

സെർബിയയിൽ 14 വർഷം നീണ്ട വൂചിച്ച് ഭരണത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ് വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെ ഉയർന്നു വന്ന സ്റ്റുഡന്റ് ലിസ്റ്റ് പ്രസ്ഥാനം. സെർബിയയിൽ രണ്ട് വർഷമായി സർക്കാരിനെതിരെ പ്രതിഷേധിച്ചിരുന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന് മുന്നിൽ, തീവ്രവലതുപക്ഷ നേതാവ് അലക്സാണ്ടർ വുചിച്ച് പരാജയം സമ്മതിച്ചിരിക്കുകയാണ്. ഹംഗറിയിൽ വിക്ടർ ഓർബന്റെ ഭരണത്തിന് വിരാമമിട്ട യുവാക്കളുടെ മുന്നേറ്റത്തിന് സമാനമായ ഒരു വിജയമാണ് ഇപ്പോൾ സെർബിയയിലും ഉണ്ടായിരിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ പിന്തുണയോടെ 14 വർഷമായി രാജ്യം ഭരിക്കുകയായിരുന്നു വുചിച്ച്. ഇതുകൊണ്ടുതന്നെ സ്റ്റുഡന്റ് ലിസ്റ്റിന്റെ വിജയം വലിയൊരു രാഷ്ട്രീയ മാറ്റമാണ്. വോട്ടെണ്ണൽ പൂർത്തിയാകും മുമ്പ് തന്നെ, തലസ്ഥാനമായ ബെൽഗ്രേഡിലും മറ്റ് നഗരങ്ങളിലും ജനങ്ങൾ ആഹ്ലാദപ്രകടനങ്ങളുമായി തെരുവിലിറങ്ങിയിട്ടുണ്ട്.
64 ലക്ഷം വോട്ടർമാരുള്ള രാജ്യത്ത് 250 അംഗ പാർലമെന്റിലേക്ക് നടന്ന ശക്തമായ മത്സരത്തിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. വുചിച്ചിന്റെ എസ്എൻഎസ് പാർട്ടിക്ക് 105 സീറ്റുകൾ ലഭിച്ചപ്പോൾ സ്റ്റുഡന്റ്സ് ലിസ്റ്റ് 135 മുതൽ 140 വരെ സീറ്റുകൾ നേടുമെന്ന് വുചിച്ച് തന്നെ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ച വുചിച്ച്, മാധ്യമങ്ങളെയും ചില യൂറോപ്യൻ രാജ്യങ്ങളുടെയും 'അമേരിക്കൻ ഡീപ് സ്റ്റേറ്റിന്റെയും' ഇടപെടലുകളെയാണ് കുറ്റപ്പെടുത്തിയത്.
സ്റ്റുഡന്റ്സ് ലിസ്റ്റിന് 22 ലക്ഷത്തോളം വോട്ടുകൾ ലഭിച്ചപ്പോൾ വുചിച്ചിന്റെ പാർട്ടിക്ക് 17 ലക്ഷത്തോളം വോട്ടുകളാണ് ലഭിച്ചത്. സർക്കാർ സംവിധാനങ്ങൾക്കെതിരെയുള്ള അസംതൃപ്തിയും അഴിമതി ആരോപണങ്ങളും മാധ്യമ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നടത്തിയ സമരങ്ങളാണ് സ്റ്റുഡന്റ്സ് ലിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ. സർവ്വകലാശാലകളിൽ തുടങ്ങിയ പ്രതിഷേധം നഗരങ്ങളിലെ ജനങ്ങളിലേക്കും വ്യാപിച്ചതാണ് തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തിയത്.
നോവി സാഡ് ട്രെയിൻ സ്റ്റേഷനിലെ നിർമ്മാണ അഴിമതിയെത്തുടർന്ന് 16 പേർ മരിച്ച സംഭവമാണ് വുചിച്ചിന്റെ ജനപ്രീതി തകർത്തതും വിദ്യാർത്ഥി പ്രതിഷേധം ശക്തമാക്കിയതും. രണ്ട് വർഷം നീണ്ടുനിന്ന പ്രതിഷേധത്തിൽ ലക്ഷക്കണക്കിന് ആളുകൾ അണിനിരന്നു. തികച്ചും സമാധാനപരമായിരുന്നു ഈ പ്രതിഷേധങ്ങൾ. തിരഞ്ഞെടുപ്പ് നേരത്തേയാക്കാൻ അവർ ഭരണകൂടത്തിന് മേൽ സമ്മർദം ചെലുത്തി. ഒടുവിലത് ഫലം കണ്ടു. അങ്ങനെ, ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തീരുമാനിച്ച തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ ഭരണകർത്താക്കളുമായി.
മറ്റ് രാഷ്ട്രീയ ഗ്രൂപ്പുകളിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് സ്റ്റുഡന്റ്സ് ഗ്രൂപ്പ് മത്സരിച്ചത്. 250 സ്ഥാനാർഥികളായിരുന്നു അവരുടെ പട്ടികയിൽ. ഇതിൽ അധ്യാപകർ, ഡോക്ടർമാർ, മുൻ കായികതാരങ്ങൾ എന്നിവരുൾപ്പടെയുണ്ടായിരുന്നു. വ്യക്തമായ ഒരു ആശയവുമായാണ് ഈ പ്രസ്ഥാനം പ്രചാരണം നടത്തിയത്. ശക്തമായ സ്ഥാപനങ്ങളുടെ നിർമ്മാണവും അഴിമതിയുടെ അവസാനവും അവർ ആവശ്യപ്പെട്ടു. കൂടാതെ, നീതി എന്നത് ഏതാനും ചിലരുടെ മാത്രം പ്രത്യേകാവകാശമല്ലാതാക്കി മാറ്റുന്ന ഒരു രാജ്യത്തെ അവർ വാഗ്ദാനം ചെയ്തു
സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുന്നതിന് പകരം, നിലവിലുള്ള ചില പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരുന്നു. മുൻ പ്രസിഡന്റ് ബോറിസ് ടാഡിച്ച് മുൻപ് നയിച്ചിരുന്ന ഡെമോക്രാറ്റിക് പാർട്ടിയും അതിൽ ഉൾപ്പെടുന്നു. സർക്കാർ വിരുദ്ധ വോട്ടുകൾ ചിതറിപ്പോകാതെ ഒന്നിപ്പിച്ച് നിർത്താൻ ഈ തീരുമാനം ഏറെ സഹായിച്ചു.
സെർബിയക്കാർ വൻതോതിൽ വോട്ടുചെയ്യാനെത്തിയതും വിദ്യാർഥി പ്രസ്ഥാനത്തിന് മുതൽക്കൂട്ടായി. സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന്റെ കണക്കനുപ്രകാരം വൈകിട്ട് 6 മണിയായപ്പോഴേക്കും പോളിംഗ് 64.9 ശതമാനത്തിലെത്തി. 1992-ൽ യൂഗോസ്ലാവിയ വിഭജിക്കപ്പെട്ടതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് നിരക്കാണിത്.
ഏകദേശം 6.5 ദശലക്ഷം (65 ലക്ഷം) ആളുകൾക്ക് വോട്ടവകാശമുണ്ടായിരുന്നു. 18 ഇലക്ടറൽ ലിസ്റ്റുകളിൽ നിന്നാണ് അവർ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത്.
The Student List movement, which emerged from student-led protests, has brought an end to Aleksandar Vučić’s 14-year rule in Serbia. The far-right leader has conceded defeat to the student movement, which has been protesting against the government for the past two years.