്കൾക്കിടയിൽ കൂടുതൽ പിന്തുണ ലഭിച്ചതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ട്രംപിന്റെ ഈ ഭീഷണിയും യൂറോപ്പിന്റെ പ്രതിരോധ നടപടികളും അമേരിക്കയ്ക്കും അവരുടെ ഏറ്റവും വലിയ സഖ്യകക്ഷികൾക്കിടയിലും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാകുന്ന സ്ഥിതിയുണ്ടാക്കുമെന്നാണ് സാമ്പത്തി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
എന്താണ് 'ട്രേഡ് ബസൂക്ക'
'ട്രേഡ് ബസൂക്ക' എന്നറിയപ്പെടുന്ന ആന്റി-കോർഷൻ ഇൻസ്ട്രുമെന്റ് (എസിഐ) യൂറോപ്യൻ യൂണിയന്റെ ഒരു നിയന്ത്രണമാണ്. 2021 ൽ നിർദേശിക്കപ്പെട്ട് 2023 ഡിസംബർ മുതലാണ് ഈ തന്ത്രം പ്രാബല്യത്തിൽ വന്നത്. മൂന്നാം രാജ്യങ്ങളുടെ സാമ്പത്തിക ഭീഷണികളിൽ നിന്ന് യൂറോപ്യൻ യൂണിയനെയും അതിന്റെ അംഗരാജ്യങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ നിയന്ത്രണ നടപടിയുടെ ലക്ഷ്യം. സുരക്ഷാ-വ്യാപാര നയങ്ങൾ സംയോജിപ്പിച്ച്, ഏത് രാജ്യമാണ് ഭീഷണികൾ പ്രയോഗിക്കുന്നത് ആ രാജ്യത്തിന് പിഴകൾ ഏർപ്പെടുത്തി അധിനിവേശ ശ്രമം തടയുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന പ്രതിരോധ സംവിധാനമാണിത് 'ട്രേഡ് ബസൂക്ക'.
English Summary: European nations are preparing strong countermeasures against former US President Donald Trump’s tariff threats, including the possible use of the EU’s “Trade Bazooka” to restrict American imports, raising fears of a new global trade war.