സുഡാൻ സൈന്യത്തിന് അനധികൃത ആയുധവിതരണം; എട്ട് പേർക്ക് ജീവപര്യന്തം തടവ് വിധിച്ച് അബുദാബി ഫെഡറൽ അപ്പീൽ കോടതി

യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിച്ച വൻ ആയുധക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിർണായക നടപടി
സുഡാൻ സൈന്യത്തിന് അനധികൃത ആയുധവിതരണം; എട്ട് പേർക്ക് ജീവപര്യന്തം തടവ് വിധിച്ച് അബുദാബി ഫെഡറൽ അപ്പീൽ കോടതി
Published on: 

സുഡാൻ സൈന്യത്തിന് അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും സൈനിക ഉപകരണങ്ങളും എത്തിച്ചുനൽകിയതും കള്ളപ്പണം വെളുപ്പിച്ചതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ എട്ട് പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് അബുദാബി ഫെഡറൽ അപ്പീൽ കോടതി. യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിച്ച വൻ ആയുധക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിർണായക നടപടി. തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതികളെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

വാണിജ്യ സ്ഥാപനങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, വ്യാജ രേഖകൾ, നേരിട്ടുള്ള പണമിടപാടുകൾ എന്നിവ ഉപയോഗിച്ച് നിയമവിരുദ്ധമായി ആയുധങ്ങൾ സുഡാനിലേക്ക് കടത്തിയെന്നാണ് കേസ്. കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച ഫോണുകൾ, ആശയവിനിമയ ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ കണ്ടുകെട്ടാനും കോടതി നിർദേശിച്ചിട്ടുണ്ട്.

റാഷിദ് ഉമർ അബ്ദുൽ ഖാദിർ അലി, സലാഹ് അബ്ദുള്ള മുഹമ്മദ് മുഹമ്മദ് സ്വാലിഹ് എന്ന സലാഹ് ഗോഷ്, അഹമ്മദ് അബ്ദുള്ള എന്ന അബ്ദുള്ള ഖലഫല്ല, അഹമ്മദ് റബീ അഹമ്മദ്, മുഹമ്മദ് ഫത് അൽ ബെക്ക്, യാസിർ അബ്ദുൽ റഹ്മാൻ അൽ അത്ത, ഉസ്മാൻ അൽ സുബൈർ, മഹർ അബ്ദുൽ ജലീൽ എന്നിവരാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.

ഇതിനു പുറമെ, വിവിധ കുറ്റങ്ങളുമായി ബന്ധപ്പെട്ട് റാഷിദ് ഉമർ, സലാഹ് ഗോഷ്, അബ്ദുള്ള ഖലഫല്ല, മഹർ അബ്ദുൽ ജലീൽ, ഉസ്മാൻ ബാബിക്കർ, ഖാലിദ് യൂസഫ് മുഖ്താർ, അഹമ്മദ് ഖലഫല്ല അബ്ദുള്ള എന്നിവർക്ക് മൂന്ന് വർഷം വീതം തടവുശിക്ഷയും വിധിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളിൽ പലർക്കും പിഴ ചുമത്തിയിട്ടുണ്ട്. 10 ലക്ഷം ദിർഹം വീതം പിഴ ഈടാക്കുന്നതിനൊപ്പം പിടിച്ചെടുത്ത ഫണ്ടുകളിൽ നിന്ന് 15.45 ലക്ഷം ദിർഹം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കേസിൽ പ്രതികളായിരുന്ന മുബാറക് അലി അൽ ഷെയ്ഖ്, മുസ്അബ് അവദ് അൽ കരീം ഹസ്സൻ എന്നിവരെ കുറ്റവിമുക്തരാക്കി.

അനധികൃത പണമിടപാടുകൾക്ക് സഹായകമായ ആറ് കമ്പനികൾക്കും കോടതി പിഴ ചുമത്തി. റാഷിദ് ഉമർ ബ്രോക്കറേജ് കമ്പനി, പോർടെക്സ് ട്രേഡ് ലിമിറ്റഡ്, അപൊളാര ഇലക്ട്രോണിക്സ് ട്രേഡിംഗ് കമ്പനി, യെല്ലോ സാന്റ് ട്രേഡിംഗ് കമ്പനി, വർദത്ത് അൽ മസാറ ട്രേഡിംഗ് കമ്പനി, സുഡാമിന - ഫ്രീ സോൺ എന്നിവയ്ക്കാണ് 10 ലക്ഷം ദിർഹം വീതം പിഴ വിധിച്ചത്. കമ്പനികളുടെ ലൈസൻസുകളും രജിസ്ട്രേഷനുകളും റദ്ദാക്കാനും അവയുടെ അക്കൗണ്ടുകളിലുള്ള പണവും ലാഭവിഹിതവും കണ്ടുകെട്ടാനും കോടതി നിർദേശിച്ചു.

ആവശ്യമായ ലൈസൻസുകളോ ഔദ്യോഗിക അനുമതികളോ ഇല്ലാതെയാണ് പ്രതികൾ ആയുധവ്യാപാരം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വെടിയുണ്ടകളെ മെഡിക്കൽ ഉപകരണങ്ങളായി ചിത്രീകരിച്ച് വ്യാജരേഖകൾ തയ്യാറാക്കിയായിരുന്നു ഇവയുടെ നീക്കം. വിമാനമാർഗം പോർട്ട് സുഡാനിലേക്ക് അയക്കുന്നതിനായി ആയുധങ്ങൾ യുഎഇയിലെത്തിക്കുകയും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ രാജ്യത്തിനകത്ത് നടത്തുകയും ചെയ്തുവെന്നാണ് കേസ്.

സുഡാൻ സൈന്യത്തിന് അനധികൃത ആയുധവിതരണം; എട്ട് പേർക്ക് ജീവപര്യന്തം തടവ് വിധിച്ച് അബുദാബി ഫെഡറൽ അപ്പീൽ കോടതി
ദമ്പതികളുടെ വധശിക്ഷ: ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് ബംഗ്ലാദേശ്, സൗദിയിലെ നിയമങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു

ആയുധക്കടത്ത് ശൃംഖലയുടെ പ്രധാന സൂത്രധാരൻ റാഷിദ് ഉമർ അബ്ദുൽ ഖാദിർ അലിയാണെന്നാണ് കോടതി വിലയിരുത്തിയത്. സ്വന്തം കമ്പനിയുടെ മറവിൽ ആയുധവിതരണത്തിന് നേതൃത്വം നൽകിയ ഇയാൾ, മറ്റൊരു പ്രതിയായ മഹർ അബ്ദുൽ ജലീലിൽ നിന്ന് മാത്രം ഏകദേശം 80 ലക്ഷം ദിർഹം നേരിട്ട് പണമായി കൈപ്പറ്റിയതായും കണ്ടെത്തി. സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു വിഭാഗത്തിന് അനുകൂലമായി ആയുധങ്ങൾ എത്തിച്ചുനൽകാനാണ് പ്രതികൾ ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

അന്താരാഷ്ട്ര തലത്തിൽ ആയുധവിതരണത്തിന് നിയന്ത്രണങ്ങൾ നിലനിൽക്കെ, യുഎഇയുടെ സാമ്പത്തിക സംവിധാനങ്ങളും രാജ്യത്തിന്റെ മണ്ണും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചത് ദേശീയ സുരക്ഷയ്ക്കും അന്താരാഷ്ട്ര ബന്ധങ്ങൾക്കും ഭീഷണിയാണെന്നും കോടതി വ്യക്തമാക്കി. വ്യാജരേഖ ചമയ്ക്കൽ, അനധികൃത ആയുധക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ പരിഗണിച്ചാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ചത്. യുഎഇ അറ്റോർണി ജനറൽ ഹമദ് സെയ്ഫ് അൽ ഷംസിയുടെ നിർദേശപ്രകാരമാണ് കേസിലെ നിയമനടപടികൾ മുന്നോട്ടുപോയത്.

Summary

The Abu Dhabi Federal Appeals Court has sentenced eight defendants to life imprisonment for illegally supplying arms to the Sudanese army. The court also ordered their deportation from the UAE after they complete their sentences for crimes including money laundering.