എല്ലാ നിബന്ധനകളും അംഗീകരിക്കില്ല, വീണ്ടും മലക്കംമറിഞ്ഞ് ട്രംപ്; അന്ത്യമില്ലാതെ പശ്ചിമേഷ്യന്‍ പ്രതിസന്ധി

നിബന്ധനകള്‍ ഇറാന് മേല്‍ക്കൈ നല്‍കുന്നതാണെന്ന് ഡമോക്രാറ്റുകളുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് ട്രംപിന്റെ നിലപാട് മാറ്റം
എല്ലാ നിബന്ധനകളും അംഗീകരിക്കില്ല, വീണ്ടും മലക്കംമറിഞ്ഞ് ട്രംപ്; അന്ത്യമില്ലാതെ പശ്ചിമേഷ്യന്‍ പ്രതിസന്ധി
Published on

ഇറാന്‍-അമേരിക്ക അനിശ്ചിതത്വം അനന്തമായി നീളുന്നതിലേക്കാണ് വീണ്ടും കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഇരു രാജ്യങ്ങളും മുന്നോട്ടുവെച്ച ധാരണാപ്രത്രത്തിലെ ചില നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ പുതിയ തീരുമാനമാണ് പശ്ചിമേഷ്യന്‍ ആശങ്കകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നത്. പാകിസ്ഥാൻ മധ്യസ്ഥതയിലും അല്ലാതെയും നടക്കുന്ന സമാധാന ശ്രമങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളിലേയും പ്രതിസന്ധികൾ ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് ട്രംപുതന്നെ പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ ഇന്നലെ സമർപ്പിച്ച ധാരണാ പത്രത്തിലെ നിബന്ധനകള്‍ ഇറാന് മേല്‍ക്കൈ നല്‍കുന്നതാണെന്ന് ഡമോക്രാറ്റിക് വിഭാഗത്തിന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് ട്രംപിന്റെ പുതിയ നിലപാട് മാറ്റം.

എന്നാല്‍ അമേരിക്കയുടെ പുതിയ നിലപാട് മാറ്റം അംഗീകരിക്കില്ലെന്ന് ഇറാന്‍ നിലപാടെടുത്തതോടെ കരാര്‍ രൂപീകരണത്തില്‍ പ്രതിസന്ധി വീണ്ടും തുടരുമെന്നുറപ്പാണ്. ലബനാന്‍ വെടിനിര്‍ത്തലും മരവിപ്പിച്ച സ്വത്തുക്കളുടെ കൈമാറ്റവുമാണ് അമേരിക്ക ഒപ്പിടാന്‍ വിസമ്മതിച്ച രണ്ട് ധാരണകള്‍. ഇറാനുമായുള്ള കരാര്‍ ധൃതിപിടിച്ച് പൂര്‍ത്തിയാക്കരുതെന്ന് പ്രതിനിധി സംഘത്തിന് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കരാറില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ഇറാനുമേലുള്ള ഉപരോധം തുടരുമെന്നും അമേരിക്കന്‍ പ്രസിഡണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ലബനാനിലെ വെടിനിര്‍ത്തലുമായും ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നീട്ടിവെക്കുന്ന വ്യവസ്ഥകള്‍ക്കെതിരെയും നേരത്തെ ഇസ്രായേലും തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. ഈ രണ്ടു വ്യവസ്ഥകളും തങ്ങളുടെ നിലനില്‍പിന് ഭീഷണിയാണെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ നേരിട്ട് അറിയിച്ചിരുന്നത്.

എല്ലാ നിബന്ധനകളും അംഗീകരിക്കില്ല, വീണ്ടും മലക്കംമറിഞ്ഞ് ട്രംപ്; അന്ത്യമില്ലാതെ പശ്ചിമേഷ്യന്‍ പ്രതിസന്ധി
യുഎസുമായുള്ള സമാധാന കരാര്‍ അന്തിമഘട്ടത്തില്‍; പരമോന്നത നേതാവിന്റെ അംഗീകാരം അനിവാര്യമെന്ന് ഇറാന്‍

ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ക്കിടെ ഹോര്‍മൂസ് കടലിടുക്ക് താത്ക്കാലികമായി തുറക്കാന്‍ സാധ്യതയുണ്ടെങ്കിലും കരാര്‍ പൂര്‍ണ്ണാമായി ഒപ്പുവെച്ചാലെ ലോക രാജ്യങ്ങളിലേക്കുള്ള എണ്ണ വ്യാപാരം പഴയപടി പൂര്‍ണ്ണമാകുകയൊള്ളൂ. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച ഇറാന്‍-ഇസ്രായേല്‍-അമേരിക്ക സൈനിക നടപടിക്ക് പിന്നാലെയാണ് ഇറാൻ ഹോര്‍മൂസ് കടലിടുക്ക് അടച്ചത്. ഇതിനെ തുടർന്ന് അമേരിക്ക ഇറാനെതിരെ നാവിക ഉപരോധവും ഏർപ്പെടുത്തിയിരുന്നു.

ആഗോള എണ്ണവിതരണത്തിന്റ 20 ശതമാനത്തോളം ഹോര്‍മുസ് കടലിടുക്കിലൂടെയാണ് നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തര്‍ എന്നീ പ്രധാന ഊര്‍ജ കയറ്റുമതി രാജ്യങ്ങള്‍ ഈ പാതയെ ആശ്രയിച്ചാണ് ലോക വിപണികളിലേക്ക് എണ്ണയും വാതകവും എത്തിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇന്ധനങ്ങള്‍ ലഭ്യമാകാതെ പല രാജ്യങ്ങളും പ്രതിസന്ധിയിലാകുകയും വന്‍തോതില്‍ വില വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

English Summary: Iran–US tensions are rising again after President Donald Trump rejected key conditions in the proposed peace agreement. Iran has also opposed the new US stance, making delays in the deal likely once again. Disputes over the Lebanon ceasefire and frozen assets, along with Israel’s objections, have further complicated the talks. With the Strait of Hormuz still uncertain, global oil supply fears are growing and fuel prices continue to rise worldwide.

Madism Digital
madismdigital.com