ഹോർമൂസിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ; ഇറാനുമായി നയതന്ത്ര ചർച്ച, എൽപിജി പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കും

എൽപിജി ആഭ്യന്തര ഉൽപാദനം 40 ശതമാനം വർധിപ്പിക്കാൻ സാധിച്ചത് ആശ്വാസകരമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ഹോർമൂസിൽ കുടുങ്ങി ഇന്ത്യൻ കപ്പലുകൾ; ഇറാനുമായി നയതന്ത്ര ചർച്ച, എൽപിജി പ്രതിസന്ധി മറികടക്കാൻ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കും
Published on

ഡൽഹി: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകൾക്കും ചരക്കുകപ്പലുകൾക്കും സുരക്ഷിതമായി മടങ്ങാൻ അനുമതി തേടി ഇന്ത്യ. ഇക്കാര്യത്തിൽ ഇറാനുമായി നയതന്ത്രതല ചർച്ചകൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. 21 ഇന്ത്യൻ കപ്പലുകളിലായി 611 ജീവനക്കാരാണ് നിലവിൽ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത്. ‌നേരത്തെ രണ്ട് എൽപിജി ടാങ്കറുകൾ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നെങ്കിലും കുടുങ്ങി കിടക്കുന്ന എട്ടിലധികം കപ്പലുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തീരുമാനമായിരുന്നില്ല. ആഭ്യന്തര ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇന്ത്യ പ്രശ്നപരിഹാരത്തിന് ചർച്ചകൾ സജീവമാക്കിയിരിക്കുന്നത്.

അതേസമയം പ്രതിസന്ധിക്കിടെ എൽപിജി ആഭ്യന്തര ഉൽപാദനം 40 ശതമാനം വർധിപ്പിക്കാൻ സാധിച്ചത് ആശ്വാസകരമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പൈപ്പ് വഴിയുള്ള പാചകവാതക വിതരണം (PNG) കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും നീക്കമുണ്ട്. പിഎൻജി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര കോട്ടയിൽ നിന്ന് 10 ശതമാനം അധികം എൽപിജി അനുവദിക്കും. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ്, കുവൈറ്റ് കിരീടാവകാശി എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ നീക്കത്തിലെ സുരക്ഷയും സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയതായിട്ടാണ് സൂചന.

അതേസമയം മാനുഷിക പരിഗണന മുന്നിൽകണ്ട് ഇറാനിയൻ റെഡ് ക്രസന്റിന് ഇന്ത്യ മരുന്നുകൾ കൈമാറിയിരുന്നു. ഡൽഹിയിലെ ഇറാൻ എംബസി വഴി നൽകിയ മരുന്നുകൾ ഇറാന്റെ അതിർത്തി രാജ്യങ്ങളിലേക്ക് കൊണ്ടുപോയ ശേഷം റോഡ് മാർഗം റെഡ് ക്രസന്റ് ഇറാനിലെത്തിക്കാനാണ് സാധ്യത. ഇന്ത്യയുടെ സഹായത്തിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചിട്ടുണ്ട്.

English Summary: India is actively negotiating with Iran to secure the safe return of Indian ships stranded in the Strait of Hormuz amid rising fuel concerns. With LPG supply pressures increasing, the government is boosting domestic production and expanding PNG distribution to manage the crisis.

Related Stories

No stories found.
Madism Digital
madismdigital.com